02
Sep 2026
Wed
02 Sep 2026 Wed
5,000 US Sailors Head to Thailand; Pattaya Police Step Up Raids on Sex Workers

200 ദിവസത്തിലേറെ കടലിൽ ചെലവഴിച്ച ശേഷം 5,000 അമേരിക്കൻ നാവികരും മറൈൻ സേനാംഗങ്ങളും പട്ടായയിലെത്തുന്നതിന് പിന്നാലെ നഗരത്തിൽ സുരക്ഷ ശക്തമാക്കി തായ് പോലീസ്. അമേരിക്കൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് അബ്രാഹം ലിങ്കൺ ബുധനാഴ്ച സമീപത്തെ ലേം ചബാങ്ങിൽ എത്തും. മറ്റ് രണ്ട് യുഎസ് നാവികസേനാ കപ്പലുകളും വിമാനവാഹിനിക്കപ്പലിനൊപ്പമുണ്ടാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൈനികർക്ക് വിശ്രമിക്കാനും വിനോദത്തിനുമായി തീരത്തിറങ്ങാൻ അനുമതി നൽകും. ഇതോടെ പട്ടായയിലെ വിനോദസഞ്ചാര മേഖലയിൽ വലിയ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അമേരിക്കൻ സൈനികരുടെ വരവോടെ നഗരത്തിൽ വേശ്യാവൃത്തി വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് പട്രോളിങ് ശക്തമാക്കിയത്. ബീച്ച് മേഖലകളിലും പ്രധാന നൈറ്റ് ലൈഫ് കേന്ദ്രങ്ങളിലുമാണ് കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യത്തിൽ നടത്തിയ പരിശോധനകളിൽ വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട സംശയത്തിൽ 40 മുതൽ 50 വരെ പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

പട്ടായ പൊലീസ് മേധാവി അനെക് സ്രത്തോങ്യു പറയുന്നത്, ലൈംഗിക വ്യാപാരം നിയന്ത്രിക്കുന്നത് വെല്ലുവിളിയാണെന്നാണ്. പൊതുസ്ഥലങ്ങളിൽ തന്നെ ലൈംഗിക തൊഴിലാളികൾ ഇടപാടുകാരെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാം നിരീക്ഷിക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടായയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ്

അമേരിക്കൻ സൈനികരുടെ സന്ദർശനം പട്ടായയിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, കടകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾക്ക് താൽക്കാലിക സാമ്പത്തിക ഉണർവ് നൽകുമെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ പ്രതീക്ഷ.

ഓരോ അമേരിക്കൻ സൈനികനും ഒരു ദിവസം 1,000 മുതൽ 3,000 തായ് ബാത്ത് വരെ ചെലവഴിക്കാമെന്നാണ് പട്ടായ മേയർ പൊരമാസെ ങാംപിചെസിന്റെ കണക്ക്. ഏകദേശം 30 മുതൽ 91 യുഎസ് ഡോളർ വരെയാണ് ഇത്.

എല്ലാ സൈനികരും ഒരേസമയം തീരത്തിറങ്ങില്ല. ഘട്ടംഘട്ടമായാണ് ഷോർ ലീവ് അനുവദിക്കുക. അതിനാൽ സാമ്പത്തിക നേട്ടം ഏതാനും ദിവസങ്ങളിലായി വ്യാപിക്കാനാണ് സാധ്യത.

അമേരിക്കൻ സൈനികരുമായി ദീർഘകാല ബന്ധം

വിയറ്റ്നാം യുദ്ധകാലത്ത് തായ്‌ലൻഡിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ സൈനികർ വിശ്രമത്തിനായി പട്ടായയിലെത്താൻ തുടങ്ങിയതോടെയാണ് മത്സ്യബന്ധന ഗ്രാമമായിരുന്ന പട്ടായ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വളരാൻ തുടങ്ങിയത്.

തായ്‌ലൻഡിൽ വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും പട്ടായ ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലൈംഗിക വ്യവസായം ഇപ്പോഴും സജീവമാണ്.

200 ദിവസത്തിലേറെ കടലിൽ യുഎസ്എസ് അബ്രഹാം ലിങ്കൺ

അമേരിക്കയിലെ സാൻ ഡിയാഗോ തുറമുഖത്ത് നിന്ന് നവംബറിൽ പുറപ്പെട്ട USS Abraham Lincoln പിന്നീട് മധ്യപൂർവദേശത്തെ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ വഴിതിരിച്ചുവിടുകയായിരുന്നു. ഇതോടെ കപ്പലിന്റെ കടൽവാസം 200 ദിവസത്തിലേറെയായി നീണ്ടു.

ആധുനിക കാലത്തെ യുഎസ് വിമാനവാഹിനിക്കപ്പലുകളുടെ ഏറ്റവും ദൈർഘ്യമേറിയ വിന്യാസങ്ങളിലൊന്നാണിതെന്നാണ് റിപ്പോർട്ടുകൾ. ദീർഘകാല ദൗത്യത്തിനിടെ കപ്പലിലെ ജീവനക്കാരുടെ മാനസിക സമ്മർദ്ദവും മോറൽ കുറയുന്നതും സംബന്ധിച്ച ആശങ്കകളും ഉയർന്നിട്ടുണ്ട്.

ALSO READ: ഇറാനിൽ വിവാഹവേദിക്ക് സമീപം യുഎസ് മിസൈൽ പതിച്ചു നാലു കുട്ടികൾ കൊല്ലപ്പെട്ടു; അമ്പതോളം പേർക്ക് പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക