അമേരിക്ക ഇറാനെതിരെ വ്യോമാക്രമണം തുടരുന്നതിനിടെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. അമേരിക്കയ്ക്ക് ഇറാന്റെ സായുധ സേന ‘മറക്കാനാകാത്ത പാഠങ്ങൾ’ നൽകുമെന്ന് ഖമനേയി പ്രതികരിച്ചു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്കും മേഖലയിലെ അമേരിക്കൻ സൈനികർക്കുമെതിരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നടത്തിയ ആക്രമണശ്രമങ്ങൾക്ക് മറുപടിയായാണ് പുതിയ ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
|
തെക്കൻ ഇറാനിലെ സിറിക്കിൽ വിവാഹാഘോഷം നടന്നിരുന്ന വീടിന് സമീപം അമേരിക്കൻ മിസൈൽ ആക്രമണത്തിന്റെ ചീളുകൾ പതിച്ച് കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അധികൃതർ അറിയിച്ചു. എന്നാൽ സാധാരണക്കാരെ അമേരിക്ക ലക്ഷ്യമിട്ടിട്ടില്ലെന്ന് CENTCOM വ്യക്തമാക്കി.
ഇറാന്റെ തിരിച്ചടി
അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ താൽപര്യകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ജോർദാനിലെ യുഎസ് സൈനിക പരിശീലനകേന്ദ്രമായ ക്യാമ്പ് ടിറ്റിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി IRGC അവകാശപ്പെട്ടു.
ഇറാനിൽനിന്ന് വിക്ഷേപിച്ച കുറഞ്ഞത് 10 ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾ തടഞ്ഞതായി ജോർദാൻ സൈന്യവും അറിയിച്ചു.
ബഹ്റൈനിലും കുവൈത്തിലും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ അമേരിക്കൻ ആക്രമണങ്ങളുണ്ടായാൽ അതിനേക്കാൾ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
IRGC വക്താവ് ഹൊസൈൻ മൊഹെബിയും അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. “പുതിയ ആക്രമണങ്ങളിൽ വാഷിങ്ടൺ ഖേദിക്കും; ആക്രമണകാരികളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്” എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




