10
Sep 2026
Thu
10 Sep 2026 Thu
Kannur Kottiyoor House Raffle Scam Benny Thomas

കണ്ണൂര്‍: സ്വന്തം വീട് നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കൂപ്പണ്‍ വിറ്റ സംഭവത്തില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ബെന്നി തോമസിനെതിരെ ആരോപണവുമായി കൂപ്പണ്‍ വാങ്ങിയവര്‍. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കണ്ണൂര്‍ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അര്‍ബുദ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനുമായി പണം കണ്ടെത്തണമെന്നും പറഞ്ഞാണ് ബെന്നി തോമസ് കൂപ്പണ്‍ വില്‍പ്പന നടത്തിയത്. 1,500 രൂപ വിലയുള്ള കൂപ്പണുകളാണ് ലോട്ടറി ടിക്കറ്റ് മാതൃകയില്‍ വില്‍പ്പന നടത്തിയത്. ഇത്തരത്തില്‍ കൂപ്പണുകള്‍ വിറ്റ് ഏകദേശം മൂന്ന് കോടി രൂപ സമാഹരിച്ചതായാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്.

  • തട്ടിപ്പിന്റെ രീതി: 3,300 ചതുരശ്രയടി വീടും 26 സെന്റ് സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് 1,500 രൂപയുടെ കൂപ്പൺ വിൽപ്പന.

  • ആരോപണം: 10,000 കൂപ്പണുകൾ വിൽക്കുമെന്ന് പറഞ്ഞെങ്കിലും ഏകദേശം 3 കോടി രൂപയോളം സമാഹരിച്ചതായി ആക്ഷൻ കമ്മിറ്റി.

  • അറസ്റ്റ് വിവാദം: 2025 ഡിസംബർ 20-ന് നടക്കേണ്ട നറുക്കെടുപ്പിന് തൊട്ടുമുമ്പ് ലോട്ടറി വകുപ്പിന്റെ പരാതിയിൽ ബെന്നി തോമസ് അറസ്റ്റിലായി.

  • നിലവിലെ സ്ഥിതി: അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും വിദേശത്താണെന്നും അറിയിച്ചതോടെ നാട്ടുകാർ കണ്ണൂർ റൂറൽ എസ്.പിക്ക് പരാതി നൽകി.

വീടും 26 സെന്റ് ഭൂമിയും ഒന്നാം സമ്മാനം

2025 മാര്‍ച്ചിലാണ് ബെന്നി തോമസ് സമ്മാനപദ്ധതി പ്രഖ്യാപിച്ചതെന്നാണ് വിവരം. 3,300 ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്വന്തം വീടും 26 സെന്റ് സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചായിരുന്നു കൂപ്പണ്‍ വില്‍പ്പന. രണ്ടാം സമ്മാനമായി ഉപയോഗിച്ച ഥാര്‍ കാര്‍, മൂന്നാം സമ്മാനമായി യൂസ്ഡ് മാരുതി സെലേറിയോ കാര്‍, നാലാം സമ്മാനമായി പുതിയ എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നിവയും പ്രഖ്യാപിച്ചിരുന്നതായി കൂപ്പണ്‍ വാങ്ങിയവര്‍ പറയുന്നു.

ALSO READ:മുന്‍ മന്ത്രി റിയാസിനെതിരേ മൊഴി കൊടുത്തില്ലെങ്കില്‍ മകളെ വര്‍ഷങ്ങളോളം ജയിലില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി; ഇഡിക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

കൂപ്പണ്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വായ്പ തിരിച്ചടച്ച് ജപ്തി ഒഴിവാക്കുമെന്നും നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറുമെന്നും ആയിരുന്നു വാഗ്ദാനം. പതിനായിരം കൂപ്പണുകളാണ് വില്‍ക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും അതിലും കൂടുതല്‍ കൂപ്പണുകള്‍ വിറ്റതായും ഏകദേശം മൂന്ന് കോടി രൂപ സ്വന്തമാക്കിയതായും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു.

ആദ്യം 2025 മേയ് 25ന് നറുക്കെടുപ്പ് നടത്താനായിരുന്നു തീരുമാനമെങ്കിലും കൂപ്പണുകള്‍ പ്രതീക്ഷിച്ച രീതിയില്‍ വിറ്റുപോകാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പ് തീയതി ഡിസംബര്‍ 20ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ നറുക്കെടുപ്പ് നടക്കേണ്ടതിന് തൊട്ടുമുമ്പ് ബെന്നി തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ സമ്മാന നറുക്കെടുപ്പും മുടങ്ങി. ലോട്ടറി വകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ലോട്ടറി വകുപ്പ് നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് നടക്കാതിരുന്നതെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. എന്നാല്‍ പിന്നീട് സംഭവത്തില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന സംശയം ഉയര്‍ന്നതായും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
നറുക്കെടുപ്പിന്റെ തലേദിവസം തന്നെ അറസ്റ്റ് നടന്നതിലും കൂപ്പണ്‍ വാങ്ങിയവര്‍ സംശയം ഉന്നയിക്കുന്നുണ്ട്. അറസ്റ്റ് വെറും നാടമായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്.

നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ നിരവധി പേരുടെ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നുവെന്നാണ് അവരുടെ ആരോപണം.

അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് പറഞ്ഞതായി ആരോപണം

അറസ്റ്റിന് പിന്നാലെ തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് പണം നല്‍കിയവരോട് ബെന്നി തോമസ് പറഞ്ഞു. പിന്നീട് താന്‍ വിദേശത്താണെന്ന് അറിയിച്ചുകൊണ്ട് ബെന്നി സന്ദേശം അയച്ചതായും ഇവര്‍ പറയുന്നു.

സംഭവത്തില്‍ ബെന്നിക്ക് മാത്രമല്ല, മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്. നേരത്തെ തന്നെ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സംഭവം വാര്‍ത്തയായിരുന്നിട്ടും കേസെടുക്കാന്‍ മാസങ്ങള്‍ വൈകിയത് എന്തുകൊണ്ടാണെന്നും ഭാരവാഹികള്‍ ചോദിക്കുന്നു.

ടി.കെ. ഹാരിസ്, പ്രവീണ്‍ കൃഷ്ണന്‍, എ.ബി. ഷമിത്ത്, ടി. പ്രശോഭ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു.

പണം തിരികെ ലഭിക്കുക മാത്രമല്ല, സമാനമായ തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നിയമപരമായി മുന്നോട്ട് പോകുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. തുടരന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags: Kannur news, Kottiyoor house scam, Benny Thomas, Coupon fraud Kannur, House raffle scam, Kerala police news, Crime news Malayalam, Kannur Rural SP, Financial fraud Kerala, Illegal lottery scam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക