14
Jul 2026
Mon
14 Jul 2026 Mon
The Tu-214PU is designed to function even in high-threat environments

മധ്യേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ റഷ്യയുടെ ഏറ്റവും സുരക്ഷിതമായ ആകാശക്കമാന്‍ഡ് വിമാനങ്ങളിലൊന്ന് (Airborne Command Aircraft) ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെത്തി. ഫ്‌ലൈറ്റ് ട്രാക്കിങ് ഡാറ്റ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ ഭരണകൂടത്തിന്റെ പറക്കുന്ന കമാന്‍ഡ് പോസ്റ്റായി പ്രവര്‍ത്തിക്കുന്ന ‘Tu-214PU’ എന്ന സവിശേഷ വിമാനമാണ് ഇറാനിലെത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഈ നിര്‍ണ്ണായക നീക്കം. യു.എസ് സൈന്യം ഇറാന്റെ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം കടുപ്പിക്കുകയും ഇറാന്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, ഈ വിമാനത്തിന്റെ വരവ് വലിയ ഭൗമരാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

എന്താണ് Tu-214PU? എന്തുകൊണ്ട് ഇത് ‘ഡൂംസ്ഡേ’ വിമാനമാകുന്നു?

റഷ്യന്‍ ഭരണാധികാരികളുടെയും ഉയര്‍ന്ന സൈനിക മേധാവികളുടെയും യാത്രകള്‍ക്കായി ഉപയോഗിക്കുന്ന ‘റോസിയ സ്‌പെഷ്യല്‍ ഫ്‌ലൈറ്റ് സ്‌ക്വാഡ്രന്‍’ ആണ് ഈ വിമാനം നിയന്ത്രിക്കുന്നത്. ഇതൊരു സാധാരണ വിഐപി വിമാനമല്ല. അങ്ങേയറ്റം സുരക്ഷിതവും എന്‍ക്രിപ്റ്റ് ചെയ്തതുമായ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ഒരു തരത്തിലും ഈ വിമാനത്തില്‍ നിന്നുള്ള ആശയ വിനിമയം ചോര്‍ത്താന്‍ കഴിയില്ല. തത്സമയ ഡാറ്റാ ലിങ്കുകള്‍, യുദ്ധകാലത്തോ സമാനമായ കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലോ രാജ്യത്തെ സൈനിക-ഭരണ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ ഈ വിമാനത്തിലുണ്ട്.

ALSO READ: അലി ഖാംനഇയുടെ വിലാപയാത്രയിലെ ആ ‘മുഖംമൂടി മനുഷ്യന്‍’ ആര്? ഒടുവില്‍ നിഗൂഢത നീങ്ങി

ഏറ്റവും ഉയര്‍ന്ന സുരക്ഷാഭീഷണിയുള്ള അന്തരീക്ഷത്തിലും തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ തക്കവണ്ണമാണ് ഇതിന്റെ രൂപകല്‍പ്പന. അതുകൊണ്ടാണ് ഇതിനെ റഷ്യയുടെ ‘ഡൂംസ്ഡേ’ (ലോകാവസാന) വിമാനം എന്ന് വിശേഷിപ്പിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള കടുത്ത സൈനിക സമ്മര്‍ദ്ദത്തിനിടയില്‍ ഈ വിമാനം ടെഹ്റാനിലെത്തിയത് മോസ്‌കോയും ടെഹ്റാനും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകളുടെയും സൈനിക-സാങ്കേതിക സഹകരണത്തിന്റെയും ഇന്റലിജന്‍സ് പങ്കുവെക്കലിന്റെയും ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സോവിയറ്റ് കാലഘട്ടത്തില്‍ രൂപകല്‍പ്പന ചെയ്ത Tu-204 യാത്രാവിമാനത്തിന്റെ പരിഷ്‌കരിച്ച രൂപമായ Tu-214-നെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 1989-ല്‍ ആദ്യമായി പറന്ന ഈ ഇരട്ട എഞ്ചിന്‍ വിമാനം, കാലപ്പഴക്കം ചെന്ന Tu-154 വിമാനങ്ങള്‍ക്ക് പകരമായാണ് സര്‍വീസിലിറക്കിയത്. തുടര്‍ന്ന് കാര്‍ഗോ വിമാനങ്ങളായും നിരീക്ഷണ പ്ലാറ്റ്ഫോമുകളായും ഈ മോഡല്‍ മാറ്റിയെടുക്കുകയായിരുന്നു. അതില്‍ ഏറ്റവും ആധുനികമായ പതിപ്പാണ് ഇപ്പോള്‍ ഇറാനിലെത്തിയിരിക്കുന്ന Tu-214PU.

മേഖലയില്‍ യുദ്ധം പടരുന്നു

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ട്, ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ കേന്ദ്രങ്ങള്‍, ഡ്രോണ്‍ താവളങ്ങള്‍ എന്നിവയ്ക്ക് നേരെ അമേരിക്ക പുതിയ റൗണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ ഈ ജലപാത തങ്ങളുടെ പരമാധികാര പരിധിയില്‍ വരുന്നതാണെന്നും വിദേശ ഇടപെടലുകള്‍ അനുവദിക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്.

ALSO READ: ഇറാന്‍ സൈനിക ശേഷി തകര്‍ക്കുക ലക്ഷ്യം; വീണ്ടും ശക്തമായ ആക്രമണവുമായി അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് പൂര്‍ണമായും അടച്ചു

അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി തുടങ്ങിയതോടെ ബഹ്റൈനിലും കുവൈറ്റിലും മിസൈല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ മുഴങ്ങി. തങ്ങളുടെ ആകാശപരിധി ലംഘിച്ചെത്തിയ ഇറാനിയന്‍ മിസൈലുകള്‍ ജോര്‍ദാന്‍ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Russia sends ‘doomsday’ aircraft (Tupolev Tu-214PU) to Iran