06
Sep 2026
Sun
06 Sep 2026 Sun
15 year old drug cartle killer shot killed by security force

മയക്കുമരുന്ന് കടത്തുസംഘത്തിലെ കൊലയാളിയായ 15കാരനെ വെടിവച്ചുകൊന്ന് സുരക്ഷാസേന. മെക്സിക്കോയിലെ പടിഞ്ഞാറൻ സംസ്ഥാനമായ മിചൊവാക്കാനിലാണ് സംഭവം. അൽബെർട്ടോ ‘ചുച്ചിറ്റോ നിനി’ സാൻഡോവൽ എന്ന 15കാരനാണ് കൊല്ലപ്പെട്ടത്. കാർട്ടൽ ഡി ലോസ് റെയ്സ് തലവനായ അമ്മാവൻ ലൂയിസ് ‘എൽ ആർ-5’ ബറാഗനൊപ്പം ഇയാൾ സുരക്ഷാസേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി മെക്സിക്കൻ അധികൃതർ അറിയിച്ചു. ആഗസ്റ്റ് 30ന് നടത്തിയ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്മാവന്റെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥനായാണ് സാൻഡോവൽ പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ബറാഗന്റെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് മെക്സിക്കൻ സൈന്യവും നാഷണൽ ഗാർഡും സംസ്ഥാന പൊലീസും അറ്റോർണി ജനറൽ ഓഫീസും സംയുക്തമായി ഓപ്പറേഷൻ നടത്തുകയായിരുന്നു. ടൊകുംബോയിൽ വച്ച് സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

സാൻഡോവലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ബന്ധമുള്ളതായി കരുതുന്ന ചിത്രങ്ങളിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ചെറുപ്പത്തിൽ ഫുട്ബോൾ ജഴ്സി ധരിച്ചുനിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം പിന്നീട് സൈനിക രീതിയിലുള്ള വസ്ത്രം ധരിച്ച് ആക്രമണ റൈഫിളുകളുമായി നിൽക്കുന്ന ചിത്രങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

കാർട്ടൽ തലവനായ ബറാഗനെ മയക്കുമരുന്ന്, തോക്ക് കേസുകളിൽ അമേരിക്ക അന്വേഷിച്ചുവരികയായിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾക്ക് അമേരിക്ക 3 മില്യൺ ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.മെക്സിക്കോയിൽ കുട്ടികളെയും കൗമാരക്കാരെയും മയക്കുമരുന്ന് കാർട്ടലുകൾ വിവിധ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന സംഭവങ്ങൾ അപൂർവമല്ല. മയക്കുമരുന്ന് വിൽപ്പന, നിരീക്ഷണം, കൊലപാതകം തുടങ്ങിയ ജോലികൾക്കായി നിരവധി കുട്ടികളെ നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ സംഘങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ടെന്നാണ് സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ.

എന്നാൽ സാൻഡോവലിന്റെ കാര്യത്തിൽ പ്രത്യേകതയുണ്ടെന്നാണ് സുരക്ഷാ അനലിസ്റ്റ് ഡേവിഡ് സോസെഡോ ചൂണ്ടിക്കാട്ടുന്നത്. ശക്തമായ കാർട്ടലുകൾ പലപ്പോഴും കുടുംബ ബിസിനസുകൾ പോലെയാണ് പ്രവർത്തിക്കുന്നതെന്നും നേതൃസ്ഥാനം അച്ഛനിൽ നിന്ന് മകനിലേക്കോ അമ്മാവനിൽ നിന്ന് അനന്തരവനിലേക്കോ സഹോദരങ്ങൾക്കിടയിലോ കൈമാറുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർട്ടൽ ഡി ലോസ് റെയ്സിന്റെ മുൻ തലവൻ അൽഫോൻസോ ‘പോഞ്ചോ ല ക്വിറിംഗ്വ’ ഫെർണാണ്ടസ് ആഗസ്റ്റ് ഒന്നിന് അറസ്റ്റിലായതിന് പിന്നാലെയാണ് ബറാഗൻ സംഘത്തിന്റെ തലവനായതെന്നും റിപ്പോർട്ടിൽ പറയുന്നു.

ALSO READ: ലഹരിക്കടത്ത് കേസിൽ ടെലിവിഷൻ അവതാരകയടക്കം 12 പേർക്കു വധശിക്ഷ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക