നോര്‍ത്ത് ഡക്കോട്ട: അമേരിക്കയിലെ നോര്‍ത്ത് ഡക്കോട്ടയില്‍ മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച ഗുരുതരമായ പിഴവില്‍ രണ്ടുപേരുടെ ജീവിതം മാറിമറിഞ്ഞ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്. ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ മാറിപ്പോയ സംഭവത്തില്‍ രണ്ട് കുടുംബങ്ങള്‍ ഒന്നിച്ച് പ്രാദേശിക ആശുപത്രിക്ക് എതിരെ നിയമനടപടിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഗ്രാഫ്റ്റണിലെ യൂണിറ്റി മെഡിക്കല്‍ സെന്ററിന് എതിരെയാണ് നിലവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
|
നീണ്ട 36 വര്‍ഷക്കാലം ഈ അബദ്ധം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1988 ജനുവരി 26-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ഈ ആശുപത്രിയില്‍ ആകെ രണ്ട് ആണ്‍കുട്ടികള്‍ മാത്രമാണ് ജനിച്ചിരുന്നത്, കൈല്‍ ബൈലിനും ജെറമി മോറിസണും.
വഴിത്തിരിവായത് ഒരു ഡിഎന്‍എ ടെസ്റ്റ്
ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ആശുപത്രി ജീവനക്കാര്‍ക്ക് സംഭവിച്ച പിഴവിലാണ് കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയത്. തുടര്‍ന്ന് ഇരുവരും വളര്‍ന്നത് സ്വന്തം മാതാപിതാക്കളുടെ അടുത്തല്ലായിരുന്നു. താന്‍ ജനിച്ചപ്പോള്‍ കൈയില്‍ കെട്ടിയിരുന്ന ഹോസ്പിറ്റല്‍ ഐഡന്റിഫിക്കേഷന്‍ ബ്രേസ്ലെറ്റ് ഇപ്പോഴും കൈവശമുണ്ടെന്നും അതില്‍ പേര് തെറ്റായാണ് രേഖപ്പെടുത്തിയിരുന്നതെന്നും കൈല്‍ ബൈലിന്‍ വ്യക്തമാക്കുന്നു.
വര്‍ഷങ്ങളോളം ഇരുവരും ഈ സത്യം അറിഞ്ഞിരുന്നില്ല. എന്നാല്‍ തന്റെ കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്നും താന്‍ രൂപത്തിലും ഭാവത്തിലും വ്യത്യസ്തനാണെന്ന തോന്നല്‍ ജെറമി മോറിസണുണ്ടായിരുന്നു. ‘എന്റെ കുടുംബത്തില്‍ എന്നെപ്പോലെ ആരും ഉണ്ടായിരുന്നില്ല. ഇരുണ്ട മുടിയുള്ളവര്‍ക്കിടയില്‍ ഞാന്‍ മാത്രമൊരു സ്വര്‍ണ്ണത്തലമുടിക്കാരനായിരുന്നു,’ മോറിസണ്‍ പറഞ്ഞു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈല്‍ ബൈലിന്‍ യാദൃശ്ചികമായി നടത്തിയ ഒരു ഡിഎന്‍എ (DNA) പരിശോധനയിലാണ് ഇത്രയും കാലം ഒളിച്ചിരുന്ന സത്യം പുറത്തുവരുന്നത്. കൈലിന്റെ ഡിഎന്‍എ റിസള്‍ട്ട് ആശുപത്രി ഡാറ്റാബേസിലെ ഒരു സ്ത്രീയുടേതുമായി മാച്ച് ചെയ്തു. എന്നാല്‍, അദ്ദേഹത്തിന്റെ അമ്മായി എന്ന് കാണിച്ച സ്ത്രീ, യഥാര്‍ത്ഥത്തില്‍ ജെറമി മോറിസണിന്റെ കുടുംബാംഗമായിരുന്നു. ഇതോടെയാണ് രണ്ടുപേരും പരസ്പരം മാറിപ്പോയെന്ന് വ്യക്തമായത്.
മാറിമറിഞ്ഞത് രണ്ട് ജീവിതങ്ങള്‍
ആശുപത്രിക്ക് സംഭവിച്ച ഈ പിഴവ് തന്റെ ജീവിതത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചതായി നിലവില്‍ കൊളറാഡോയില്‍ താമസിക്കുന്ന മോറിസണ്‍ പറയുന്നു. കുഞ്ഞുങ്ങള്‍ മാറിപ്പോയില്ലായിരുന്നുവെങ്കില്‍ താന്‍ നോര്‍ത്ത് ഡക്കോട്ടയിലെ സ്വന്തം കുടുംബത്തോടൊപ്പം കൃഷിസ്ഥലത്ത് ജോലി ചെയ്ത് കഴിയുമായിരുന്നുവെന്നും, തനിക്ക് ഒരു മൂത്ത സഹോദരന്‍ ഉണ്ടെന്ന കാര്യം പോലും ഇപ്പോഴാണ് അറിയുന്നതെന്നും മോറിസണ്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും തങ്ങളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ നേരില്‍ കണ്ടെങ്കിലും, രണ്ട് യുവാക്കളും ഇതുവരെ പരസ്പരം നേരില്‍ കണ്ടിട്ടില്ല.
ആശുപത്രി അധികൃതരുമായി ഒരു വര്‍ഷത്തോളം നഷ്ടപരിഹാര ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് പരാജയപ്പെട്ടതോടെയാണ് കുടുംബങ്ങള്‍ കോടതിയെ സമീപിച്ചത്. സംഭവിച്ച കാര്യത്തില്‍ വൈകാരികമായ സങ്കടമുണ്ടെന്ന് സമ്മതിക്കുമ്പോഴും, നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. കേസ് തള്ളിക്കളയണമെന്നാണ് ആശുപത്രിയുടെ ആവശ്യം.
Switched at birth North Dakota lawsuit



