മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഭീകരവാദ ഫണ്ടിംഗ് കേസിലും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ദക്ഷിണ മുംബൈ സ്വദേശിയായ 68-കാരിയില്‍ നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ 7.21 കോടി രൂപ തട്ടിയെടുത്തു. പ്രമുഖ സ്വകാര്യ കമ്പനിയില്‍ നിന്ന് വിരമിച്ച ജീവനക്കാരിയാണ് വന്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയായത്.
|
ഏപ്രില്‍ മാസത്തിലാണ് നാഷണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് ‘രാജ്കുമാര്‍ ദാസ്’ എന്നയാള്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടുന്നത്. യുവതിയുടെ സിം കാര്‍ഡ് നിരോധിത സംഘടനയായ പി.എഫ്.ഐയുമായും ഭീകരവാദ ഫണ്ടിംഗുമായും ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇയാള്‍ വിശ്വസിപ്പിച്ചു. തുടര്‍ന്ന് നാസിക് പഞ്ചവടി പോലീസ് സ്റ്റേഷനിലെ എ.സി.പി ‘ജോണ്‍ മാത്യു’ എന്ന വ്യാജേന മറ്റൊരാള്‍ വാട്ട്സ്ആപ്പ് വീഡിയോ കോളിലെത്തുകയായിരുന്നു. സുപ്രീം കോടതി, ആര്‍.ബി.ഐ, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവയുടെ വ്യാജ ഉത്തരവുകളും നോട്ടീസുകളും കാണിച്ചാണ് ഇയാളെ ഭയപ്പെടുത്തിയത്.
ALSO READ: ദീപ്തി കല്യാണിക്കെതിരേ അധിക്ഷേപ പരാമര്‍ശം; യുട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരേ കേസ്
നിരപരാധിത്വം തെളിയിക്കാന്‍ അക്കൗണ്ടിലുള്ള പണം മുഴുവന്‍ നിരീക്ഷണത്തിലാക്കണമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാര്‍ നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കും ക്രിപ്‌റ്റോ വാലറ്റിലേക്കും പണം അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിഭ്രാന്തിയിലായ വയോധിക തന്റെ ഫിക്‌സഡ് ഡെപ്പോസിറ്റുകളും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും പിന്‍വലിച്ച് തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടുകളിലേക്ക് ഘട്ടംഘട്ടമായി പണം കൈമാറി.
പിന്നീട് ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് താന്‍ വന്‍ സൈബര്‍ തട്ടിപ്പിന് ഇരയായ വിവരം വയോധിക തിരിച്ചറിയുന്നത്. തുടര്‍ന്ന് സൈബര്‍ ഹെല്‍പ്പ് ലൈനായ 1930-ല്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ സൗത്ത് റീജിയണ്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
TAGS: Mumbai cyber fraud, Digital arrest scam, Money laundering scam Mumbai, Cyber crime news Malayalam, National news Malayalam, Crime news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





