10
Sep 2026
Wed
10 Sep 2026 Wed

വൈറലായ വീഡിയോയെ തുടർന്ന് കുടുംബത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാനെന്ന പേരിൽ 22കാരിയായ യുവതിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തൽ. കൊലപാതകം റോഡപകടമായി ചിത്രീകരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണത്തിൽ സത്യം പുറത്തുവരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന സോഫിയയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 12ന് രാത്രിയായിരുന്നു സംഭവം. പിതാവ് മുഹമ്മദ് ഫാറൂഖും 38കാരനായ സഹോദരൻ മുഹമ്മദ് ഹാബിലും ചേർന്ന് സോഫിയയെ മോട്ടോർസൈക്കിളിൽ യാത്രയ്ക്ക് കൊണ്ടുപോയി.
ഗെൽജിപുര ഗ്രാമത്തിന് സമീപത്തെ ആളൊഴിഞ്ഞ മൺപാതയിലേക്ക് വാഹനം തിരിച്ചശേഷം ഹാബിൽ സോഫിയയുടെ തലയ്ക്ക് ചുറ്റികകൊണ്ട് മൂന്ന് തവണ അടിച്ചതായാണ് പോലീസ് കണ്ടെത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് സോഫിയയുടെ മൃതദേഹം പ്രധാന റോഡിലേക്ക് കൊണ്ടുവന്ന് മോട്ടോർസൈക്കിളും തകർത്തു. അമിതവേഗത്തിലെത്തിയ വാഹനം പിന്നിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് തോന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം.

തുടർന്ന് ഹാബിൽ പോലീസിൽ പരാതി നൽകി. ഗെൽജിപുര ജംഗ്ഷന് സമീപം മറ്റൊരു വാഹനം പിന്നിൽ നിന്ന് ഇടിച്ചതിനെ തുടർന്ന് സോഫിയയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും തനിക്ക് ചെറിയ പരിക്കുകൾ മാത്രമാണ് സംഭവിച്ചതെന്നുമായിരുന്നു ഇയാളുടെ മൊഴി.
ഗുരുതരമായി പരിക്കേറ്റ സോഫിയയെ സോള സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരിച്ചു.
ഏകദേശം മൂന്ന് മാസം മുമ്പ് സോഫിയയുടെ ഒരു പുരുഷനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ തുടർന്ന് കുടുംബത്തിന് സാമൂഹിക അപമാനം ഉണ്ടാകുമെന്ന ആശങ്കയിൽ പിതാവും സഹോദരനും സോഫിയയോട് കടുത്ത വിരോധം പുലർത്തിയിരുന്നതായി പോലീസ് പറഞ്ഞു.

കൊലപാതകം ആസൂത്രണം ചെയ്താണ് ഇരുവരും സോഫിയയെ യാത്രയ്ക്ക് കൊണ്ടുപോയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. യാത്രയ്ക്കിടെ ഉപയോഗിക്കാനായി ഹാബിൽ ഇരുമ്പ് ചുറ്റിക വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക