ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോയ മലേഷ്യൻ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. തിങ്കളാഴ്ച വൈകിട്ട് 4.44ഓടെയാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.
|
മലേഷ്യൻ എയർലൈൻസിന്റെ MH156 വിമാനമാണ് ചെന്നൈയിലേക്ക് തിരിച്ചുവിട്ടത്. എയർബസ് A330-200 വിഭാഗത്തിൽപ്പെട്ട വിമാനത്തിന്റെ രണ്ടാം എൻജിനിൽ (Engine No. 2) തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടിയത്.
വിമാനത്തിൽ ജീവനക്കാരടക്കം 186 പേരാണ് ഉണ്ടായിരുന്നത്. വൈകിട്ട് 4.07ന് ചെന്നൈ വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിമാനത്താവളത്തിലെ രക്ഷാപ്രവർത്തന സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തു. 4.40ന് എത്തേണ്ടിയിരുന്ന വിമാനം 4.44ന് വിമാനത്താവളത്തിലെ ബേ 45ൽ സുരക്ഷിതമായി ഇറക്കി.
വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ചെന്നൈ വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. വിമാനത്തിലെ സാങ്കേതിക തകരാർ സംബന്ധിച്ച് എയർലൈനിന്റെയും ബന്ധപ്പെട്ട സാങ്കേതിക സംഘങ്ങളുടെയും പരിശോധന തുടരുകയാണ്. യാത്രക്കാരുടെ തുടർയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ALSO READ:മോഷണം പേടിച്ച് വാഹനം ക്രെയിൻ ഉപയോഗിച്ചു വീടിന്റെ രണ്ടാം നിലയിലെ മേൽക്കൂരയിൽ കയറ്റി ഉടമയുടെ കരുതൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




