എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി നിയമിച്ചു. ഒക്ടോബർ 31ന് അദ്ദേഹം ചുമതലയേൽക്കും. 2028 ഡിസംബർ 31 വരെയാണ് കാലാവധി.
|
നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് ഒക്ടോബർ 31ന് വിരമിക്കുന്നതിനെ തുടർന്നാണ് ദീക്ഷിത് ചുമതലയേൽക്കുന്നത്.
1986 ഡിസംബർ 6നാണ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനയിലെ ഫൈറ്റർ സ്ട്രീമിൽ കമ്മീഷൻ ചെയ്തത്. നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിലെ പൂർവവിദ്യാർഥിയാണ് അദ്ദേഹം. 3,500 മണിക്കൂറിലേറെ പറക്കൽ പരിചയമുള്ള ദീക്ഷിത് മിറാഷ്-2000, വിവിധ മിഗ് വിമാനങ്ങൾ, ജാഗ്വാർ, ഹോക്ക്, തേജസ്, ഐഎൽ-78 തുടങ്ങിയ നിരവധി വിമാനങ്ങൾ പറത്തിയിട്ടുണ്ട്.
എക്സ്പെരിമെന്റൽ ടെസ്റ്റ് പൈലറ്റും ക്വാളിഫൈഡ് ഫ്ലയിങ് ഇൻസ്ട്രക്ടറുമായ ദീക്ഷിത് തദ്ദേശീയ യുദ്ധവിമാനമായ എൽസിഎ തേജസ് ഉൾപ്പെടെയുള്ള വിമാന പദ്ധതികളുടെ വികസനത്തിലും ഉൾപ്പെടുത്തലിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, കോപ് ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ വിവിധ സൈനിക പ്രവർത്തനങ്ങളിലും അഭ്യാസങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പ്രതിരോധ മേഖലയിലെ ആത്മനിർഭരതയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്ക് ദീക്ഷിത് തുടർന്നും പിന്തുണ നൽകുമെന്നാണ് റിപ്പോർട്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





