11
Aug 2026
Tue
11 Aug 2026 Tue
Messi Kerala visit scam

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നില്‍ നടന്നത് കോടികളുടെ തട്ടിപ്പെന്ന് കായിക വകുപ്പ്. അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന് ഒന്നര കോടി യു.എസ് ഡോളര്‍ (അന്നത്തെ മൂല്യം 126 കോടി രൂപ) കൈമാറിയെന്ന അവകാശവാദത്തിന് യാതൊരു തെളിവുമില്ലെന്ന് മാത്രമല്ല, വിദേശനാണ്യ വിനിമയചട്ട ലംഘനവും കള്ളപ്പണം വെളുപ്പിക്കലും നടന്നതായി കായിക വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ വിജിലന്‍സ്, കേന്ദ്ര ഏജന്‍സി അന്വേഷണങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത്, മന്ത്രി ഒ.ജെ. ജനീഷിനു കൈമാറി. ഇത് തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. കായിക വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട് മാധ്യമങ്ങളാണ് പുറത്തുവിട്ടത്. റിപോര്‍ട്ടര്‍ ചാനല്‍ അധികൃതര്‍ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ടീമിനെ കേരളത്തിലെത്തിക്കുന്നതിന് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന് 126 കോടിയോളം രൂപ നല്‍കിയെന്നാണ് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍, പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ യാതൊരു രേഖയും സര്‍ക്കാരിന്റെ പക്കലില്ല. സംസ്ഥാന സര്‍ക്കാരും എ.എഫ്.എയും തമ്മിലോ, സ്‌പോണ്‍സറും സര്‍ക്കാരും തമ്മിലോ കരാര്‍ ഒപ്പുവെച്ചതിനും തെളിവുകളില്ല. അര്‍ജന്റീന ടീമില്‍നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതെയാണ് കൊച്ചിയില്‍ പ്രദര്‍ശന മത്സരം നടക്കുന്നതായി കേരളം കേന്ദ്രത്തിനു കത്തെഴുതിയതും പണം കൈമാറാന്‍ അനുമതി നേടിയെടുത്തതും. ഇതിന്റെ ഭാഗമായി കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ വലിയ തോതില്‍ നവീകരണ പ്രവര്‍ത്തികളും നടത്തിയിരുന്നു.

ALSO READ: മെസ്സിയുടെ വരവിനെ ചൊല്ലി ചാനല്‍ യുദ്ധം; ഏഷ്യാനെറ്റിനെതിരേ 150 കോടിയുടെ മാന നഷ്ടക്കേസുമായി റിപോര്‍ട്ടര്‍ ടിവി

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി വഴിയാണ് പണം കൈമാറ്റം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന സ്‌പോണ്‍സര്‍ കേന്ദ്രാനുമതി തേടിയത്. എന്നാല്‍, ഈ ഏജന്‍സി അമേരിക്കയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് അന്വേഷണം നേരിടുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ, 126 കോടിയുടെ പണമിടപാടില്‍ 22.68 കോടി രൂപ സേവനനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പും സ്‌പോണ്‍സര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.

മെസിയെ കൊണ്ടുവരാന്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് കാണിച്ച് കളമശേരി ആസ്ഥാനമായ ‘ഗോട്ട് ആന്‍ഡ് ഗ്ലോബല്‍’ എന്ന സ്ഥാപനം 2023 ജൂലൈയില്‍ സര്‍ക്കാരിന് അങ്ങോട്ട് കത്തയക്കുകയായിരുന്നു. എന്നാല്‍, ഇതിന് വെറും 20 ദിവസം മുന്‍പ് മാത്രം രജിസ്റ്റര്‍ ചെയ്ത, ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള സ്ഥാപനമായിരുന്നു ഇത്. പിന്നീട് സ്‌പോണ്‍സറായി എത്തിയ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അതേ മേല്‍വിലാസം തന്നെയാണ് ഈ സ്ഥാപനത്തിനുമുള്ളത്. യാതൊരു ടെന്‍ഡറുമില്ലാതെ ഏകപക്ഷീയമായാണ് സ്‌പോണ്‍സറെ കണ്ടെത്തിയതെന്നും കായികവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അര്‍ജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാനെന്ന പേരില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്‍ 2024 സെപ്റ്റംബറില്‍ സ്‌പെയിനില്‍ പര്യടനം നടത്തിയിരുന്നു. അന്നത്തെ കായികവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടര്‍ പി. വിഷ്ണുരാജ് എന്നിവര്‍ക്കൊപ്പമായിരുന്നു ഒരാഴ്ചത്തെ സന്ദര്‍ശനം.

എന്നാല്‍, സന്ദര്‍ശനത്തിന് എ.എഫ്.എ ഔദ്യോഗികമായി ക്ഷണിച്ചതിന്റെ രേഖകളൊന്നും സര്‍ക്കാരിന്റെ കൈവശമില്ല. സ്‌പെയിനില്‍ വെച്ച് ആരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയതെന്നും ഇതുവരെ വ്യക്തമായിട്ടില്ല. മെസ്സിയെ കൊണ്ടു വരാനെന്ന പേരില്‍ നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കലാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

Tags: Lionel Messi Kerala Visit, Messi Argentina Team Scam, Kerala Sports Department Report, V Abdurahiman, Reporter TV Scam, N Prashanth IAS, Kerala News, Sports News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക