01
Aug 2026
Mon
01 Aug 2026 Mon
Supreme court refuses to halt CJP protest march on Sep 5

സെപ്റ്റംബർ 5ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിനെതിരെ അടിയന്തര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു. ഇന്ത്യാ ഗേറ്റിൽ നിന്ന് ന്യൂഡൽഹി പോലീസ് ആസ്ഥാനത്തേക്ക് നടത്താനിരിക്കുന്ന മാർച്ച് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് നിലവിൽ കരുതാൻ കാരണമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിഷേധത്തിന്റെ പേരിൽ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിന്റെയും പോലീസിന്റെയും ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരൻ ബന്ധപ്പെട്ട അധികാരികളെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു. “ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും ഉത്തരവാദിത്തത്തോടെയും സമാധാനപരമായും നിയമപരമായും പെരുമാറുമെന്ന് കരുതാം”, ചീഫ് ജസ്റ്റിസ് പറഞ്ഞു.

വിഷയത്തിൽ രണ്ട് വശങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു—ക്രമസമാധാനവും നയപരമായ കാര്യങ്ങളും. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കക്ഷികൾ ആദ്യം സർക്കാരിനെയും പോലീസിനെയും സമീപിക്കണമെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബർ 5ലെ മാർച്ചിന് മുൻകൂർ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് കോടതിയുടെ നിലപാട്. എന്നാൽ സ്ഥിതിഗതികൾ ഗുരുതരമാകുകയോ ആശങ്കപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

“അപകടകരമായ എന്തെങ്കിലും സംഭവിക്കുന്നതായി തോന്നിയാൽ നിങ്ങൾക്ക് വീണ്ടും കോടതിയെ സമീപിക്കാം”, ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ കോടതിയുടെ ഇടപെടൽ നിയമപരമായ പരിധിയിലുള്ള വിഷയങ്ങളിൽ മാത്രമായിരിക്കുമെന്നും വ്യക്തമാക്കി. കേസിൽ അടുത്ത വാദം സെപ്റ്റംബർ 10ന് നടക്കും.

ജൂലൈ 25ന് നീറ്റ് പേപ്പർ ചോർച്ചക്കെതിരെ രാജ്യവ്യാപകമായി നടത്തിയിരുന്ന വലിയ പ്രക്ഷോഭം അവസാനിപ്പിക്കുമ്പോൾ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് സി.ജെ.പിയുടെ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് എഫ്.ഐ.ആറുകൾ പിൻവലിക്കുന്നതും രേഖാമൂലമുള്ള ഉറപ്പുകൾ നൽകുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നാണ് പാർട്ടി പറയുന്നത്.

ആഗസ്റ്റ് 24നാണ് സെപ്റ്റംബർ 5ലെ പ്രതിഷേധ മാർച്ച് സി.ജെ.പി പ്രഖ്യാപിച്ചത്. സമരം സമാധാനപരമായിരിക്കുമെന്നും പാർട്ടി വ്യക്തമാക്കി.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങളും ജൂലൈ 20ലെ പൊലീസ് നടപടിയിൽ ഇരകളായവരുടെ കുടുംബങ്ങളും മാർച്ചിന് നേതൃത്വം നൽകുമെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് അറിയിച്ചിരുന്നു.

സർക്കാർ യുവതലമുറയ്ക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടുപോകുകയാണെന്നും ഇത് ‘വിശ്വാസവഞ്ചന’ ആണെന്നും ആരോപിച്ചാണ് പുതിയ പ്രതിഷേധത്തിന് സി.ജെ.പി ആഹ്വാനം ചെയ്തിരിക്കുന്നത്.

ALSO READ: ബജ്റം​ഗ്​ദൾ ആക്രമണം ചെറുത്ത ജിം ഉടമ ‘മുഹമ്മദ്’ ദീപക്കിനെതിരായ ക്രിമിനൽ നടപടികൾ സുപ്രിംകോടതി സ്റ്റേ ചെയ്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക