മലമ്പനി പ്രതിരോധത്തിനായി വിതരണം ചെയ്ത ക്ലോറോക്വിൻ ഗുളിക കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട ഏഴ് വയസുകാരി മരിച്ചു. ആന്ധ്രാപ്രദേശിലെ പോളവാരം ജില്ലയിലെ ഗോല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ 52 പേർ ചികിത്സയിൽ തുടരുകയാണ്.
|
തെലങ്കാന അതിർത്തിയോട് ചേർന്നുള്ള ഗ്രാമത്തിൽ മലമ്പനി പ്രതിരോധത്തിന്റെ ഭാഗമായി 71 പേർക്കാണ് ക്ലോറോക്വിൻ ഗുളികകൾ വിതരണം ചെയ്തത്. മരുന്ന് കഴിച്ചതിന് പിന്നാലെ പലർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് 29 പേരെ തെലങ്കാനയിലെ ആശുപത്രിയിലും 24 പേരെ സമീപത്തെ ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
അസ്വസ്ഥത അനുഭവപ്പെട്ടവരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മദിവി ജമുനയും ഉണ്ടായിരുന്നു. ചികിത്സയിലിരിക്കെയാണ് ഏഴ് വയസുകാരി മരിച്ചത്. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയിലുള്ള മറ്റ് രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ ദിനേഷ് കുമാർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് മൂന്ന് ശിശുരോഗ വിദഗ്ധർ ഉൾപ്പെടെയുള്ള പ്രത്യേക മെഡിക്കൽ സംഘത്തെ ഗ്രാമത്തിൽ വിന്യസിച്ചു. മെഡിക്കൽ ക്യാമ്പും ആരംഭിച്ചിട്ടുണ്ട്. കാകിനാഡ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ നിന്നുള്ള ഒമ്പതംഗ വിദഗ്ധ സംഘം ഗ്രാമത്തിലെത്തി. വിജയവാഡ, രാജമഹേന്ദ്രവരം, കാകിനാഡ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് മെഡിക്കൽ സംഘങ്ങൾ കൂടി സ്ഥലത്തെത്തും.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകി. രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും ജില്ലാ കലക്ടറുമായും മുഖ്യമന്ത്രി സംസാരിച്ചു. സംഭവത്തിന്റെ സാഹചര്യം, രോഗികൾക്ക് നൽകുന്ന ചികിത്സ, നിലവിലെ ആരോഗ്യസ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശങ്ങളും അദ്ദേഹം തേടി.
ക്ലോറോക്വിൻ മലേറിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിപാരസൈറ്റിക് മരുന്നാണ്. മരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണോ അസ്വസ്ഥതയും മരണവും ഉണ്ടായതെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
ALSO READ: 5,000 അമേരിക്കൻ സൈനികർ എത്തുന്നു; വേശ്യാവൃത്തി തടയാൻ പട്രോളിങ് ശക്തമാക്കി പട്ടായ പോലീസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



