ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ആത്മഹത്യാ ബോംബാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ യൂറിയ (Urea) ഉപയോഗിച്ചിരുന്നതായി ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎ (NIA) വെളിപ്പെടുത്തി. കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎ നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
|
സ്ഫോടനം നടത്തുന്നതിനായി ഉമര്‍ ഉന്‍ നബി എന്ന ഡോക്ടര്‍ മൂത്രത്തില്‍ നിന്നാണ് യൂറിയ വേര്‍തിരിച്ചെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഹരിയാനയിലെ നൂഹില്‍ (ചൗവ) താമസിച്ചിരുന്ന സമയത്ത് ഉമര്‍ നടത്തിയ നീക്കങ്ങള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, സ്ഫോടകവസ്തുക്കളുടെ നിര്‍മ്മാണം എന്നിവയെക്കുറിച്ചുള്ള സാക്ഷിമൊഴികളും ഫോറന്‍സിക് തെളിവുകളും എന്‍ഐഎ ശേഖരിച്ചു.
2025 നവംബര്‍ 10-ന് 11 പേരുടെ മരണത്തിനും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കിനും ഇടയാക്കിയ സ്ഫോടനത്തിന് തൊട്ടുമുമ്പ്, സ്ഫോടകവസ്തുക്കള്‍ നിറച്ച ഐ20 (i20) കാര്‍ ഉമര്‍ ആദ്യം നിര്‍ത്തിയിട്ടത് ‘ലാല്‍ മന്ദിര്‍’ എന്ന ജെയിന് ക്ഷേത്രത്തിന് സമീപമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള 11 ദിവസത്തോളം ഇയാള്‍ നൂഹിലെ ഒരു വാടകമുറിയിലാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചതെന്നും ദൃക്സാക്ഷി മൊഴികളിലുണ്ട്.
മൂത്രത്തില്‍ നിന്ന് ബോംബ് നിര്‍മ്മാണം
ഉമറിന്റെയും മറ്റൊരു പ്രതിയായ ഷഹീന് സഈദിന്റെയും പെന്‍ഡ്രൈവുകളില്‍ നിന്ന് കണ്ടെടുത്ത പിഡിഎഫുകളില്‍ യൂറിയ നൈട്രേറ്റ് ഉപയോഗിച്ച് സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കുന്ന രീതി പ്രതിപാദിച്ചിരുന്നതായി എന്‍ഐഎ പറയുന്നു. മൂത്രത്തില്‍ നിന്ന് യൂറിയ വേര്‍തിരിച്ചെടുക്കുന്ന ബദല്‍ മാര്‍ഗ്ഗങ്ങളും ഇതില്‍ ഉണ്ടായിരുന്നു.
ALSO READ: ചെങ്കോട്ടയ്ക്കും പ്രമുഖ ആരാധനാലയങ്ങള്‍ക്കും നേരെ ലഷ്കര്‍ ഭീകരാക്രമണ ഭീഷണി; ഡല്‍ഹിയില്‍ അതീവ ജാഗ്രത
ഉമറിന്റെ മുറിയില്‍ മൂത്രം നിറച്ച ഒരു പോളിബാഗ് കണ്ടതായും അവിടെ കടുത്ത ദുര്‍ഗന്ധം വമിച്ചിരുന്നതായും ഒരു സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. ദുര്‍ഗന്ധത്തെക്കുറിച്ച് ഇയാളുടെ സുഹൃത്തായ ശുഐബിനോട് പരാതിപ്പെട്ടിരുന്നതായും സാക്ഷി വെളിപ്പെടുത്തി.
നൂഹില്‍ താമസിക്കുന്നതിനിടെ നബി പുതിയ വസ്ത്രങ്ങള്‍ (ടി-ഷര്‍ട്ട്, വൈറ്റ് ഷര്‍ട്ട്, കാര്‍ഗോ പാന്റ്സ്) വാങ്ങാന്‍ പോയിരുന്നു. ഈ വസ്ത്രങ്ങള്‍ വാങ്ങി എന്നതും അന്വേഷണത്തില്‍ നിര്‍ണായക തെളിവായി മാറിയിട്ടുണ്ട്.
ലാല്‍ മന്ദിറായിരുന്നു ആദ്യ ലക്ഷ്യം?
ചാവേറിന്റെ യഥാര്‍ത്ഥ ലക്ഷ്യം ലാല്‍ മന്ദിറായിരുന്നുവെന്നും എന്നാല്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ കനത്ത ഗതാഗതക്കുരുക്ക് മൂലം അവസാന നിമിഷം പദ്ധതി മാറ്റുകയായിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി.
സ്ഫോടനത്തിന് പിന്നിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ എന്‍ഐഎ ഇയാളുടെ യാത്രാവഴികള്‍ മാപ്പ് ചെയ്തിരുന്നു. നവംബര്‍ 10-ന് വൈകുന്നേരം 6:37 ഓടെ സൊണാരി മസ്ജിദ് പാര്‍ക്കിംഗില്‍ നിന്ന് ഇറങ്ങിയ ഉമര്‍, കാറുമായി ലാല്‍ മന്ദിറിന് സമീപം പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചു.
എന്നാല്‍ കനത്ത ട്രാഫിക്കും പോലീസിന്റെ സാന്നിധ്യവും കാരണം ഇയാള്‍ യു-ടേണ്‍ എടുത്ത് ചെങ്കോട്ടയിലേക്ക് തിരിയുകയായിരുന്നു. മിനിറ്റുകള്‍ക്കകം, അതായത് വൈകുന്നേരം 6:50-ഓടെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നു.
സ്ഫോടനത്തിന് മുമ്പ്, 2023-നും 2025-നും ഇടയില്‍ ഉമര്‍ 12 തവണ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നതായി എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് ആറു മാസം മുമ്പ്, മേയ് 1-നാണ് ഇയാള്‍ അവസാനമായി ചെങ്കോട്ടയില്‍ എത്തിയത്. ഇത് വെറുമൊരു സന്ദര്‍ശനമായിരുന്നില്ലെന്നും സ്ഫോടനത്തിന് മുന്നോടിയായുള്ള നിരീക്ഷണമായിരുന്നുവെന്നും (Reconnaissance) ഏജന്‍സി വ്യക്തമാക്കുന്നു. ഇത്തരം സന്ദര്‍ശന വേളകളില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഒഴിവാക്കാനായി പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും എന്‍ഐഎ സംശയിക്കുന്നു.
Tags: Red Fort blast, NIA chargesheet, Umar Un Nabi, Delhi terror attack, Lal Mandir Jain Temple, Muwaffaq Nuh blast lab, Delhi news Malayalam, Crime news Kerala, Terror investigation India, Red Fort suicide attack, Indian anti terror agency, National Investigation Agency
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




