10
Oct 2026
Sat
10 Oct 2026 Sat
will march everyday to Jandar Mantar until Gyanesh Kumar resign

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുകയോ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ ജന്തർ മന്തറിലേക്ക് ദിവസവും മാർച്ച് നടത്തുമെന്ന് സി.ജെ.പി വിവിധ വിദ്യാർഥി സംഘടനകളും പ്രഖ്യാപിച്ചു. വോട്ട് മോഷണം, ഭരണകക്ഷിയായ ബിജെപിയുമായുള്ള ഒത്തുകളി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ശനിയാഴ്ച ഡൽഹിയിൽ നടന്ന വ്യാപകമായ പൊലീസ് നടപടികളിൽ ആയിരക്കണക്കിന് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് സംഘടനകളുടെ നിലപാട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പ്രതിഷേധം തുടരുമെന്ന് സംഘടനകൾ അറിയിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ വിമാനം ഡൽഹിയിൽ ഇറങ്ങിയ ഉടൻ ദിപ്‌കെയെയും നേതാക്കളായ ആശുതോഷ് റങ്കയെയും സൗരവ് ദാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ലെന്നും നിരപരാധികളായ പ്രതിഷേധകരെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും സി.ജെ.പി ആരോപിച്ചു.

മഹാരാഷ്ട്രയിലെ സ്വന്തം നാട്ടിൽ ദിപ്‌കെയുടെ പിതൃമാതാവ് മരിച്ചതായും അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു. ദിപ്‌കെയോട് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും സി.ജെ.പി സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചു. എന്നാൽ, സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോകാമെന്ന് ദിപ്‌കെയെ അറിയിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞെങ്കിലും വൈകുന്നേരത്തോടെ അദ്ദേഹത്തെ വിട്ടയച്ചോ എന്നത് വ്യക്തമല്ലായിരുന്നു.

ദിപ്‌കെയുടെ അഭാവത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ ചുമതലപ്പെടുത്തിയ സി.ജെ.പി നേതാവ് അജിങ്ക്യ ഷിൻഡെ, ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ എല്ലാ ദിവസവും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു.

സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) ജനറൽ സെക്രട്ടറി സൃജൻ ഭട്ടാചാര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനമുന്നയിക്കുകയും രാജ്യവ്യാപകമായി വിദ്യാർഥി ഐക്യം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഞായറാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി പ്രതിഷേധങ്ങൾ നടക്കുമെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുന്ന ഇടങ്ങളെല്ലാം ജന്തർ മന്തറുകളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യവും തിങ്കളാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നേതാക്കൾ സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കണ്ട് നിവേദനം സമർപ്പിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു.

വെള്ളിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറിയ നിവേദനത്തിൽ ഇന്ത്യ സഖ്യം നാല് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഗ്യാനേഷ് കുമാറിന്റെ രാജിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും ആജീവനാന്ത നിയമപരിരക്ഷ നൽകുന്ന 2023-ലെ നിയമം പിൻവലിക്കലുമാണ് ഒന്നാമത്തെ ആവശ്യം.

വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്.ഐ.ആർ ഉടൻ നിർത്തിവയ്ക്കുക, പട്ടികയിൽനിന്ന് ഒഴിവാക്കിയ 13.3 കോടി വോട്ടർമാരെയും പുനഃസ്ഥാപിക്കുക, എല്ലാ തിരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പർ സംവിധാനം തിരിച്ചുകൊണ്ടുവരിക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. വോട്ട് മോഷണത്തിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ആരോപിക്കുന്ന കഴിഞ്ഞ രണ്ടുവർഷത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു.

ഡൽഹിയിൽ കനത്ത സുരക്ഷാ നടപടി

പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജന്തർ മന്തറിലേക്ക് ആളുകൾ എത്തുന്നത് തടയാൻ പൊലീസ് നടപടി സ്വീകരിച്ചതിനെത്തുടർന്ന് ശനിയാഴ്ച ഡൽഹിയിലുടനീളം 4,500-ലധികം പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവരടക്കം നാല് മുൻ മുഖ്യമന്ത്രിമാരും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു.

ഡൽഹി പൊലീസിന്റെയും കേന്ദ്ര അർധസൈനിക വിഭാഗങ്ങളുടെയും 25,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചു. 45 ഡൽഹി മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ അടച്ചതായും 250-ലധികം ട്രെയിനുകൾ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്. ജന്തർ മന്തറിന് ചുറ്റുമുള്ള നാല് കിലോമീറ്റർ പരിധിയിൽ ഇന്റർനെറ്റ് സേവനങ്ങളും തടഞ്ഞു. സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും ആദ്യം വിട്ടയയ്ക്കുമെന്നും ഞായറാഴ്ചയും സുരക്ഷാ വിന്യാസം തുടരുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പിന്നോട്ടില്ല; രാഹുൽ ഗാന്ധി

ചെന്നൈയിൽ വിദ്യാർഥികളുമായി സംവദിക്കുന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിലൂടെ പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ചു. നേതാക്കളെയും യുവാക്കളെയും എല്ലാവരെയും അറസ്റ്റ് ചെയ്താലും പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിഷേധം തുടരാൻ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്ത അദ്ദേഹം യുവാക്കളെക്കുറിച്ച് അഭിമാനിക്കുന്നതായും കുറിച്ചു.

കസ്റ്റഡിയിലാകുന്നതിന് മുമ്പ് അരവിന്ദ് കെജ്‌രിവാൾ, മോദി തടയുന്നിടത്തെല്ലാം പ്രതിഷേധക്കാർ ഇരുന്ന് ആ സ്ഥലങ്ങളെ ജന്തർ മന്തറുകളാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്തു. രാജ്യത്തെ സാഹചര്യം അടിയന്തരാവസ്ഥയെയും മറികടന്ന് ‘സൂപ്പർ എമർജൻസി’യിലെത്തിയെന്നാണ് മമത ബാനർജി പ്രതികരിച്ചത്.

അതേസമയം, ഗ്യാനേഷ് കുമാറിനെയും എസ്.ഐ.ആർ നടപടിയെയും ബിജെപി വക്താവ് രവിശങ്കർ പ്രസാദ് ന്യായീകരിച്ചു. രാജ്യത്തെ ജനാധിപത്യം അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുവെന്നും രാജ്യം ഭരിക്കേണ്ടത് പാർലമെന്റാണെന്നും തെരുവുകളല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുംബൈയിലും പ്രതിഷേധം

ഡൽഹിയിലെ നടപടിക്കെതിരെ മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി, നടൻ ഇമ്രാൻ ഖാൻ എന്നിവരടക്കം 200-ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങളും കസ്റ്റഡി നടപടികളും റിപ്പോർട്ട് ചെയ്തു.

ALSO READ: സിജെപി പ്രതിഷേധത്തിനെതിരായ പോലീസ് നടപടികളിൽ സുപ്രീംകോടതി ഞായറാഴ്ച പ്രത്യേക വാദം കേൾക്കും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക