15 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 43കാരന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും ശിക്ഷ. ദാസ് ആന്റണി എന്നയാൾക്കാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം.
|
2025 മേയ് 24നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ കോഴികൾക്ക് തീറ്റ നൽകാൻ അരിയുമായി എത്തണമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കുട്ടി എത്തിയപ്പോൾ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
കുട്ടിയെ പ്രതി പീഡിപ്പിക്കുന്നതിനിടെ മറ്റൊരാൾ വീട്ടിലെത്തിയതോടെ കുട്ടിയെ മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതി പുറത്തേക്ക് ഇറങ്ങി. ഇതിനിടെ കുട്ടിയെ അന്വേഷിച്ച് മുത്തച്ഛൻ വീട്ടിലെത്തിയെങ്കിലും കുട്ടി നേരത്തെ പോയെന്നു പറഞ്ഞ് പ്രതി അദ്ദേഹത്തെ തിരിച്ചയച്ചു. തുടർന്ന് വീണ്ടും കുട്ടിയെ പീഡിപ്പിച്ചതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
സംഭവത്തിൽ ഭയന്ന കുട്ടി വിവരം പുറത്തുപറഞ്ഞില്ല. പിന്നീട് പ്രതിയുടെ വീട്ടിലേക്ക് വീണ്ടും സാധനങ്ങൾ എത്തിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ കുട്ടി പോകാൻ വിസമ്മതിച്ചു. വീട്ടുകാർ ശാസിച്ചതോടെയാണ് കുട്ടി സഹോദരിയോട് പീഡനവിവരം വെളിപ്പെടുത്തിയത്.
പ്രതി ബന്ധുവായതിനാൽ സംഭവം പൊലീസിൽ അറിയിക്കരുതെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മ അതിന് തയ്യാറായില്ല. തുടർന്ന് വലിയതുറ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി പി. എന്നിവർ ഹാജരായി. വലിയതുറ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ പ്രകാശ് ആർ., അരുൺ എസ്. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും മൂന്ന് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
ALSO READ: വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



