ഇന്‍സ്റ്റാഗ്രാമും ഫെയ്‌സുബുക്കും തുറന്നാല്‍ എവിടെയും 80കളുടെ ഫുള്‍ വൈബ്. ലോകത്തിന്റെ ഏതോ കോണില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ ട്രെന്‍ഡിനോടപ്പം മലയാളികള്‍ ഒരു മുഴം മുമ്പേ നടക്കുന്നു. സമൂഹ മാധ്യമങ്ങള്‍ തുറന്നാല്‍ എല്ലാവരും 80കളിലെ സുന്ദരികളും സുന്ദരന്മാരുമാണ്. 80കളിലെ ഫാഷനിലും ഹെയര്‍സ്‌റ്റൈലിലും വിന്റജ് കാറുകളുടെയും ബുള്ളറ്റിന്റെയുമൊക്കെ അടുത്ത് നില്‍ക്കുന്ന ഫോട്ടോകളാണ് എങ്ങും.
|
ഉപയോക്താക്കള്‍ എഐ ടൂളുകളിലേക്ക് അപ്ലോഡ് ചെയ്യുന്ന മുഖത്തിന്റെ ചിത്രങ്ങളില്‍ നിന്ന് കമ്പനികള്‍ കൃത്യമായ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ ഭാവിയില്‍ പുതിയ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കപ്പെടാം. നമ്മള്‍ നല്‍കുന്ന ഹൈ-റെസല്യൂഷന്‍ ഫോട്ടോകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ക്ക് വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിക്കാനും, ഡീപ്ഫേക്ക് വീഡിയോകളും ചിത്രങ്ങളും തയാറാക്കി സാമ്പത്തിക തട്ടിപ്പുകള്‍ നടത്താനും എളുപ്പത്തില്‍ സാധിക്കും. വ്യക്തിഗത ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ആ ചിത്രങ്ങള്‍ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, അതോ എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്ന കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ഇന്നും യാതൊരു വ്യക്തതയുമില്ല.
അതുപോലെ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡാറ്റ അനലിറ്റിക്‌സ് കമ്പനികള്‍ക്കോ പരസ്യ ഏജന്‍സികള്‍ക്കോ ഇത്തരം വിവരങ്ങള്‍ വില്‍ക്കപ്പെട്ടേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സ്വകാര്യതയ്ക്ക് ഭീഷണിയാകുന്ന മറ്റ് ഘടകങ്ങള്‍
മുഖം മാത്രം പങ്കുവെക്കുന്നതിലല്ല, സ്വകാര്യതയുടെ മറ്റ് വശങ്ങളിലും നമ്മള്‍ ജാഗ്രത പാലിക്കണം. ഉദാഹരണത്തിന്, നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റോ മറ്റ് വ്യക്തിഗത അടയാളങ്ങളോ ഉണ്ടെങ്കില്‍ അത് വലിയ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാം. നമ്മളെ വ്യക്തിപരമായി തിരിച്ചറിയാന്‍ സഹായിക്കുന്ന എല്ലാ വിവരങ്ങളും അപരിചിതര്‍ക്ക് മുന്നിലേക്ക് തുറന്നുകൊടുക്കുന്നതിന് തുല്യമാണ്. ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ മെറ്റാഡാറ്റ (Metadata) ഉള്‍പ്പെടെയുള്ളവ ഓഫ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
മാനസികാരോഗ്യത്തെയും ബാധിക്കുന്ന ട്രെന്‍ഡ്
സുരക്ഷാ പ്രശ്‌നങ്ങള്‍ക്കപ്പുറം മറ്റ് ചില വെല്ലുവിളികളും ഈ എഐ ട്രെന്‍ഡ് ഉയര്‍ത്തുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എപ്പോഴും നിര്‍മ്മിക്കുന്നത് സോ-കോള്‍ഡ് ‘പെര്‍ഫക്ട്’ ചിത്രങ്ങളായിരിക്കും. പ്രോംപ്റ്റുകള്‍ വഴി പുറത്തുവരുന്ന ഇത്തരം അതിമനോഹരമായ ചിത്രങ്ങള്‍ ഉപയോക്താക്കളില്‍ മിഥ്യയായ സൗന്ദര്യ മാനദണ്ഡങ്ങള്‍ വളര്‍ത്താന്‍ സാധ്യതയുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലെ സ്വന്തം രൂപവുമായി എഐ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത് ആളുകളില്‍, പ്രത്യേകിച്ച് യുവതലമുറയില്‍ ആത്മവിശ്വാസക്കുറവിനും മാനസിക ബുദ്ധിമുട്ടുകള്‍ക്കും കാരണമായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എഐ മോഡലുകളുടെ പരിശീലനം
ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളുടെ ലക്ഷ്യം വെറുമൊരു സോഷ്യല്‍ മീഡിയ വിനോദം മാത്രമല്ലെന്നു ഓര്‍മ്മപ്പെടുത്തുകയാണ് ഈ മേഖലയിലെ വിദഗ്ധര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളെ പരിശീലിപ്പിക്കാനും വന്‍തോതില്‍ ഉപയോക്തൃ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള ഒരു ആസൂത്രിത ഡാറ്റാ ശേഖരണ ഉപാധിയായാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നു ഐ.ടി വിദഗ്ധനും ഐ.സി.എഫ്.ഒ.എസ്.എസ് ഡയറക്ടറുമായ ഡോ. സുനില്‍ തോമസ് തോണിക്കുഴിയില്‍ ചൂണ്ടികാട്ടുന്നു.
