മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് മാസമായി ഏജന്റുമാരെയും എംവിഡി ഓഫീസുകളെയും സമീപിച്ചിട്ടും പരിഹാരം ലഭിച്ചില്ലെന്നും, കൈക്കൂലി നൽകാത്തതിനെ തുടർന്ന് ജീവിതമാർഗം തന്നെ തകർന്നുവെന്നും ആരോപിച്ചാണ് ഷൗക്കത്ത് എന്ന യുവാവ് ആത്മഹത്യാക്കുറിപ്പ് എഴുതിയത്.
|
‘എന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാത്രമാണ്’ എന്നാണ് കുറിപ്പിന്റെ തുടക്കത്തിൽ പറയുന്നത്. കൈക്കൂലി നൽകാത്തതിന്റെ പേരിലാണ് തന്റെ ജീവിതമാർഗമായ ഓട്ടോയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തടഞ്ഞതെന്നും കുറിപ്പിൽ ആരോപിക്കുന്നു.
കഴിഞ്ഞ പത്ത് മാസമായി ഏജന്റുമാരെയും എംവിഡി ഓഫീസുകളെയും കയറിയിറങ്ങിയെന്നും ഇതിനിടെ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ പോയെന്നും ഷൗക്കത്ത് കുറിച്ചു. ഇതോടെ വാഹനത്തിന്റെ ഇഎംഐ മുടങ്ങിയെന്നും ക്രെഡിറ്റ് സ്കോർ 820ൽ നിന്ന് 600 ആയി താഴ്ന്നെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
വാഹനത്തിലെ സ്റ്റീൽ വർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നും, എന്നാൽ അതേ വാഹനത്തിന് മുൻപ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നതായും ഷൗക്കത്ത് ആരോപിക്കുന്നു. മറ്റ് വാഹനങ്ങളിൽ സമാനമായ എക്സ്ട്രാ ഫിറ്റിങ്ങുകൾ ഉണ്ടായിട്ടും അവയ്ക്ക് ഫിറ്റ്നസ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കുറിപ്പിൽ ആരോപണമുന്നയിക്കുന്നു.
‘അടുത്ത ഇര നിങ്ങളാവരുത്’
തന്റെ മരണശേഷമെങ്കിലും വിഷയത്തിൽ നീതി ലഭ്യമാക്കണമെന്നും അഴിമതിക്കെതിരെ ശബ്ദമുയർത്തണമെന്നും ജനങ്ങളോട് അഭ്യർഥിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഏജന്റ് സംവിധാനം അവസാനിപ്പിച്ചാൽ മോട്ടോർ വാഹന വകുപ്പിലെ വലിയൊരു വിഭാഗം അഴിമതിയും അവസാനിക്കുമെന്നാണ് ഷൗക്കത്തിന്റെ ആരോപണം. വിവരാവകാശ നിയമം ഉപയോഗിച്ച് സർക്കാർ സംവിധാനത്തിലെ അഴിമതിക്കെതിരെ പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ആഭ്യന്തര മന്ത്രിയും ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും കുറിപ്പിലുണ്ട്.
‘അടുത്ത ഇര നിങ്ങളാവരുത്’ എന്ന മുന്നറിയിപ്പും കുറിപ്പിൽ നൽകുന്നുണ്ട്. തന്റെ മരണത്തിന് ശേഷം നിയമപരമായി കേസ് നടത്താൻ സംസ്ഥാന സർക്കാർ മാത്രമാണ് ആശ്രയമെന്നും, തന്റെ വിഷയത്തിൽ ശരിയായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സ്വത്ത് ആർക്കെന്ന് വ്യക്തമാക്കിയുള്ള മറ്റൊരു കുറിപ്പും
ആത്മഹത്യയ്ക്ക് മുമ്പ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച മറ്റൊരു കുറിപ്പിൽ തന്റെ വീടും പറമ്പും ബന്ധുവായ സക്കീറിന് നൽകുന്നതായും ഷൗക്കത്ത് വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായി അവകാശികളാകാൻ സാധ്യതയുള്ള മറ്റുള്ളവർ സക്കീറിന് സ്വത്ത് ഇഷ്ടദാനം ചെയ്ത് നൽകണമെന്നും, അതിനായി പരമാവധി ഒരു വർഷത്തെ സമയപരിധിയും കുറിപ്പിൽ നിർദേശിക്കുന്നുണ്ട്.
സക്കീറിന് നൽകിയ പവർ ഓഫ് അറ്റോർണി സംബന്ധിച്ചും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട തീരുമാനം ഒരു വർഷത്തിനുള്ളിൽ ഉണ്ടായില്ലെങ്കിൽ പവർ ഓഫ് അറ്റോർണി ഉപയോഗിക്കണമെന്നും സാക്ഷികളോട് ഇടപെടണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


