റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിൽ യുഎസ് വ്യോമസേനയുടെ C-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനം ഇറങ്ങിയതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് വിമാനം മോസ്കോയിലെത്തിയത്. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം ലാത്വിയയിലെ റിഗയിൽനിന്നാണ് വിമാനം മോസ്കോയിലേക്ക് പറന്നെത്തിയത്.
|
ബോയിങ് ഗ്ലോബ്മാസ്റ്റർ വിമാനം രാവിലെ ഏകദേശം ഏഴോടെയാണ് മോസ്കോയിലെത്തിയത്. ആഗസ്റ്റ് 23-ന് വാഷിങ്ടൺ ഡിസിക്ക് സമീപമുള്ള ക്യാംപ് സ്പ്രിങ്സിലെ യുഎസ് വ്യോമതാവളത്തിൽനിന്ന് വിമാനം റിഗയിലെത്തിയതായും ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ വിമാനത്തിന്റെ വരവിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന് വ്യക്തമായ വിവരമില്ലെന്നാണ് പ്രതികരണം. ഈ ആഴ്ച യുഎസ് ഭരണകൂട പ്രതിനിധികളുമായി കൂടിക്കാഴ്ചകൾക്ക് പദ്ധതിയില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്തിന്റെ വരവ് എന്തിന്?
സൈനികരെയും വൻതോതിലുള്ള സൈനിക ഉപകരണങ്ങളെയും ദീർഘദൂരത്തേക്ക് കൊണ്ടുപോകാൻ ശേഷിയുള്ള C-17 ഗ്ലോബ്മാസ്റ്ററിന്റെ അപ്രതീക്ഷിത മോസ്കോ സന്ദർശനം വിവിധ അഭ്യൂഹങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പ്രതിസന്ധിയിലായിരിക്കെ, രഹസ്യ നയതന്ത്ര നീക്കത്തിന്റെ ഭാഗമായാണോ വിമാനം എത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. തടവുകാരുടെ കൈമാറ്റം, നയതന്ത്ര ചർച്ചകൾ തുടങ്ങിയ സാധ്യതകളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.
മുൻപ് ജനുവരിയിൽ യുഎസ് രജിസ്ട്രേഷനുള്ള വിമാനം യൂറോപ്പിൽനിന്ന് നേരിട്ട് റഷ്യയിലെത്തിയിരുന്നു. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിനായിരുന്നു അന്നത്തെ യാത്ര.
വീണ്ടും രഹസ്യ നയതന്ത്ര നീക്കമോ?
ആഗസ്റ്റ് ആദ്യം മുൻ യുഎസ് മറൈൻ റോബർട്ട് ഗിൽമാൻ റഷ്യയിൽനിന്ന് മോചിതനായതും ഈ വർഷം നേരത്തെ നടന്ന തടവുകാരുടെ കൈമാറ്റങ്ങളും കണക്കിലെടുത്ത് പുതിയ കൈമാറ്റത്തിനുള്ള സാധ്യതയും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മോസ്കോയിലെ യുഎസ് സൈനിക വിമാനത്തിന്റെ സാന്നിധ്യത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. യുഎസ് ഭരണകൂടവും റഷ്യൻ അധികൃതരും സംഭവത്തിൽ വിശദീകരണം നൽകാത്തതിനാൽ വിമാനത്തിന്റെ വരവ് സംബന്ധിച്ച ദുരൂഹത തുടരുകയാണ്.
ALSO READ: റെസിഡൻഷ്യൽ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് കുടുംബം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



