10
Oct 2026
Sat
10 Oct 2026 Sat
17 year old boy found dead inside girl friends house family alleges murder

കാമുകിയുടെ വീട്ടിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. കൊന്നു കെട്ടിത്തൂക്കിയതെന്ന് ആരോപിച്ചു നാട്ടുകാരും ആൺകുട്ടിയുടെ കുടുംബവും പെൺകുട്ടിയുടെ വീടാക്രമിച്ചു. സംഭവത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു അർജുൻ എന്ന വിദ്യാർഥിയെ പെൺകുട്ടിയുടെ വീട്ടിലെ ബോട്ടിക് കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിയാനയിലെ ഫരീദാബാദിലുള്ള മാവായിലെ ശിവശക്തി എൻക്ലേവിലാണ് സംഭവം. അർജുന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ, വീട്ടിൽ അതിക്രമിച്ചുകയറിയ വിദ്യാർഥി ജീവനൊടുക്കിയതാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ വാദം.

പെൺകുട്ടിയെ അർജുൻ നിരന്തരം പിന്തുടർന്നിരുന്നുവെന്നും ഇതുസംബന്ധിച്ച് സെപ്റ്റംബറിൽ അർജുന്റെ കുടുംബത്തോടും സ്കൂൾ അധികൃതരോടും പരാതിപ്പെട്ടിരുന്നുവെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് അർജുന്റെ വീട്ടുകാരെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്നും അവർ ക്ഷമാപണം നടത്തുകയും സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

വ്യാഴാഴ്ച പെൺകുട്ടിയും 70 വയസ്സുള്ള മുത്തശ്ശിയും നാലുവയസ്സുള്ള സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴി. ഈ സമയം ഇവിടെയെത്തിയ അർജുനോട് വീട്ടിൽനിന്ന് പോകാൻ ആവശ്യപ്പെട്ടെങ്കിലും വഴിയിലേക്ക് തുറക്കുന്ന മറ്റൊരു വാതിലിലൂടെ അകത്തുകയറി ബോട്ടിക് കടയ്ക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിൻറെ വാദം.
അർജുന്റെ മരണവാർത്ത അറിഞ്ഞതോടെ ബന്ധുക്കളും മറ്റുള്ളവരും വീടിന് മുന്നിൽ തടിച്ചുകൂടി. മരണം കൊലപാതകമാണെന്ന് ആരോപിച്ചെത്തിയ ജനക്കൂട്ടം വീടിന്റെ വാതിലുകളും ഗേറ്റുകളും തകർക്കുകയും വീട്ടുപകരണങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസുകാർക്കുനേരെയും ആക്രമണമുണ്ടായി. കല്ലേറിലും അക്രമത്തിലും രണ്ട് പൊലീസുകാർക്ക് പരിക്കേറ്റതിനെത്തുടർന്ന് കൂടുതൽ സേനയെ വിന്യസിച്ചു.

അർജുനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് അമ്മ പുഷ്പ ആരോപിച്ചു. മകനെ ഗോഡൗണിൽനിന്ന് വിളിച്ചുവരുത്തി തൂക്കിക്കൊന്നതാണെന്നും മൃതദേഹം കാണാൻ പോലും അനുവദിച്ചില്ലെന്നും അവർ പറഞ്ഞു. മകന് നീതി ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അർജുന്റെ പിതാവ് ഭൂഷൺ ചൗധരിയും കൊലപാതകമാണെന്ന് ആരോപിച്ചു. പെൺകുട്ടിയുടെ അമ്മയാണ് മകനെ വീട്ടിലേക്ക് വിളിച്ചതെന്നും ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഈ ആരോപണങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഖേരി പുൽ പൊലീസ് സ്റ്റേഷനിൽ അജ്ഞാതരായ ആളുകൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. കലാപം, നിയമവിരുദ്ധമായി സംഘംചേരൽ, പൊതുപ്രവർത്തകരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസുകാരെ ആക്രമിക്കൽ, കവർച്ച, അതിക്രമിച്ചുകയറൽ, കൊലപാതകശ്രമം, സ്വത്തുക്കൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്രമവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, അർജുന്റെ കുടുംബം ഉന്നയിച്ച കൊലപാതക ആരോപണവും അന്വേഷിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂക്കിമരിക്കുന്നതിന് മുമ്പ് അർജുൻ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചാൽ കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ALSO READ: ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ ജന്തർ മന്തറിലേക്ക് ദിവസവും മാർച്ച് നടത്തുമെന്ന് സിജെപി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക