ജോര്‍ദാനിലും കുവൈറ്റിലുമുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ തിരിച്ചടിയില്‍ അമേരിക്കന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയതായി ഇറാന്‍. പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം, ഥാഡ് (THAAD) മിസൈല്‍ പ്രതിരോധ റഡാര്‍, എം.ക്യു-9 റീപ്പര്‍ ഡ്രോണ്‍ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അവകാശപ്പെട്ടു. ഇറാന് നേരെയുണ്ടായ യു.എസ് ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ നടപടിയെന്ന് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐ.ആര്‍.ഐ.ബി (IRIB) പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
|
ജോര്‍ദാനിലെ യു.എസ് താവളങ്ങള്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണത്തില്‍ ഥാഡ് സംവിധാനത്തിന്റെ റഡാറും പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റവും സി-റാം (C-RAM) റഡാറും തകര്‍ത്തതായാണ് ഐ.ആര്‍.ജി.സി വ്യക്തമാക്കിയത്. കൂടാതെ സൈനിക താവളത്തിലെ ഇന്ധന ടാങ്കുകള്‍, ഹെലികോപ്റ്റര്‍ റിപ്പെയറിംഗ് സെന്റര്‍, സവിശേഷ ഉപകരണങ്ങള്‍ സൂക്ഷിച്ച വെയര്‍ഹൗസ് എന്നിവയ്ക്ക് തീപിടിച്ചതായും അവര്‍ പ്രസ്താവനയില്‍ അവകാശപ്പെട്ടു.
‘ഓപ്പറേഷന്‍ മിന്നല്‍’: കുവൈറ്റിലെ താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം
പ്രത്യേക സൈനിക നീക്കത്തിന്റെ (Operation Lightning) 23ാം ഘട്ടത്തിന്റെ ഭാഗമായി കുവൈറ്റിലെ മൂന്ന് യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ വന്‍തോതില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം പ്രഖ്യാപിച്ചു. ദോഹ ബേസിലെ ആയുധ-ലോജിസ്റ്റിക്‌സ് ഡിപ്പോകള്‍, അലി അല്‍ സലേം ബേസിലെ ഇന്ധന ടാങ്കുകള്‍, ആരിഫ്ജാന്‍ ക്യാമ്പിലെ വെടിമരുന്ന് ശേഖരം എന്നിവ ലക്ഷ്യമിട്ടായിരുന്നു ഡ്രോണ്‍ ആക്രമണം.
കൂടാതെ അല്‍ അദിരി ബാരക്കുകളിലെ കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹെലികോപ്റ്റര്‍ ഹാങ്കറുകള്‍, യു.എസ് സൈനികരുടെ താമസകേന്ദ്രങ്ങള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. തങ്ങള്‍ ജോര്‍ദാന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും എന്നാല്‍ സ്വന്തം രാജ്യത്തെ ആക്രമിക്കുന്ന ശത്രുവിന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിടാന്‍ തങ്ങള്‍ക്ക് നിയമപരവും മതപരവുമായ അവകാശമുണ്ടെന്നും ഐ.ആര്‍.ജി.സി വ്യക്തമാക്കി.
സ്ഥിരീകരിക്കാതെ യു.എസ് സൈന്യം
കഴിഞ്ഞ ദിവസം ജോര്‍ദാനിലെ യു.എസ് താവളത്തിന് നേരെയുണ്ടായ ഇറാനിയന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ മധ്യപൂര്‍വേഷ്യന്‍ മേഖലയില്‍ 50,000-ത്തിലധികം അമേരിക്കന്‍ സൈനികര്‍ പൂര്‍ണ്ണ സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
അതേസമയം, തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കും താവളങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചെന്ന ഇറാന്റെ വാദങ്ങളോട് യു.എസ് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Iran IRGC attack US bases Jordan Kuwait