ഇതിനു പിന്നിലെ പ്രധാന സാങ്കേതിക വശങ്ങള്‍ അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. മുഖത്തിന്റെ ബയോമെട്രിക് മാപ്പിംഗ് (Facial Recognition & Biometric Mapping) ആണ് അതിലൊന്ന്. പഴയകാല ഹെയര്‍സ്‌റ്റൈലും റെട്രോ മേക്കപ്പും ചേരുമ്പോഴും ആ ചിത്രത്തില്‍ നമ്മള്‍ തന്നെയാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നത് എങ്ങനെയാണെന്നറിയാമോ? എ.ഐ നമ്മുടെ മുഖത്തിന്റെ ജ്യാമിതീയ ഘടന (facial geometry) കൃത്യമായി മാപ്പ് ചെയ്യുന്നുണ്ട്. കണ്ണുകള്‍, മൂക്കിന്റെ ആകൃതി, താടിയെല്ല്, ചര്‍മ്മത്തിന്റെ നിറം തുടങ്ങി ആയിരക്കണക്കിന് മൈക്രോ-പോയിന്റുകള്‍ സ്‌കാന്‍ ചെയ്താണ് മുഖത്തിന്റെ സൂക്ഷ്മമായ ഒരു ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കുന്നത്. ഇതിന്റെ ഏകദേശ രുപം ചിത്രത്തില്‍ കാണാം.
സൗജന്യമായി നാം എ.ഐക്കു പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. Reinforcement Learning from Human Feedback എന്നാണ് ഇത് അറിയപ്പെടുന്നത്. വിശദമായി പറഞ്ഞാല്‍ നമ്മള്‍ ഒരു സെല്‍ഫി അപ്ലോഡ് ചെയ്ത്, കിട്ടുന്ന ഔട്ട്പുട്ടുകളില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയോ, ചിത്രം കൂടുതല്‍ പെര്‍ഫെക്റ്റ് ആക്കാന്‍ വീണ്ടും പ്രോംപ്റ്റുകള്‍ നല്‍കുകയോ ചെയ്യുമ്പോള്‍ നാം ചെയ്യുന്നത് എ.ഐക്ക് നല്‍കുന്ന പരിശീലനമാണ്. മനുഷ്യരുടെ സൗന്ദര്യബോധവും മുന്‍ഗണനകളും (Human Preferences) തിരിച്ചറിയാന്‍ കോടിക്കണക്കിന് ഉപയോക്താക്കള്‍ യാതൊരു പ്രതിഫലവുമില്ലാതെ എ.ഐ എന്‍ജിനുകളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
ട്രെന്റിന് പിന്നാലെ പോകുമ്പോള്‍ മള്‍ട്ടി-മോഡല്‍ എ.ഐകള്‍ക്കുള്ള ഡാറ്റാ ക്ഷാമം പരിഹരിക്കലും നമ്മള്‍ ചെയ്യുന്നുണ്ട്. നിലവില്‍ ഉയര്‍ന്ന നിലവാരമുള്ള ഡാറ്റയുടെ കുറവ് അല്ലെങ്കില്‍ വരള്‍ച്ച വന്‍കിട എ.ഐ കമ്പനികള്‍ നേരിടുന്നുണ്ട്. നിലവിലെ ഡിജിറ്റല്‍ ഫോട്ടോകളിലേക്ക് അനലോഗ് ഫിലിം ഗ്രെയിന്‍, വിന്റേജ് ഫ്‌ലാഷ് ലൈറ്റിംഗ് തുടങ്ങിയ പഴയ വിഷ്വല്‍ ഘടകങ്ങള്‍ എങ്ങനെ സ്വാഭാവികമായി സംയോജിപ്പിക്കാം എന്ന് പഠിക്കാന്‍ നിയമപരമായ തടസ്സങ്ങളില്ലാത്ത, ഉപയോക്താക്കള്‍ സ്വയം നല്‍കുന്ന വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ എ.ഐക്ക് അത്യാവശ്യമാണ്.
