01
Oct 2026
Thu
01 Oct 2026 Thu
LPG Kerala

തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി (19 കിലോഗ്രാം) സിലിണ്ടറുകളുടെ വില പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വീണ്ടും വർധിപ്പിച്ചു. സിലിണ്ടറൊന്നിന് 62 രൂപ മുതൽ 65 രൂപ വരെയാണ് ഉയർത്തിയത്. പുതിയ നിരക്കുകൾ ഇന്ന് (ഒക്ടോബർ 1) മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതാണ് വിലവർധനവിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിലെ പ്രധാന നഗരങ്ങളിലെ പുതിയ വാണിജ്യ സിലിണ്ടർ നിരക്കുകൾ

  • കൊച്ചി: 2,828 രൂപ

  • കോഴിക്കോട്: 2,860.50 രൂപ

  • തിരുവനന്തപുരം: 2,849 രൂപ

രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വിലയും വിദേശ നാണയ വിനിമയ നിരക്കും വിലയിരുത്തി എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ വിതരണ കമ്പനികൾ എൽപിജി നിരക്കുകൾ പരിഷ്കരിക്കുന്നത്. പുതിയ വർധനവ് ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ, മറ്റ് ചെറുകിട കേറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവ നടത്തുന്നവർക്ക് വൻ തിരിച്ചടിയാകും. ഉത്സവ സീസണും ഓണത്തിനു ശേഷമുള്ള വ്യാപാര മേഖലയും സജീവമായി നിൽക്കുന്ന ഘട്ടത്തിലെ ഈ വിലവർധനവ് ഭക്ഷണ സാധനങ്ങളുടെ വില ഉയരാനും ഇടയാക്കും.

ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി വീട്ടാവശ്യത്തിനുള്ള ഗാർഹിക എൽപിജി സിലിണ്ടറുകളുടെ (14.2 കിലോഗ്രാം) വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിലവിലെ നിരക്കുകൾ തുടർന്നുപോരും.

  • തിരുവനന്തപുരം: 951 രൂപ

  • കൊച്ചി: 949 രൂപ

  • കോഴിക്കോട്: 950.50 രൂപ

എണ്ണക്കമ്പനികൾ നേരിടുന്നത് കടുത്ത നഷ്ടം

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് ശരാശരി 100 ഡോളർ നിരക്കിൽ തുടരുകയാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ നിൽക്കാൻ കാരണം.

ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (IOCL), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നിവ നിലവിൽ എൽപിജി വിൽപനയിലൂടെ സിലിണ്ടറൊന്നിന് ശരാശരി 300 രൂപ വീതം നഷ്ടം നേരിടുന്നുണ്ടെന്നാണ് റിപോർട്ടുകൾ. ഗാർഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ നിർത്തുന്നതിനാലാണ് ഈ നഷ്ടം സഹിച്ച് കമ്പനികൾ മുന്നോട്ട് പോകുന്നത്.

Tags: Commercial LPG Price Hike, LPG Cylinder Price Today Kerala, Domestic LPG Price Kerala, Commercial LPG Kochi Price, Hotel Industry Fuel Cost, Business News Malayalam, LPG Cylinder Price Increase October

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക