അമേരിക്കയിൽ പുതുവർഷ രാവിനിടെ റൂംമേറ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവ് ആഗ്രയിൽ പിടിയിൽ. അർജുൻ ശർമ (26) ആണ് ഹൈദരാബാദ് പോലീസിന്റെ അന്വേഷണത്തിനിടെ ആഗ്രയിലെ ഫ്ലാറ്റിൽ നിന്ന് പിടിയിലായത്.
|
അമേരിക്കയിലെ എലിക്കോട്ട് സിറ്റിയിൽ താമസിച്ചിരുന്ന നികിത ഗോഡിശാല(27)യെ ജനുവരി രണ്ടിന് കാണാതാവുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊളംബിയ, മേരിലാൻഡിലെ അർജുൻ ശർമയുടെ അപ്പാർട്ട്മെന്റിൽ നിന്ന് ഒന്നിലധികം കുത്തേറ്റ നിലയിൽ നികിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 2025 ഡിസംബർ 31നാണ് മരണം സംഭവിച്ചതെന്നാണ് ഇന്ത്യൻ അധികൃതർ കുടുംബത്തെ അറിയിച്ചത്.
സംഭവത്തിൽ അമേരിക്കൻ പോലീസ് അർജുനെതിരെ ഒന്നാം ഡിഗ്രി, രണ്ടാം ഡിഗ്രി കൊലക്കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം അർജുൻ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തി.
തട്ടിപ്പ് കേസിലെ അന്വേഷണത്തിനിടെ പിടിയിൽ
നികിതയുടെ പിതാവ് ആനന്ദ് ഗോഡിശാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസാണ് അർജുനെ കണ്ടെത്തുന്നതിലേക്ക് പോലീസിനെ നയിച്ചത്. നികിതയിൽ നിന്ന് പണം വാങ്ങി തിരികെ നൽകിയില്ലെന്നായിരുന്നു പരാതി.
അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് പോലീസ് സംഘം ആഗ്രയിലെത്തി അർജുനെ പിടികൂടുകയായിരുന്നു. അമേരിക്കയിൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറൻറ് നിലവിലുണ്ടെന്ന് കണ്ടെത്തിയതോടെ കേന്ദ്ര ഏജൻസികളെ വിവരമറിയിച്ചു.
തുടർന്ന് കേന്ദ്ര ഏജൻസികൾ അർജുനെ ന്യൂഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ആഗസ്റ്റ് 25ന് കോടതി ഇയാളെ കൊലപാതക കേസുമായി ബന്ധപ്പെട്ട് റിമാൻഡ് ചെയ്തു.
അർജുനെ ഇന്ത്യയിൽ കസ്റ്റഡിയിലെടുത്തതായി അന്താരാഷ്ട്ര അധികൃതർ അറിയിച്ചതായി ഹോവാർഡ് കൗണ്ടി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ അമേരിക്കയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ ഉണ്ടാകുമെങ്കിലും, എപ്പോൾ കൈമാറാനാകുമെന്ന് വ്യക്തമായ സമയക്രമം നിലവിൽ ലഭ്യമല്ല.
സാമ്പത്തിക തർക്കവും അന്വേഷണത്തിൽ
നികിതയും അർജുനും മുൻ റൂംമേറ്റുകളായിരുന്നുവെന്നാണ് നികിതയുടെ പിതാവ് പറയുന്നത്. എന്നാൽ അമേരിക്കൻ പോലീസ് അർജുനെ നികിതയുടെ മുൻ കാമുകനായാണ് വിശേഷിപ്പിച്ചത്.
2025 ആഗസ്റ്റ്–സെപ്റ്റംബർ കാലയളവിൽ അർജുന് ജോലി നഷ്ടപ്പെട്ടതായും തുടർന്ന് നികിതയിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പണം കടം വാങ്ങിയിരുന്നതായും നികിതയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. നികിതയ്ക്ക് അർജുനിൽ നിന്ന് ലഭിക്കാനുണ്ടായിരുന്ന പണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ കൊലപാതകത്തിന് മുമ്പുതന്നെ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.
നികിത കഴിഞ്ഞ നാല് വർഷമായി അമേരിക്കയിലായിരുന്നു താമസം. അവിടെ ഡാറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. പ്രതിയുടെ അറസ്റ്റിനെ കേസിലെ നിർണായക വഴിത്തിരിവായാണ് നികിതയുടെ കുടുംബം വിശേഷിപ്പിച്ചത്.
ALSO READ: നേപ്പാൾ പ്രളയത്തിൽ മരണം 543 ആയി; 1,500ലേറെ പേരെ കാണാതായി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





