23
Jul 2026
Thu
23 Jul 2026 Thu
SFI

നീറ്റ് പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നാളെ (ജൂലൈ 24, വെള്ളിയാഴ്ച) അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുമാണ് പഠിപ്പ് മുടക്ക് സമരം. ജൂലൈ 25, 26 തീയതികളില്‍ രാജ്യത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ‘മെലഡി’ ചോക്ലേറ്റ് വിതരണം ചെയ്യുമെന്നും എസ് എഫ് ഐ ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുകയാണ്. നാളെ ഫ്രറ്റേണിറ്റി മൂവ്‌മെന്റും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടക്കുക.

ALSO READ: സമര സ്ഥലത്ത് ഇന്റര്‍നെറ്റ് സേവനം തടഞ്ഞു; മറുവിദ്യയുമായി പാറ്റകള്‍; അമ്പരന്ന് പോലീസ്

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, എന്‍ടിഎ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി എസ്എഫ്‌ഐ ലോക്ഭവന്‍ മാര്‍ച്ച് ഇന്ന് നടക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജിയും പരിപാടിയില്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും നടക്കും.

ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ കേരളത്തില്‍നിന്നുള്ള 100 എസ്എഫ്ഐ പ്രവര്‍ത്തകര്‍ അണിചേരും. ശനിയാഴ്ച ഈ സംഘം യാത്രതിരിക്കും. ജന്തര്‍മന്തറിലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വെള്ളിയാഴ്ച രാത്രി ഏഴുമുതല്‍ ശനി രാവിലെ ആറുവരെ മാനവീയം വീഥിയില്‍ സാംസ്‌കാരിക സംഗമം നടക്കും. ഇന്നലെ എസ് എഫ് ഐ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് അവകാശപത്രിക സമര്‍പ്പിച്ചിരുന്നു. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നടക്കം 102 ആവശ്യമടങ്ങിയ അവകാശപത്രികയാണ് മുഖ്യമന്ത്രി വി ഡി സതീശന് സമര്‍പ്പിച്ചത്.