അയോധ്യ: സംഭാവന മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ നടത്തിയ ഘടനാപരമായ മാറ്റങ്ങളും പുതിയ നിയമനങ്ങളും വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. ട്രസ്റ്റിൽ മൂന്ന് പുതിയ അംഗങ്ങളെ നിയമിച്ചതിന് പിന്നാലെ സംഘടനയുടെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി (സിഇഒ) എയർ മാർഷൽ (റിട്ട.) ജിതേന്ദ്ര മിശ്രയെ നിയമിച്ചു.
|
അയോധ്യയിൽ നിന്നുള്ള മദൻ മോഹൻ പാണ്ഡെ, ഡൽഹിയിൽ നിന്നുള്ള മഹേഷ് ഭഗ്ചന്ദ്ക, ഷിക്കോഹാബാദിൽ നിന്നുള്ള നിർമല യാദവ് എന്നിവരാണ് പുതിയ ട്രസ്റ്റ് അംഗങ്ങൾ. ട്രസ്റ്റിലെ ചില ഉദ്യോഗസ്ഥർ അറസ്റ്റിലാകുകയും ചിലർ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നിയമനങ്ങൾ.
ജിതേന്ദ്ര മിശ്രയായിരുന്നു ഓപറേഷൻ സിന്ദൂറിനിടെ വെസ്റ്റേൺ എയർ കമാൻഡിന് നേതൃത്വം നൽകിയത്. ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നതിനാണ് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. എന്നാൽ നിയമനത്തിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. “സംഭാവന മോഷണം നിയമവിധേയമാക്കാനാണ് CEOയെ നിയമിച്ചത്” എന്ന് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അജയ് റായ് ആരോപിച്ചു. ക്ഷേത്രത്തിൽ CEOയുടെ ആവശ്യമില്ലെന്നും പകരം മതപണ്ഡിതരെയും ശങ്കരാചാര്യന്മാരെയും സന്യാസിമാരെയും ആചാര്യന്മാരെയും ഉൾപ്പെടുത്തി നിയമനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും നടപടിയെ വിമർശിച്ചു. നിയമനങ്ങൾ നടത്തിയത് ഇതേ ആളുകളാണെന്നും, നിഷ്പക്ഷത അവകാശപ്പെട്ടാലും തിരഞ്ഞെടുപ്പിന് പിന്നിൽ ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ പലരും മോഷണം നടത്തുന്നതിനിടെ ക്യാമറയിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. വിവാദം രൂക്ഷമായതിനെ തുടർന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് രാജിവെക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ഡ്രൈവറും കേസിൽ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. എന്നാൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിൽ ചമ്പത് റായിക്ക് മോഷണക്കേസിൽ ക്ലീൻചിറ്റ് നൽകിയിട്ടുണ്ട്.
പുതിയ നിയമനങ്ങൾ സ്ഥാപന നേതൃത്വ മികവ്, മാനേജ്മെന്റ് പരിചയം, സത്യസന്ധത, ദീർഘവീക്ഷണം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണെന്ന് ട്രസ്റ്റ് വ്യക്തമാക്കി. 600 മാർക്കിന്റെ മൂല്യനിർണയ പ്രക്രിയയിലൂടെയാണ് ഉദ്യോഗാർത്ഥികളെ വിലയിരുത്തിയത്. ആഗസ്റ്റ് 11, 12 തീയതികളിൽ അയോധ്യയിൽ 16 ഉദ്യോഗാർഥികളുടെ അന്തിമ അഭിമുഖം നടത്തിയ ശേഷമാണ് പുതിയ നിയമനങ്ങൾ നടത്തിയതെന്നും ട്രസ്റ്റ് അറിയിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർ “ഉയർന്ന യോഗ്യതയുള്ള പ്രഫഷണലുകൾ” ആണെന്നാണ് ട്രസ്റ്റിന്റെ വിശദീകരണം.
ALSO READ: അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസായി പങ്കുവച്ച പോലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



