സിൽചാർ (ആസാം): ആസാമിലെ സിൽചാറിലുള്ള കാച്ചാർ കോളേജിൽ മുസ്ലിം വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധവും വിവാദങ്ങളും ഉയർന്നതിന് പിന്നാലെ കോളേജിൽ യൂണിഫോം കോഡ് കർശനമാക്കാൻ ഒരുങ്ങി അധികൃതർ. ചൊവ്വാഴ്ച ക്യാമ്പസിൽ എ.ബി.വി.പി പ്രവർത്തകർ വിദ്യാർത്ഥിനികളെ ആക്രമിച്ചതായും ഇതേത്തുടർന്ന് സംഘർഷമുണ്ടായതായും ആരോപണമുണ്ട്.
|
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും (ABVP) നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയും (NSUI) ക്യാമ്പസിൽ നടത്തിയ അംഗത്വ വിതരണ ക്യാമ്പയിനുകൾക്കിടയിലാണ് സംഘർഷത്തിന്റെ തുടക്കം. എൻ.എസ്.യു.ഐ ക്യാമ്പിലെത്തിയ മുസ്ലിം വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചതിനെ എ.ബി.വി.പി പ്രവർത്തകർ ചോദ്യം ചെയ്തതോടെ തർക്കം രൂപപ്പെടുകയും തുടർന്ന് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ എ.ബി.വി.പി പ്രവർത്തകർ പിന്നീട് ‘ജയ് ശ്രീറാം’ വിളിച്ച് തങ്ങളെ ഭീഷണിപ്പെടുത്തിയതായി മുസ്ലിം വിദ്യാർത്ഥിനി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. “ഇന്ന് ഹിജാബ് ധരിക്കുന്നവർ നാളെ ഇവിടെ നമസ്കരിക്കാൻ തുടങ്ങും എന്നാണ് അവർ പറഞ്ഞത്. ക്യാമ്പസിൽ പൂജകൾ നടത്തുമ്പോൾ ഞങ്ങൾ ഒരിക്കലും അതിനെ ചോദ്യം ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഞങ്ങളുടെ ഹിജാബിനെ അവർ ചോദ്യം ചെയ്യുന്നത്?” വിദ്യാർത്ഥിനി ചോദിച്ചു.
ഹിജാബിനുള്ളിൽ ഹെഡ്ഫോൺ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന വ്യാജ പ്രചരണം എ.ബി.വി.പി നടത്തുകയാണെന്നും, അങ്ങനെയെങ്കിൽ പരീക്ഷയ്ക്ക് മുൻപ് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടി.
കോളേജ് പ്രിൻസിപ്പലിന്റെ അനുമതിയോടെയാണ് എൻ.എസ്.യു.ഐ അംഗത്വ ക്യാമ്പയിൻ നടന്നത്. എന്നാൽ ക്യാമ്പയിന്റെ രണ്ടാം ദിവസം അവിടെയെത്തിയ എ.ബി.വി.പിക്കാർ തങ്ങളോട് അവിടെനിന്ന് പോകാൻ ആവശ്യപ്പെടുകയും രജിസ്റ്റർ പിടിച്ചുപറിക്കാൻ ശ്രമിക്കുകയും ചെയ്തു. “പ്രിൻസിപ്പലിന്റെ അനുമതിയുണ്ടെന്ന് പറഞ്ഞതോടെ അവർ ഞങ്ങളുടെ ഹിജാബ് ബലമായി അഴിച്ചു മാറ്റുകയും തള്ളിയിടുകയും മോശമായി പെരുമാറുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ആൺകുട്ടികളെ അവർ ക്രൂരമായി മർദ്ദിച്ചു,” വിദ്യാർത്ഥിനി ആരോപിച്ചു.
ക്യാമ്പസിനുള്ളിൽ ഹിജാബും തൊപ്പിയും ഉൾപ്പെടെയുള്ള മതപരമായ വസ്ത്രധാരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ കാച്ചാർ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
സംഭവത്തിൽ കോളേജിൽ പ്രഖ്യാപിച്ചിട്ടുള്ള യൂണിഫോം കോഡ് കർശനമായി നടപ്പിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കാച്ചാർ കോളേജ് പ്രിൻസിപ്പൽ ഡോ. അപ്രതീം നാഗ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് നിർദ്ദിഷ്ട രീതിയിലുള്ള ഷർട്ടും ട്രൗസറും വിദ്യാർത്ഥിനികൾക്ക് സൽവാർ-കമീസ് അല്ലെങ്കിൽ ചുരിദാർ-കമീസ് ദുപ്പട്ട സഹിതവുമാണ് യൂണിഫോം നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, എ.ബി.വി.പി പ്രവർത്തകർ തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നും എൻ.എസ്.യു.ഐ ആരോപിച്ചു.
സംഭവത്തെ തുടർന്ന് കോളേജിലും പരിസരത്തും വിദ്യാർത്ഥികളുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അൽഗാപൂർ-കാറ്റ്ലിചെറ എം.എൽ.എയും ആസാം പ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ സുബൈർ അനം മജുംദാർ കാച്ചാർ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എസ്.പി) പി.പി ദാസിന് നിവേദനം നൽകി. യൂണിഫോം നിയമങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ ബാധകമാക്കണമെന്നും ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് വിവേചനം കാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags: Assam News, Cachar College Hijab Row, Hijab Controversy Assam, ABVP NSUI Clash, Assam Student Politics, India News Malayalam, Assam College News
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



