30
Aug 2026
Sun
30 Aug 2026 Sun
ഡൽഹിയിൽ മകനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളായ അച്ഛൻ താലൂക്ക്ദാർ അൻസാരിയും സുഹൃത്തും - ഡൽഹി പോലീസ്

ന്യൂഡല്‍ഹി: സിസോഫ്രീനിയ (ചിത്തഭ്രമം) ബാധിതനായ 38-കാരനായ മകനെ കല്ലുകൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ സംഭവത്തില്‍ 64-കാരനായ പിതാവും സുഹൃത്തും തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ കാളിന്ദി കുഞ്ചില്‍ അറസ്റ്റിലായി. തയ്യല്‍ തൊഴിലാളിയായ താലൂക്ക്ദാര്‍ അന്‍സാരി, ഇയാളുടെ സുഹൃത്ത് മുഹമ്മദ് വസീം എന്ന അക്രം (49) എന്നിവരാണ് പോലീസ് പിടിയിലായത്. ഗുല്‍ ഹസന്‍ ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഗസ്റ്റ് 23-നാണ് കാളിന്ദി കുഞ്ചിലെ എന്‍.ടി.പി.സി മതിലിന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട കണ്ടെയ്നറിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി-മുംബൈ എക്സ്പ്രസ്വേയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ ഗുരുതരമായി പരിക്കേറ്റ പാടുകളുണ്ടായിരുന്ന മൃതദേഹത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട കോണ്‍ക്രീറ്റ് കല്ലും കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ വിപുലമായ സി.സി.ടി.വി പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഗുല്‍ ഹസനാണെന്ന് തിരിച്ചറിഞ്ഞതും, സംഭവത്തിന് മുന്‍പ് ഇയാള്‍ രണ്ട് പേര്‍ക്കൊപ്പം കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പോകുന്നത് കണ്ടതും. ഈ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഗോവിന്ദ്പുരിയിലെ തയ്യല്‍ ഫാക്ടറിയിലുണ്ടെന്ന് കണ്ടെത്തി വെള്ളിയാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ:നെഞ്ചൊപ്പം പൊക്കത്തില്‍ ചെളി; ജലവൈദ്യുത തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ എവറസ്റ്റ് ദൗത്യസംഘം 

മാനസികാസ്വസ്ഥതയുള്ള മകന്‍ തന്നെയയും കുടുംബാംഗങ്ങളെയും നിരന്തരം ആക്രമിച്ചിരുന്നതായും, ഇയാളുടെ പെരുമാറ്റം കാരണം കടുത്ത നിരാശയിലായിരുന്നുവെന്നും അന്‍സാരി പോലീസിന് മൊഴി നല്‍കി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മകന് കൃത്യമായ ചികിത്സ നല്‍കാന്‍ സാധിച്ചിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ പറഞ്ഞു.

ഡോക്ടറെ കാണിക്കാനെന്ന വ്യാജേനയാണ് മകനെ വിജനമായ കണ്ടെയ്‌നറിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സംശയം തോന്നാതിരിക്കാന്‍ വഴിമധ്യേ അന്‍സാരി മകന് സമൂസ വാങ്ങി നല്‍കിയിരുന്നു. വിജനമായ സ്ഥലത്തെത്തിയതോടെ വസീം കല്ലുകൊണ്ട് തലയ്ക്കടിക്കുകയും തുടര്‍ന്ന് തുണി കൊണ്ടുള്ള കയര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം യമുനാനദിയില്‍ തള്ളാനായിരുന്നു ആദ്യ പദ്ധതിയിട്ടിരുന്നതെങ്കിലും ആളുകളെ കണ്ടതിനെ തുടര്‍ന്ന് കണ്ടെയ്‌നറിനുള്ളില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച കല്ല്, കയര്‍, രക്തം പുരണ്ട വസ്ത്രങ്ങള്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags: Delhi Crime News, Kalindi Kunj Murder, Schizophrenia Murder Case, Delhi Police Arrest, Crime News Malayalam, Delhi Expressway Murder, India Crime News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക