10
Sep 2026
Wed
10 Sep 2026 Wed

നാഗ്പൂർ: ഗുട്കാ പാക്കറ്റുമായി പബ്ബിൽ പ്രവേശിക്കുന്നത് സുരക്ഷാ ജീവനക്കാരൻ തടഞ്ഞതിനെ തുടർന്ന് ‘അപമാനിതനായ’ യുവാവ് പബ്ബിന് തീയിട്ടു. നാഗ്പൂരിലെ ശിവാജി നഗറിലുള്ള ദ കഫേ ബാരൽ എന്ന പബ്ബിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാത്രി പബ്ബിൽ പ്രവേശിക്കാനെത്തിയ 31കാരനായ മോഹൻലാൽ തിവാരിയെ സുരക്ഷാ ജീവനക്കാരൻ ഗുട്കാ പാക്കറ്റ് കൈവശമുണ്ടായിരുന്നതിനാൽ തടഞ്ഞു. സുഹൃത്തുക്കളുടെ മുന്നിൽ വച്ച് തടഞ്ഞത് തിവാരിയെ അപമാനിതനാക്കുകയായിരുന്നു.

തുടർന്ന് മോഹൻ ലാൽ തിവാരി സുഹൃത്തും ഹോട്ടൽ ഷെഫുമായ 23കാരനായ ശുഭം വിശ്വകർമയുടെ സഹായം തേടി. ഡ്രൈവിന് പോകാമെന്ന് പറഞ്ഞ് സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോയ തിവാരി പിന്നീട് തന്റെ പദ്ധതി വെളിപ്പെടുത്തുകയായിരുന്നു.
ഇരുവരും പബ്ബിലെത്തിയ ശേഷം ഒരു ഭാഗത്ത് പെട്രോൾ ഒഴിച്ച് തീയിട്ടെന്നാണ് പോലീസ് കണ്ടെത്തിയത്. തുടർന്ന് ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പബ്ബിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു.
തീപിടിത്തത്തിൽ ഏകദേശം 9 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പബ്ബുടമ ഹരീഷ് ഗവായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതികൾ പെട്രോൾ ഒഴിച്ച് തീയിടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ മോഹൻലാൽ തിവാരിയെയും ശുഭം വിശ്വകർമയെയും അറസ്റ്റ് ചെയ്തതായി അംബസാരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജേഷ് ലോഹി അറിയിച്ചു.

വിദേശത്ത് ഷെഫായി ജോലി ചെയ്തിട്ടുള്ള തിവാരി, നിലവിൽ നാഗ്പൂരിലെ ജയപ്രകാശ് നഗറിൽ ‘സമോട്ട’ എന്ന പേരിൽ റസ്റ്റോറന്റ് നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക