05
Jul 2026
Sun
05 Jul 2026 Sun
ram temple theft

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവം ആര്‍.എസ്.എസിനെ കടുത്ത ആശങ്കയിലാക്കുന്നു. ജൂലൈ 10 മുതല്‍ കര്‍ണാടകയിലെ ബെലഗാവിയില്‍ ആരംഭിക്കുന്ന ആര്‍.എസ്.എസിന്റെ ത്രിദിന വാര്‍ഷിക ‘അഖില്‍ ഭാരതീയ പ്രാന്ത് പ്രചാരക് ബൈഠകി’ല്‍ (സംസ്ഥാന പ്രചാരകന്മാരുടെ യോഗം) ഈ വിഷയം പ്രധാന ചര്‍ച്ചയാകും. സംഘടന നിലവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതെന്നാണ് മുതിര്‍ന്ന ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിലുള്ള സെന്‍സസ് നടപടികള്‍ ഉള്‍പ്പെടെയുള്ള സമകാലിക ദേശീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു യോഗം ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, രാമക്ഷേത്ര വിവാദം ആര്‍.എസ്.എസിന്റെ പൊതുപ്രതിച്ഛായയെ ബാധിച്ചതിനാല്‍ മറ്റ് അജണ്ടകളെ ഇത് നിഴലിലാക്കാന്‍ സാധ്യതയുണ്ടെന്ന് സംഘ് വൃത്തങ്ങള്‍ ‘ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട്’ പറഞ്ഞു. ക്ഷേത്രത്തിന്റെ ചുമതലകളിലുള്ള ചില ആര്‍.എസ്.എസ് ഭാരവാഹികളുടെ ഭാവിയെക്കുറിച്ചും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

‘രാജ്യത്തെ സെന്‍സസ് ഉള്‍പ്പെടെയുള്ള മറ്റ് സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും, രാമക്ഷേത്ര പ്രശ്‌നം എല്ലാവരുടെയും മനസ്സിലുണ്ട്. അതിനെക്കുറിച്ച് വിശദമായി തന്നെ ചര്‍ച്ച ചെയ്യും. ഇത് മുഴുവാന്‍ സംഘപരിവാറിനും മേല്‍ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. മുതിര്‍ന്ന ഭാരവാഹികളും പ്രവര്‍ത്തകരും ഈ വിഷയം ഉന്നയിക്കും. ജനങ്ങള്‍ക്കിടയില്‍ സംഘടനയെക്കുറിച്ച് ഇതൊരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കുന്നുണ്ട്, ആ തകര്‍ച്ച ഉടനടി തടയേണ്ടതുണ്ട്,’ ഒരു മുതിര്‍ന്ന ആര്‍.എസ്.എസ് ഭാരവാഹി പറഞ്ഞു.

ALSO READ: പിണങ്ങിപ്പോയ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ അളിയന്‍ തീക്കൊളുത്തി കൊന്നു; രക്ഷിക്കാന്‍ ശ്രമിച്ച യുവതിയും മരിച്ചു; വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന ‘ഹിന്ദുത്വ ഭീകരത’ ആരോപണങ്ങളേക്കാള്‍ ദോഷകരമാണ് ഇപ്പോഴത്തെ വിവാദമെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ആര്‍.എസ്.എസ് ഭാരവാഹി വിശേഷിപ്പിച്ചത്. ‘യു.പി.എ സര്‍ക്കാര്‍ സംഘിനെതിരെ ഹിന്ദുത്വ ഭീകരവാദ ആരോപണം ഉന്നയിച്ചപ്പോള്‍ ആരും അത് വിശ്വസിച്ചില്ല. അത് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണമായിട്ടാണ് ജനങ്ങള്‍ കണ്ടത്. എന്നാല്‍ ഈ വിവാദം പൊതുജനങ്ങള്‍ക്കിടയിലെ നമ്മുടെ പ്രതിച്ഛായയെ സാരമായി ബാധിക്കുന്നുണ്ട്. രാമക്ഷേത്രവും സംഘും ഒന്നാണെന്നാണ് ജനങ്ങള്‍ കരുതുന്നത്. സാമ്പത്തിക ക്രമക്കേടില്‍ ആര്‍.എസ്.എസില്‍ നിന്നുള്ള ആര്‍ക്കും പങ്കില്ലെങ്കില്‍ പോലും, ഈ വിവാദത്തില്‍ നിന്ന് അത്ര പെട്ടെന്ന് ഒഴിഞ്ഞുമാറാന്‍ സംഘടനയ്ക്ക് കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് ഈ വാര്‍ഷിക യോഗം?

ജൂലൈ 10 മുതല്‍ 12 വരെ ബെലഗാവിയില്‍ നടക്കുന്ന ‘അഖില്‍ ഭാരതീയ പ്രാന്ത് പ്രചാരക് ബൈഠക്’ ആര്‍.എസ്.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഘടനാ യോഗങ്ങളില്‍ ഒന്നാണ്.

