ന്യൂയോർക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ആരാധകരെ ആവേശക്കൊടുമുടിയിലേറ്റാൻ ലോകകപ്പ് സമാപന ചടങ്ങിന്റെ (Closing Ceremony) വിവരങ്ങൾ ഫിഫ പുറത്തുവിട്ടു. ജൂലൈ 19 ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ വെച്ച് ഫൈനൽ മത്സരത്തിന് മുന്നോടിയായാണ് സമാപന ചടങ്ങുകൾ നടക്കുക.
|
മൂന്ന് ആതിഥേയ രാജ്യങ്ങളിലായി 16 നഗരങ്ങളിൽ 48 ടീമുകൾ മാറ്റുരച്ച മറക്കാനാകാത്ത ഈ ലോകകപ്പ് യാത്രയുടെ ആഘോഷമായിരിക്കും സമാപന ചടങ്ങ്. പ്രശസ്ത നിർമ്മാണ കമ്പനിയായ ‘ബാലിച്ച് വണ്ടർ സ്റ്റുഡിയോ’യുമായി (Balich Wonder Studio) സഹകരിച്ചാണ് ഈ ദൃശ്യവിരുന്ന് ഒരുക്കുന്നത്.
വിനോദലോകത്തെ വമ്പന്മാർ അണിനിരക്കുന്ന സ്റ്റാർ ഷോ

സംഗീത-വിനോദ മേഖലയിലെ ലോകത്തെ ഏറ്റവും വലിയ താരങ്ങളാണ് സമാപന ചടങ്ങിൽ അണിനിരക്കുന്നത്:
-
റോബി വില്യംസ് (Robby Williams), ലോറ പൗസിനി (Laura Pausini), നിക്കോൾ ഷെർസിംഗർ (Nicole Scherzinger), യൂട്യൂബ് താരം ഐഷോസ്പീഡ് (IShowSpeed) എന്നിവർ വേദിയിൽ ലൈവ് പെർഫോമൻസുമായി എത്തും.
-
ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസിന്റെ (Tom Cruise) പ്രത്യേക സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടും വരും ദിവസങ്ങളിൽ കൂടുതൽ കലാകാരന്മാരെ പ്രഖ്യാപിക്കുമെന്നും ഫിഫ അറിയിച്ചു.
-
ദേശീയ ഗാനം ആലപിക്കാൻ ജെനിഫർ ഹഡ്സൺ: ലോകത്തെ ഏറ്റവും പ്രശസ്തരായ ഗായികമാരിലൊരാളും എമ്മി, ഗ്രാമി, ഓസ്‌കാർ, ടോണി (EGOT) പുരസ്കാര ജേതാവുമായ ജെനിഫർ ഹഡ്സൺ ആയിരിക്കും ഫൈനലിന് തൊട്ടുമുൻപ് അമേരിക്കൻ ദേശീയഗാനം ആലപിക്കുക.
ആരാധകർ നേരത്തെ എത്തണം; പ്രത്യേക നിർദ്ദേശവുമായി ഫിഫ
കാനഡയിലും മെക്സിക്കോയിലും അമേരിക്കയിലുമായി ലോകത്തെ വരവേറ്റ ഉദ്ഘാടന ചടങ്ങിന്റെ അതേ ഊർജ്ജത്തോടെ, സംഗീതവും സംസ്കാരവും ഫുട്ബോളും കോർത്തിണക്കിയാണ് സമാപന ചടങ്ങ് ഒരുക്കുന്നതെന്ന് ലോകകപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹെയ്മോ ഷിർഗി പറഞ്ഞു.
സ്റ്റേഡിയത്തിലുള്ള കാണികൾക്കും ഈ ഷോയിൽ സജീവ പങ്കാളികളാകാൻ അവസരമുണ്ട്. അതിനാൽ ആരാധകർ നേരത്തെ തന്നെ സ്റ്റേഡിയത്തിൽ പ്രവേശിക്കണമെന്ന് ഫിഫ നിർദ്ദേശിച്ചു.
-
ചടങ്ങ് ആരംഭിക്കുന്നത്: പ്രാദേശിക സമയം ഉച്ചയ്ക്ക് 01:30-ന് (മത്സരം ആരംഭിക്കുന്നതിന് 90 മിനിറ്റ് മുൻപ്).
-
ഗേറ്റുകൾ തുറക്കുന്നത്: രാവിലെ 11:00 മണിക്ക് (മത്സരത്തിന് 4 മണിക്കൂർ മുൻപ്).
ആരാധകർക്കായി വിനോദ പരിപാടികളും പ്രത്യേക സമ്മാനങ്ങളും ഉൾപ്പെടെയുള്ള വലിയൊരു അനുഭവമായിരിക്കും സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്.
Fifa world cup final closing ceremony