ഇത്തരം ട്രെന്‍ഡുകളിലൂടെ ജനറേറ്റ് ചെയ്യപ്പെടുന്ന ദശലക്ഷക്കണക്കിന് ചിത്രങ്ങള്‍ ഭാവിയിലെ കമ്പ്യൂട്ടര്‍ വിഷന്‍ മോഡലുകള്‍ വികസിപ്പിക്കാനും ടെസ്റ്റ് ചെയ്യാനുമുള്ള സിന്തറ്റിക് ഡാറ്റാ കാറ്റലോഗുകളായി മാറുന്നുവെന്നും ഡോ. സുനില്‍ തോമസ് ചൂണ്ടിക്കാട്ടുന്നു. സ്റ്റോക്ക് ഇമേജുകളെ മാത്രം ആശ്രയിക്കാതെ വൈവിധ്യമാര്‍ന്ന മുഖഭാവങ്ങളും ചിത്രങ്ങളും സ്വന്തമാക്കാന്‍ കമ്പനികള്‍ക്ക് ഇത് വഴി സാധിക്കുന്നു.
ഒരു കാര്യം ഓര്‍ക്കണം. ഡിജിറ്റല്‍ ലോകത്ത് ഒരു ഉല്‍പ്പന്നമോ സേവനമോ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കില്‍, അവിടെ യഥാര്‍ത്ഥ ഉല്‍പ്പന്നം നമ്മളും നമ്മുടെ സ്വകാര്യ വിവരങ്ങളുമാണ്. ഒരു നിമിഷത്തെ കൗതുകത്തിനായി നമ്മുടെ ബയോമെട്രിക് ഡാറ്റയും മുഖരൂപവും പങ്കുവെക്കുമ്പോള്‍ ഉണ്ടാകാവുന്ന ഡിജിറ്റല്‍ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് നാം ജാഗരൂകരായിരിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ രംഗത്തെ വിദഗ്ധര്‍.
പുതിയ ട്രെന്‍ഡുകള്‍ വരുമ്പോള്‍ അതില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെങ്കിലും ചെറിയ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് എപ്പോഴും നല്ലതാണെന്ന മുന്നറിയിപ്പ് അവര്‍ നല്‍കുന്നു. നാം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളുടെ സ്വകാര്യത വളരെ പ്രധാനപ്പെട്ടതാണ്. വ്യക്തിഗത വിവരങ്ങള്‍, വിലാസങ്ങള്‍, മറ്റ് രേഖകള്‍ എന്നിവ അടങ്ങിയ ചിത്രങ്ങള്‍ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
നമ്മള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെയോ എ.ഐ പ്ലാറ്റ്ഫോമുകളുടെയോ സ്വകാര്യതാനയങ്ങള്‍ (Privacy Policies) എന്താണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. നമ്മുടെ ഡാറ്റ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനുള്ള സെറ്റിങ്‌സ് ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തനക്ഷമമാക്കാം. അതുപോലെ, മറ്റ് വ്യക്തികളുടെയോ കുട്ടികളുടെയോ ഫോട്ടോകള്‍ അവരുടെ സമ്മതമില്ലാതെ അപ്ലോഡ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഒരിക്കലും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നല്ല ഇത് അര്‍ത്ഥമാക്കുന്നത്, മറിച്ച് ആവശ്യമായ ‘ഡിജിറ്റല്‍ സാക്ഷരരാകുക’ എന്ന ഓര്‍മപ്പെടുത്തലാണ്. ഭാവിയില്‍ മറ്റുള്ളവര്‍ കാണാന്‍ ഇഷ്ടപ്പെടാത്തതോ സ്വകാര്യമായി സൂക്ഷിക്കേണ്ടതോ ആയ ചിത്രങ്ങള്‍ എ.ഐ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുമ്പോള്‍ ഒരല്‍പ്പം കൂടി ശ്രദ്ധപുലര്‍ത്തുക എന്ന മുന്നറിയിപ്പ് മാത്രമാണിത്. ട്രെന്‍ഡുകള്‍ക്കു പിന്നാലെ പോയ്‌ക്കോളൂ. പക്ഷേ നമ്മുടെ സുരക്ഷിതത്വവും ഉറപ്പാക്കണമെന്നു മാത്രം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



