08
Sep 2026
Tue
08 Sep 2026 Tue
Toxic OTT Deal In Trouble

റിലീസിന് മുമ്പ് ടോക്‌സിക്കിന്റെ ഒടിടി അവകാശത്തിന് വാഗ്ദാനം ചെയ്തത് 150 കോടി; ഇപ്പോള്‍ 30 കോടിക്കും വേണ്ട; പലതും വെട്ടി മാറ്റി പുതിയ പതിപ്പിറക്കാനൊരുങ്ങി നിര്‍മാതാക്കള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ.ജി.എഫ് താരം യാഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്’ തിയേറ്ററുകളില്‍ വന്‍ പരാജയമായതോടെ ചിത്രത്തിന്റെ ഒ.ടി.ടി (OTT) അവകാശത്തുകയില്‍ വന്‍ ഇടിവ്. ആഗസ്റ്റ് 26-ന് റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് സമ്മിശ്രവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ നല്‍കുന്ന തുക കുത്തനെ കുറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രത്തിന്റെ റിലീസിന് മുന്‍പ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ 150 കോടി രൂപ വരെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയാല്‍ 200 കോടിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിര്‍മ്മാതാക്കള്‍ ഈ ഓഫര്‍ തള്ളുകയായിരുന്നു. ബിഗ് സ്‌ക്രീനില്‍ ചിത്രം വലിയ വിജയമാകുമെന്നും അതിലൂടെ ഒ.ടി.ടി തുക വര്‍ദ്ധിപ്പിക്കാമെന്നുമായിരുന്നു യാഷിന്റെയും അണിയറപ്രവര്‍ത്തകരുടെയും കണക്കുകൂട്ടല്‍.

ALSO READ: തോറ്റതിന്റെ അരിശം സിപിഎം സമുദായ സംഘടനകളോട് തീര്‍ക്കുന്നു; ചികില്‍സിച്ചില്ലെങ്കില്‍ ബംഗാളിലെ അവസ്ഥ വരും- എപി സമസ്ത മുഖപത്രം

എന്നാല്‍ തിയേറ്ററുകളിലെ തിരിച്ചടിയെ തുടര്‍ന്ന് ഇപ്പോള്‍ 30 കോടി രൂപ മാത്രമാണ് ഒ.ടി.ടി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനായി ഒ.ടി.ടിയ്ക്കായി ചിത്രത്തിന്റെ പുതിയ പതിപ്പ് (New Cut) ഇറക്കാന്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

18 പ്ലസ് അഡല്‍റ്റ് റേറ്റിങ്ങില്‍ ‘എ’ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അതിനാല്‍ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സുകളില്‍ നിന്നും വലിയ വരുമാനം ലഭിക്കാനിടയില്ല. ഇത് മറികടക്കാനും നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാനുമാണ് ഒടിടിക്കായി ചിത്രത്തിന്റെ പുതിയൊരു പതിപ്പ് എഡിറ്റ് ചെയ്ത് പുറത്തിറക്കാന്‍ ആലോചിക്കുന്നത്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കിയാര അദ്വാനി, നയന്‍താര, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. സ്വാതന്ത്ര്യാനന്തര ഗോവയുടെ പശ്ചാത്തലത്തില്‍ ഒരു ഗ്യാങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്.

Tags: Toxic Movie, Yash, Toxic OTT Rights, Geethu Mohandas, Toxic Box Office Collection, Nayanthara, Kiara Advani, Cinema News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക