എറണാകുളം: പാലക്കാട് ശ്രീനിവാസന് വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. പിഎഫ്ഐ കരമന അഷ്റഫ് മൗലവി, അബ്ദുല്‍ ഖാദര്‍, ഫിറോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ദീര്‍ഘകാലമായി കസ്റ്റഡിയില്‍ കഴിയുന്നതും വിചാരണ നടപടികളിലുണ്ടായ കാലതാമസവും മാത്രം ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
|
കേസില്‍ യഥാക്രമം രണ്ട്, 19, 20 പ്രതികളാണ് അഷ്റഫ് മൗലവി, അബ്ദുല്‍ ഖാദര്‍, ഫിറോസ് എന്നിവര്‍. ഇതോടെ മൂവര്‍ക്കും ജാമ്യം ലഭിക്കാനുള്ള സാധ്യത വീണ്ടും അടഞ്ഞു.
ഇത് രണ്ടാം തവണയാണ് ജാമ്യത്തിനായുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളുന്നത്. നേരത്തെ 2025-ല്‍ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീംകോടതിയും ഹര്‍ജി പരിഗണിച്ച് തള്ളിയിരുന്നു. തുടര്‍ന്ന് 2026 ഫെബ്രുവരിയില്‍ പ്രത്യേക കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഈ ഉത്തരവിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ദീര്‍ഘകാല കസ്റ്റഡിയും വിചാരണയിലെ കാലതാമസവും മാത്രം ജാമ്യം അനുവദിക്കുന്നതിന് മതിയായ കാരണങ്ങളല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കൂടാതെ, പ്രോസിക്യൂഷന് സമര്‍പ്പിച്ച തെളിവുകളില്‍ പ്രതികളുടെ പങ്ക് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന പ്രത്യേക കോടതി വിലയിരുത്തലില്‍ ഇടപെടാനും ഹൈക്കോടതി തയ്യാറായില്ല. കേസില്‍ കുറ്റം ചുമത്തുന്നതിനുള്ള നടപടികള്‍ക്ക് 2024 മേയില്‍ സുപ്രീംകോടതി സ്റ്റേ നല്‍കിയിരുന്നു. 2026 മേയ് 19നാണ് സ്റ്റേ നീക്കിയത്. തുടര്‍ന്ന് നിയമാനുസൃതമായി വിചാരണ തുടരാന്‍ എന്‍ഐഎയ്ക്ക് സുപ്രീംകോടതി അനുമതി നല്കി. അതിനാല്‍ വിചാരണ വൈകുന്നതിന് പ്രോസിക്യൂഷനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നായിരുന്നു എന്‍ഐഎയുടെ വാദം.
2022 ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറിയിലെ ‘എസ്.കെ.എസ് ഓട്ടോസ്’ എന്ന സ്വന്തം സ്ഥാപനത്തില്‍ വെച്ചാണ് ശ്രീനിവാസന് കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന് വധമെന്നാണ് കണ്ടെത്തല്‍.
തുടക്കത്തില്‍ കേരള പൊലീസ് അന്വേഷിച്ച ഈ കേസ്, പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. ഈ കേസില്‍ ആകെ 71 പ്രതികളും ആയിരത്തിലധികം സാക്ഷികളുമുണ്ട്. പിഎഫ്ഐ ഭാരവാഹികളും പ്രവര്‍ത്തകരുമാണ് ഇതില്‍ ഭൂരിഭാഗവും.
Tags: Palakkad Sreenivasan Murder Case, PFI Leaders Bail Rejected, Kerala High Court, Karamana Ashraf Moulavi, NIA News Malayalam, Kerala Crime News, Palakkad News, Popular Front of India
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



