ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്.ജി.സി) രണ്ട് യു.എസ് നാവികസേനാ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതിന് പിന്നാലെ ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ ആക്രമിച്ചതായി അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ശനിയാഴ്ച നടന്ന ഇറാനിയന്‍ ആക്രമണത്തില്‍ നിന്ന് യു.എസ് വിമാനവാഹിനിക്കപ്പലും ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറും രക്ഷപ്പെട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം – CENTCOM) അറിയിച്ചു.
|
മേഖലാ സമുദ്ര അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് യു.എസ് യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഐ.ആര്.ജി.സി ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതിനെ തുടര്‍ന്നാണ് തിരിച്ചടിയെന്നോണം ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് സെന്റ്കോം പറഞ്ഞു. ആക്രമണത്തില്‍ യു.എസ് സൈനികര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല.
ഒമാന്‍ ഉള്‍ക്കടലിലും ഇറാന്റെ ഖാര്‍ഗ് ദ്വീപിന് സമീപമുള്ളതുമായ എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് അമേരിക്കന്‍ ആക്രമണമുണ്ടായത്. ഇറാന്റെ രണ്ട് ക്രൂഡ് ഓയില്‍ കപ്പലുകളുടെ പ്രവര്‍ത്തനം നിര്‍വീര്യമാക്കുകയും മൂന്നാമതൊന്ന് തകര്‍ക്കുകയും ചെയ്തതായി യു.എസ് സൈന്യം അവകാശപ്പെട്ടു.
ഐ.ആര്.ജി.സിക്കും അവരുടെ പ്രാദേശിക പ്രതിനിധികള്‍ക്കും സാമ്പത്തിക സഹായം നല്കുന്ന ശതകോടികളുടെ ശൃംഖലയുടെ ഭാഗമാണ് ഈ കപ്പലുകളെന്നാണ് അമേരിക്ക ആരോപിക്കുന്നത്.’ഐ.ആര്.ജി.സിക്കുള്ള സന്ദേശം വ്യക്തമാണ്: നിങ്ങള്‍ ഞങ്ങളുടെ രണ്ട് കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്താല്‍, ഞങ്ങള്‍ അതിനേക്കാള്‍ വലിയ സാമ്പത്തിക നഷ്ടം അടിച്ചേല്‍പ്പിക്കും
‘അമേരിക്കന്‍ സേനയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ മടിക്കില്ല, ആവശ്യമെങ്കില്‍ ഇറാന്റെ പരിമിതമായ എണ്ണക്കപ്പലുകള്‍ പൂര്‍ണ്ണമായും തകര്‍ക്കും,’ സെന്റ്കോം കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു.
അതേസമയം, എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആളപായമുണ്ടോ എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് സെന്റ്കോം തയ്യാറായിട്ടില്ല. എണ്ണക്കപ്പലുകള്‍ തകര്‍ത്തതിന് മറുപടിയായി, യു.എസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവ ഉള്‍പ്പെടെ നിരവധി കപ്പലുകളെ ആക്രമിച്ചതായി ഇറാന്റെ സൈന്യം ശനിയാഴ്ച അറിയിച്ചു.
ഇറാനിയന്‍ കപ്പലുകളെ ഉപദ്രവിക്കുകയും ഉപരോധത്തില്‍ പങ്കാളികളാകുകയും ചെയ്ത യു.എസ് വിമാനവാഹിനിക്കപ്പലിനും നേവല്‍ ഡിസ്ട്രോയറിനും നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി ഐ.ആര്.ജി.സി അവകാശപ്പെട്ടു. ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് രണ്ട് കപ്പലുകളും സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്മാറാന് നിര്‍ബന്ധിതരായെന്നും ഇറാന്റെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
‘അമേരിക്ക ശത്രുതാപരവും ആക്രമണാത്മകവുമായ നടപടികള്‍ തുടരുകയാണെങ്കില്‍, ഇറാന് സൈന്യത്തില്‍ നിന്ന് ശക്തമായ തിരിച്ചടി പ്രതീക്ഷിക്കാം. ഞങ്ങള്‍ മുന്പത്തേക്കാള് ശക്തരാണ്,’ ഐ.ആര്.ജി.സി പ്രസ്താവനയില്‍ പറഞ്ഞു. പേര്‍ഷ്യന്‍ ഉള്‍ക്കടലിലെയും ഹോര്‍മുസ് കടലിടുക്കിലെയും മറ്റ് കപ്പലുകള്‍ യു.എസ് സൈന്യത്തിന്റെ വഞ്ചനയില്പ്പെടരുതെന്നും അനുമതിയില്ലാത്ത ജലപാതകളിലൂടെ കടന്നുപോകരുതെന്നും ഇറാന് മുന്നറിയിപ്പ് നല്കി.
ഇതുവരെ 18 യു.എസ് സൈനികരുടെ മരണത്തിന് ഇടയാക്കിയ യുദ്ധം ‘വളരെ ചെറിയൊരു വിഷയം’ മാത്രമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിന് തൊട്ടുപിറ്റേന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും കടുത്ത ആക്രമണം നടന്നിരിക്കുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടതോടെ ഇരുവിഭാഗവും പരസ്പരം സാമ്പത്തികവും സൈനികവുമായ പ്രഹരമേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബര്‍ ആദ്യത്തോടെയാണ് യു.എസും ഇറാനും വീണ്ടും നേരിട്ടുള്ള ആക്രമണങ്ങള്‍ പുനരാരംഭിച്ചത്. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങളോടെ ആരംഭിച്ച ഈ യുദ്ധം ഇപ്പോള്‍ ആറാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.
Tags: US Iran War, IRGC Missile Attack, US Central Command, CENTCOM, Gulf of Oman Conflict, Donald Trump, International News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


