30
Aug 2026
Sun
30 Aug 2026 Sun
6 year old girl rescued from under flash flood debris after three days

നേപ്പാളിലെ രസുവ ജില്ലയിൽ പ്രളയദുരന്തത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ആറുവയസ്സുകാരിയെ മൂന്ന് ദിവസത്തിന് ശേഷം ജീവനോടെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടാണ് ടിമുരെ ഗ്രാമത്തിൽ നിന്ന് കുട്ടിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭോട്ടെ കോശി നദി കരകവിഞ്ഞതിനെ തുടർന്നുണ്ടായ ശക്തമായ പ്രളയത്തിലാണ് പ്രദേശം തകർന്നത്. കാണാതായവർക്കായി തിരച്ചിൽ നടത്തുന്നതിനിടെ മണ്ണിനടിയിൽ നിന്ന് നേരിയ കരച്ചിൽ കേട്ടതോടെയാണ് സായുധ പൊലീസ് സേന (APF) ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ആരംഭിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മണ്ണും അവശിഷ്ടങ്ങളും നീക്കി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.

ടിമുരെയിലെ APF ബോർഡർ ഔട്ട്‌പോസ്റ്റിൽ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി. ആരോഗ്യനില മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് മാറ്റാൻ തീരുമാനിച്ചു. മോശം കാലാവസ്ഥയും കാഴ്ചാപരിമിതിയും കാരണം ഹെലികോപ്റ്റർ യാത്ര വൈകിയെങ്കിലും ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെട്ടതോടെ കുട്ടിയെ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചു. നിലവിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന കുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

മനീഷ മഗർ എന്നാണ് കുട്ടിയുടെ പേരെന്ന് അധികൃതർ അറിയിച്ചു. കുട്ടിയുടെ കുടുംബത്തെയോ ബന്ധുക്കളെയോ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുട്ടിയെ തിരിച്ചറിയുന്നവർ അധികൃതരുമായി ബന്ധപ്പെടണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

അതേസമയം, നേപ്പാളിലെ പ്രളയദുരന്തത്തിൽ ഇതുവരെ 675 മൃതദേഹങ്ങൾ കണ്ടെത്തിയതായും 2,400ലേറെ പേരെ ഇപ്പോഴും കാണാതായതായും റിപ്പോർട്ടുകളുണ്ട്. ദുരന്താനന്തര പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി ബില്യൺ കണക്കിന് ഡോളർ വേണ്ടിവന്നേക്കാമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു.

ALSO READ: ഓൺലൈൻ ഗെയിമിങ്ങിൽ പണം നഷ്ടമായ 17കാരൻ ജീവനൊടുക്കി; അമ്മയെയും അച്ഛനെയും തനിച്ചാക്കരുതെന്ന് സഹോദരിക്ക് അവസാന സന്ദേശം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക