രാജ്യാന്തര മാതൃകയിൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ രീതിയിൽ മാറ്റം വരുത്തി ഗതാഗത വകുപ്പ്. ലൈസൻസ് നേടുന്നതിനായി ഇനി ഒരു പരീക്ഷ കൂടി വിജയിക്കണം. റോഡിലുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും തടസ്സങ്ങളും മുൻകൂട്ടി തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്ന ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് ആണിത്. ഡിസംബർ 1 മുതൽ ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് ഡ്രൈവിങ് പരീക്ഷയുടെ ഭാഗമാകും.
|
കംപ്യൂട്ടർ അധിഷ്ഠിതമായ പുതിയ പരീക്ഷ രാജ്യത്ത് ആദ്യമായി കേരളത്തിലാണ് നടപ്പാക്കുന്നത്. 100 മാർക്കിന്റെ പരീക്ഷയിൽ കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്ക് മാത്രമേ തുടർന്നുള്ള ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും പങ്കെടുക്കാൻ കഴിയൂ. ലേണേഴ്‌സ് ലൈസൻസ് ലഭിച്ച് 30 ദിവസത്തിന് ശേഷമായിരിക്കും ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുക.
ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകളാണ് പരീക്ഷയിലുണ്ടാകുക. ഓരോ ക്ലിപ്പിനും 10 മാർക്ക് വീതം ലഭിക്കും. കംപ്യൂട്ടർ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന വീഡിയോയിൽ റോഡിലെ അപകടസാധ്യതകളും തടസങ്ങളും തിരിച്ചറിഞ്ഞ് കൃത്യസമയത്ത് മൗസ് ക്ലിക്ക് ചെയ്യുന്നതാണ് പരീക്ഷാരീതി.
കൃത്യസമയത്ത് ക്ലിക്ക് ചെയ്താൽ പൂർണ മാർക്ക് ലഭിക്കും. പ്രതികരിക്കാൻ വൈകുന്നതനുസരിച്ച് ലഭിക്കുന്ന മാർക്കിലും കുറവുണ്ടാകും. 60 ശതമാനം മാർക്ക് നേടുന്നവർക്കു മാത്രമേ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാനാകൂ.ഒക്ടോബർ 1 മുതൽ ഹസാഡ് പെർസെപ്ഷൻ ടെസ്റ്റിനുള്ള പരിശീലന സംവിധാനം ഡ്രൈവിങ് സ്കൂളുകൾ സജ്ജമാക്കണമെന്ന് ഗതാഗത കമ്മിഷണർ സി. നാഗരാജു നിർദേശം നൽകി. ഓപ്പൺ സോഴ്‌സ് ടൂളുകളുടെ സഹായത്തോടെ പരീക്ഷാർഥികൾക്ക് മൂന്ന് മാസം പരിശീലനം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
യുകെ, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിലവിലുള്ള ഹസാഡ് പെർസെപ്ഷൻ ടെസ്റ്റിന്റെ മാതൃക പിന്തുടർന്നാണ് കേരളത്തിലും പുതിയ പരീക്ഷാ രീതി നടപ്പാക്കുന്നത്. ഡ്രൈവർമാരുടെ അശ്രദ്ധയും അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിലും കണക്കുകൂട്ടുന്നതിലുമുള്ള പിഴവുകളുമാണ് ഭൂരിഭാഗം റോഡപകടങ്ങൾക്കും കാരണമാകുന്നതെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷാ ഘടനയിൽ പുതിയ ഘട്ടം ഉൾപ്പെടുത്തുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





