28
Jul 2026
Tue
28 Jul 2026 Tue
Pinarayi Vijayan

പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം ഉണ്ടാകാതിരുന്നത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. നേതാക്കള്‍ക്ക് പൊതുവേദികളില്‍ ജാഗ്രത കുറവ് ഉണ്ടായെന്നും വിമര്‍ശനം ഉണ്ട്. സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. തോല്‍വി സംഭവിച്ചതില്‍ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടിയുടെ മതേതര പ്രതിഛായയ്ക്കു മങ്ങലേറ്റുവെന്നതാണ് പ്രധാന വിമര്‍ശനമായി ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുത്വ വര്‍ഗീയ ശക്തികളോടു മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രതീതിയാണ് ഇതു പൊതുസമൂഹത്തില്‍ സൃഷ്ടിച്ചതെന്നും പ്രചാരണത്തില്‍ ഇതു തിരിച്ചടിയായെന്നും കുറ്റപ്പെടുത്തലുണ്ട്. വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളോടു ശക്തമായി പ്രതികരിച്ചില്ല. ചില നേതാക്കളുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ കൂടുതല്‍ അകറ്റുന്നതായെന്നും കേന്ദ്ര റിപ്പോര്‍ട്ടില്‍ പറയുന്നു.

അയ്യപ്പ സംഗമത്തില്‍ യോഗിയുടെ സന്ദേശം വായിച്ചത് എന്തിന്

ആഗോള അയ്യപ്പ സംഗമത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഇടതു സര്‍ക്കാരില്‍ മന്ത്രിയുമായ ആള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ഏതു സാഹചര്യത്തിലാണെന്ന ചോദ്യവും കേന്ദ്രനേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്.

പിഎം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫിലെ എല്ലാ അംഗങ്ങളെയും വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. സിപിഐയുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കേന്ദ്ര നേതൃത്വത്തിന് ഇടപെടേണ്ടി വന്നു. പക്ഷേ, അപ്പോഴേക്കും ബിജെപിയുമായി അന്തര്‍ധാരയുണ്ടെന്ന പ്രചാരണം നടത്താന്‍ യുഡിഎഫിനു കളമൊരുങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും സംസ്ഥാന നേതൃത്വത്തിനു വലിയതോതില്‍ വീഴ്ച സംഭവിച്ചുവെന്ന് സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ ശരിയായ സമയത്തു നടപടി എടുക്കുന്നതിലും സംസ്ഥാന നേതൃത്വത്തിനു വീഴ്ച സംഭവിച്ചതായി കേന്ദ്രനേതൃത്വം ചൂണ്ടിക്കാട്ടുന്നു.

വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടിച്ചു

രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടാതെ വികസന, ക്ഷേമ പരിപാടികള്‍ മാത്രം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്തതു വീഴ്ചയായി. മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രചാരണവും മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചു നടത്തിയതു മറുപക്ഷത്തിന് ആയുധമായി. പ്രചാരണം വ്യക്തികേന്ദ്രീകൃതവും അതു പിണറായി വിജയനിലേക്കു കേന്ദ്രീകരിക്കുകയും ചെയ്തത് അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താന്‍ യുഡിഎഫിന് അവസരമായി. ബിജെപിയുമായി സിപിഎമ്മിനു രഹസ്യഡീലുണ്ടെന്ന യുഡിഎഫ് ആരോപണം ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫില്‍നിന്ന് അകലുന്നതിന് ഇതു കാരണമായി.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വീഴ്ച്ച

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പാര്‍ട്ടി നേതാവ് പത്മകുമാറിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ അച്ചടക്ക നടപടിയെക്കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ആ സമയത്ത് അച്ചടക്കനടപടി സ്വീകരിച്ചിരുന്നെങ്കില്‍ തിരിച്ചടിയുടെ ആഘാതം കുറയ്ക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

മുന്‍ എംഎല്‍എമാര്‍ വിമതരായി മല്‍സരിച്ചത് അസാധാരണം

മൂന്ന് മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് വിമതരായി മത്സരിച്ച് സിപിഎം സ്ഥാനാര്‍ഥികളെ തോല്‍പിക്കുന്ന അസാധാരണ സാഹചര്യമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. കണ്ണൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിനു വലിയ വീഴ്ചയുണ്ടായെന്നും ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിന്റെ തലയില്‍ വയ്ക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂരിലെ വീഴ്ച സംസ്ഥാനത്താകെ ബാധിച്ചു. സ്വജനപക്ഷപാതം ഉള്‍പ്പെടെ ആരോപിക്കപ്പെട്ടു.

തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വം ജാഗ്രത കാട്ടിയില്ല. കണ്ണൂരില്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥി ഉണ്ടായില്ല. പല ജില്ലകളിലും വനിതകള്‍, ന്യൂനപക്ഷം, യുവാക്കള്‍ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികള്‍ക്കു മാത്രമല്ല. സംസ്ഥാന നേതൃത്വം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാര്‍ട്ടി വോട്ട് ഷെയര്‍ 2021 ല്‍ നിന്നും 2026ലേക്ക് എത്തിയപ്പോള്‍ 25.38 ശതമാനത്തില്‍ നിന്നും 21.77 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസ് വോട്ട് ഷെയര്‍ 25.12 ശതമാനത്തില്‍ നിന്നും 28.79 ശതമാനമായി ഉയര്‍ത്തി. നാല്‍പത് വര്‍ഷത്തിനിടെയാണ് സിപിഐഎം വോട്ടില്‍ ഇത്തരമൊരു കുറവ് ഉണ്ടാവുന്നതെന്നും ഇത് ഗുരുതര ആശങ്ക ഉണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

പിണറായിയെ ലക്ഷ്യമിട്ട് യുഡിഎഫ് കള്ളപ്രചാരണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പാര്‍ട്ടിയേയും ലക്ഷ്യമാക്കി യുഡിഎഫ് കളളം പ്രചരിപ്പിച്ചു. പാര്‍ട്ടിക്കെതിരെയും എല്‍ഡിഎഫിനെതിരേയും വലതുപക്ഷ ശക്തികളെ ഒരുമിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പരസ്യമായി തന്നെ യുഡിഎഫിന് വേണ്ടി പ്രചാരണം നടത്തി. തെരഞ്ഞെടുപ്പിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യുന്ന വിദ്വേഷ പ്രചാരണം നടത്തി. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസുമാണ് പരസ്പരം സഹായിക്കുന്നതെന്നിരിക്കെ നമ്മള്‍ക്ക് ബിജെപിയുമായി ഡീല്‍ ഉണ്ടെന്ന് അവര്‍ പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

cpm faces central committee rebuke over election debacle

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക