ആഗ്രയിൽ നിർത്തിയിട്ട ട്രെയിനിലെ സ്യൂട്ട്കേസിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഒഡീഷ സ്വദേശിനിയായ ഹയൂതൻ നിഷ (38) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. കേസിലെ പ്രതികളെ തേടി ചെന്നൈയിലെ വീട്ടിലെത്തിയ പോലീസിനെ കാത്തിരുന്നത് അതിലും ഭീകരമായ കാഴ്ചകളായിരുന്നു.
|
ആഗസ്റ്റ് 5-ന് ചെന്നൈ സെൻട്രലിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിൻ ആഗ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഒരു സ്യൂട്ട്കേസിൽ നിന്ന് ദുർഗന്ധം ഉയർന്നത്. തുടർന്ന് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ പോലീസ് സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് വെട്ടിനുറുക്കി അഴുകിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങൾ നൽകിയ വഴിത്തിരിവ്
സംഭവത്തിൽ ആഗ്ര റെയിൽവേ പോലീസ് അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളിൽ ഇതേ സ്യൂട്ട്കേസുമായി ട്രെയിനിൽ കയറുന്ന രണ്ട് വ്യക്തികളെ കണ്ടെത്തി. തുടർന്ന് വിവരങ്ങൾ ചെന്നൈ പോലീസിന് കൈമാറുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ മണിക് ഉദ്ദീൻ ലസ്കർ, ഭഗവതി മാജി എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇവരുടെ ചെന്നൈ ഗുഡുവഞ്ചേരിയിലെ വാടകവീട് കണ്ടെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന തെളിവുകൾ ലഭിച്ചത്. വീടിന്റെ അടുക്കളയിലെ ഒരു പാത്രത്തിൽ നിന്ന് ഹയൂതൻ നിഷയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ വെട്ടിനുറുക്കി സൂക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.
പ്രതികൾക്കായി തിരച്ചിൽ ഊർജിതം
കൊല്ലപ്പെട്ട ഹയൂതൻ നിഷയുടെ മകന്റെ പരാതിയിൽ കാണാതായതിന് പോലീസ് കേസെടുത്തിരുന്നു. പ്രതികളായ രണ്ടുപേരും നിലവിൽ ഒളിവിലാണ്. ഇവരെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ രണ്ട് സ്ഥലങ്ങളിൽ നിന്നും ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ പൂർണ്ണമായും ഒരാളുടേത് തന്നെയാണെന്ന് ഉറപ്പിക്കാനാകൂ എന്നും പോലീസ് കൂട്ടിച്ചേർത്തു.
ALSO READ: രാഹുൽ ദ്രാവിഡിന്റെ 27 വർഷത്തെ റെക്കോർഡ് തകർത്ത് ദേവ്ദത്ത് പടിക്കൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



