03
Sep 2026
Thu
03 Sep 2026 Thu
Abhinandan Vardhaman retires and joins airlines

2019ലെ ഇന്ത്യ–പാക് വ്യോമസംഘർഷത്തിനിടെ പാകിസ്ഥാൻ പിടികൂടിയ ഇന്ത്യൻ വ്യോമസേന മുൻ ഗ്രൂപ്പ് ക്യാപ്റ്റനും വീർചക്ര ജേതാവുമായ അഭിനന്ദൻ വർത്തമാൻ വ്യോമസേനയിൽ നിന്ന് അകാല വിരമിക്കൽ നേടി. ഇനി സ്വകാര്യ വിമാനക്കമ്പനിയിൽ കൊമേഴ്സ്യൽ പൈലറ്റായി പുതിയ കരിയറിന് തുടക്കമിടുകയാണ് അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

22 വർഷത്തെ സേവനത്തിന് ശേഷമാണ് അഭിനന്ദൻ വ്യോമസേനയിൽ നിന്ന് വിരമിച്ചത്. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക വിമാനക്കമ്പനിയായ FLY91-ൽ പൈലറ്റായി അദ്ദേഹം ചേർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ആഗസ്റ്റിലാണ് അദ്ദേഹം കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇക്കാര്യത്തിൽ അഭിനന്ദൻ വർത്തമാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടുന്നത് സ്വകാര്യ വിഷയമായതിനാൽ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് FLY91 വക്താവും അറിയിച്ചു. 2024 മാർച്ചിലാണ് FLY91 സർവീസ് ആരംഭിച്ചത്. നിലവിൽ ആറ് ATR 72-600 വിമാനങ്ങളാണ് കമ്പനിക്കുള്ളത്. ഗോവയും ഹൈദരാബാദുമാണ് പ്രധാന ബേസുകൾ.

2019ലെ വ്യോമപോരാട്ടത്തിലെ ധീരനായകൻ

2019 ഫെബ്രുവരി 14ന് പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകര പരിശീലനകേന്ദ്രത്തിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.

തുടർന്നുള്ള ദിവസം പാകിസ്ഥാൻ വ്യോമസേന നടത്തിയ തിരിച്ചടിക്കിടെയാണ് അഭിനന്ദൻ വർത്തമാൻ പങ്കെടുത്ത വ്യോമപോരാട്ടം നടന്നത്. മിഗ്-21 ബൈസൺ യുദ്ധവിമാനം ഉപയോഗിച്ചിരുന്ന അഭിനന്ദൻ പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇന്ത്യ അവകാശപ്പെട്ടു. പിന്നാലെ അദ്ദേഹത്തിന്റെ മിഗ്-21 തകർന്നുവീഴുകയും പാകിസ്ഥാൻ സൈന്യം അദ്ദേഹത്തെ പിടികൂടുകയും ചെയ്തു.

മൂന്ന് ദിവസത്തോളം പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന അഭിനന്ദനെ 2019 മാർച്ച് ഒന്നിന് രാത്രി ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. വിമാനം തകർന്നുവീഴുന്നതിനിടെ പുറത്തേക്ക് ചാടിയതിനാൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. വ്യോമപോരാട്ടത്തിനിടെ പ്രകടിപ്പിച്ച അസാധാരണമായ കർത്തവ്യബോധത്തിനും ധീരതയ്ക്കുമാണ് 2019ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന യുദ്ധകാല ധീരതാ പുരസ്കാരമായ വീർചക്ര നൽകി അഭിനന്ദനെ ആദരിച്ചത്.

ALSO READ: ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു രണ്ട് യുവാക്കൾ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക