ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയ്ക്ക് ഉള്ളില്‍ ചിത്രീകരിച്ച ബോളിവുഡ് ശൈലിയിലുള്ള സ്റ്റണ്ട് വീഡിയോ കണ്ട് തലപുകയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. കണ്ടന്റ് ക്രിയേറ്ററായ നിഖില്‍ കൊച്ചാര്‍ പങ്കുവെച്ച വീഡിയോ ഇതിനകം 137 ദശലക്ഷത്തിലധികം (13.7 കോടി) ആളുകളാണ് കണ്ടത്. എന്നാല്‍ വീഡിയോയിലെ നൃത്തത്തേക്കാള്‍ ഉപരി ഇത് എങ്ങനെ ക്യാമറയില്‍ പകര്‍ത്തി എന്ന നിഗൂഢതയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം.
|
വൈറല്‍ വീഡിയോയില്‍, ഒരു സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ നിഖില്‍ തന്റെ മൊബൈല്‍ ഫോണ്‍ മെട്രോ ട്രെയിനിന്റെ ഗ്ലാസ് ജനലില്‍ ഒട്ടിച്ചുവെക്കുന്നത് കാണാം. തുടര്‍ന്ന് പശ്ചാത്തലത്തില്‍ ‘മന്‍മ ഇമോഷന്‍ ജാഗേ’ എന്ന ബോളിവുഡ് ഗാനം പ്ലേ ചെയ്യുമ്പോള്‍ അയാള്‍ സ്റ്റേഷനില്‍ വെച്ച് ഡാന്‍സ് കളിക്കുന്നു. ട്രെയിന്‍ നീങ്ങിത്തുടങ്ങുമ്പോള്‍ പുറത്തെ കാഴ്ചകള്‍ ഫോണില്‍ പതിയുന്നതും, ഒപ്പം ഓടുന്ന മെട്രോയ്‌ക്കൊപ്പം നിഖില്‍ പ്ലാറ്റ്ഫോമിലൂടെ ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
View this post on Instagram
എന്നാല്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ച നെറ്റിസണ്‍സ് ചില സംശയങ്ങള്‍ ഉന്നയിച്ചു തുടങ്ങി. വിന്‍ഡോയില്‍ ഒട്ടിച്ച ഫോണിന് രണ്ടാം ഭാഗത്ത് കാണിക്കുന്ന ദൃശ്യങ്ങള്‍ അതേപടി പകര്‍ത്തുവാന്‍ കഴിയില്ലെന്നാണ് ഭൂരിഭാഗം പേരുടെയും കണ്ടെത്തല്‍. വീഡിയോയുടെ രണ്ടാം ഭാഗം ട്രെയിനിന് ഉള്ളില്‍ നിന്ന് ചിത്രീകരിച്ചതാണെന്നും ഗ്ലാസിലെ പ്രതിഫലനങ്ങള്‍ വ്യക്തമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഒന്നിലധികം വീഡിയോകള്‍ എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്തതാകാമെന്നും, സുഹൃത്ത് ഉള്ളില്‍ നിന്ന് എടുത്തതാകാമെന്നും കമന്റുകളില്‍ പറയുന്നു.
വീഡിയോ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയതോടെ പ്രതികരണവുമായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (DMRC) രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഡി.എം.ആര്‍.സി മുന്നറിയിപ്പ് നല്‍കിയത്.
‘ചില സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ മെട്രോ ട്രെയിന്‍ ജനലുകളില്‍ ഒട്ടിച്ച് നീങ്ങുന്ന ട്രെയിനില്‍ നിന്ന് വീഡിയോകള്‍ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,’ എന്ന് ഡി.എം.ആര്‍.സി വ്യക്തമാക്കി. ഇത്തരം പ്രവൃത്തികള്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടോ പരിക്കോ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഫോണുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചേക്കാമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
മെട്രോ പരിധിക്കുള്ളില്‍ ഇത്തരത്തില്‍ വീഡിയോ ഷൂട്ട് ചെയ്യുന്ന ക്രിയേറ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മെട്രോ നെറ്റ്വര്‍ക്കിനുള്ളില്‍ ഇത്തരം വിഡിയോകള്‍ ചിത്രീകരിക്കരുതെന്നും ഡി.എം.ആര്‍.സി മുന്നറിയിപ്പ് നല്‍കി.
Tags: Delhi Metro Stunt Video, Delhi Metro Viral Video, Nikhil Kochar, DMRC Warning, Metro Station Reels Controversy, Viral News Malayalam, Trending News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





