തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ’ (SIR) പ്രക്രിയയ്ക്കിടെ വോട്ടർ ഐഡന്റിറ്റി പരിശോധനയിൽ സ്വന്തം പൗരത്വം തെളിയിക്കാൻ പ്രയാസപ്പെടേണ്ടി വന്ന അനുഭവത്തിൽ ചോദ്യങ്ങളുമായി മുൻ നയതന്ത്രജ്ഞൻ നവദീപ് സൂരി. യുഎഇ, ഈജിപ്ത്, ഓസ്ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായും ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ച തനിക്ക് പോലും പൗരത്വം തെളിയിക്കാൻ അനിശ്ചിതത്വം നേരിടേണ്ടി വരുന്നുവെങ്കിൽ, രാജ്യത്തെ സാധാരണക്കാരായ വോട്ടർമാരുടെ അവസ്ഥ എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. പഞ്ചാബിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവമാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ പങ്കുവച്ചത്.
|
നവദീപ് സൂരിയുടെ വാക്കുകൾ:”മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ശേഷവും പൗരത്വം തെളിയിക്കാൻ എനിക്ക് പ്രയാസം നേരിടുന്നുവെങ്കിൽ, ഒരു സാധാരണക്കാരനായ പൗരന്റെ ഗതി എന്തായിരിക്കും? ‘ഈസ് ഓഫ് ലിവിംഗ്’ (Ease of Living) എന്ന് കരുതുന്നു!”
സംഭവിച്ചത് ഇങ്ങനെ:പഞ്ചാബിൽ വോട്ടർ പട്ടിക പരിശോധനയുടെ ഭാഗമായി താൻ ബൂത്ത് ലെവൽ ഓഫീസർക്ക് (BLO) വോട്ടർ ഐഡിയും ആധാർ കാർഡും സമർപ്പിച്ചിരുന്നുവെന്നും കാര്യങ്ങളെല്ലാം ശരിയാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നതായും സൂരി വ്യക്തമാക്കി. എന്നാൽ, 2003-ലെ വോട്ടർ പട്ടികയിലെ വിവരങ്ങളുമായി തന്റെ വിവരങ്ങൾ ഒത്തുപോകുന്നില്ലെന്നും, അതിനാൽ നോട്ടീസ് കൈപ്പറ്റി പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും പിന്നീട് സന്ദേശം ലഭിക്കുകയായിരുന്നു.
2003-ൽ താൻ രാജ്യത്തിന് പുറത്തായിരുന്നുവെന്ന് അറിയിച്ചതോടെയാണ് പാസ്പോർട്ട് തെളിവായി ഹാജരാക്കാൻ ആവശ്യപ്പെട്ടത്. തന്റെ കൈവശം മറ്റ് രേഖകൾ ഉള്ളതുകൊണ്ട് പൗരത്വം തെളിയിക്കാനാകുമെന്നും, എന്നാൽ വോട്ടർ പട്ടിക പരിശോധനയിലെ ഇത്തരം സങ്കീർണമായ നിബന്ധനകൾ സാധാരണക്കാരെ ദുരിതത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