രാജ്യത്തെ 11 സംഘടനാ മേഖലകളില്‍ നിന്നും 46 പ്രവിശ്യകളില്‍ നിന്നുമുള്ള പ്രാന്ത് പ്രചാരക് (സംസ്ഥാന ഇന്‍-ചാര്‍ജുമാര്‍), സഹ പ്രാന്ത് പ്രചാരക്, ക്ഷേത്ര പ്രചാരക് (മേഖലാ ഇന്‍-ചാര്‍ജുമാര്‍) എന്നിവരും ആര്‍.എസ്.എസ് ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 32 പോഷക സംഘടനകളുടെ അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരും ഇതില്‍ പങ്കെടുക്കും. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് (ജനറല്‍ സെക്രട്ടറി) ദത്തത്രേയ ഹൊസബാളെ, സഹ സര്‍കാര്യവാഹകന്മാര്‍, സംഘടനയുടെ പരമോന്നത സമിതി അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. സംഘടനയുടെ നൂറാം വര്‍ഷത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തന വിപുലീകരണവും പരിശീലന പരിപാടികളും വിലയിരുത്തുന്നതിനൊപ്പം സെന്‍സസ് ഉള്‍പ്പെടെയുള്ള ദേശീയ സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.

പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍

ആരോപണങ്ങള്‍ ഉയര്‍ന്ന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ആര്‍.എസ്.എസ് ഈ വിഷയത്തില്‍ ആദ്യമായി ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ട സംഭവം സമൂഹത്തിന്റെയും രാമഭക്തരുടെയും വികാരങ്ങളെയും വിശ്വാസത്തെയും ആഴത്തില്‍ മുറിപ്പെടുത്തിയെന്നും സംഘടനയ്ക്ക് ഇതില്‍ കടുത്ത വേദനയും രോഷവുമുണ്ടെന്നും ഹൊസബാളെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ത്ഥനപ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രസ്റ്റ് ഈ സംഭവത്തെ അസാധാരണമായ കാര്യമായി കാണണമെന്നും ക്ഷേത്ര ഭരണത്തിലെ പോരായ്മകള്‍ പരിഹരിച്ച് ഭക്തരുടെ വിശ്വാസം സംരക്ഷിക്കണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.

നിലവിലെ ആശയക്കുഴപ്പങ്ങള്‍ അവസാനിപ്പിക്കാന്‍ ക്ഷേത്ര ഭരണസമിതിയും എസ്.ഐ.ടിയും സുതാര്യമായ സാമ്പത്തിക മാനേജ്മെന്റിലൂടെയും കാര്യക്ഷമമായ ഭരണസംവിധാനത്തിലൂടെയും ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടു. അതേസമയം, ഹൈന്ദവ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ‘ഹൈന്ദവവിരുദ്ധ, രാജ്യവിരുദ്ധ ശക്തികള്‍ക്ക്’ ഈ വിവാദം ആയുധമാക്കിക്കൊടുക്കരുതെന്നും ഭക്തര്‍ ദീര്‍ഘവീക്ഷണത്തോടെയും സംയമനത്തോടെയും ഇരിക്കണമെന്നും ആര്‍.എസ്.എസ് അഭ്യര്‍ത്ഥിച്ചു.

സംഭാവനപ്പെട്ടികളില്‍ നിന്ന് പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ട്രസ്റ്റ് തന്നെയാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ യു.പി സര്‍ക്കാര്‍ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചു. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായ്ക്കെതിരെ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പ്രശ്‌നം സംഘപരിവാറിനുള്ളില്‍ വലിയ ചര്‍ച്ചയായത്. ഇതോടെയാണ് പരസ്യമായി അന്വേഷണത്തെ പിന്തുണയ്ക്കാനും ക്ഷേത്ര ഭരണത്തില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടാനും ആര്‍.എസ്.എസ് നേതൃത്വം നിര്‍ബന്ധിതരായത്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രതീകമായി രാമക്ഷേത്രം മാറിയ സാഹചര്യത്തില്‍, ഈ വിവാദം വെറുമൊരു ക്രിമിനല്‍ അന്വേഷണത്തിനപ്പുറം സംഘടനയുടെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ സമ്മതിക്കുന്നു. ബെലഗാവി യോഗത്തില്‍ നിയമപരവും ഭരണപരവുമായ നടപടികള്‍ക്കൊപ്പം, വിവാദം മൂലമുണ്ടായ പ്രതിച്ഛായ നഷ്ടം എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചും ആഴത്തിലുള്ള ആലോചനകള്‍ ഉണ്ടാകും.

Why the Ram Temple ‘theft’ controversy has RSS concerned