12
Oct 2026
Mon
12 Oct 2026 Mon

ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു. രാജസ്ഥാനിലെ ഭരത്പൂരിൽ ആണ് സംഭവം.ഹരിയാന സ്വദേശിയായ അതർ സിങ് ഭദാനയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ പാറ പൊടിക്കൽ കേന്ദ്രം വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാത്രി ഭരത്പൂരിലെ ഭോണ്ടാ ഗ്രാമത്തിലായിരുന്നു സംഭവം. ഏറെക്കാലമായി പാറ പൊടിക്കൽ കേന്ദ്രവുമായി ബന്ധപ്പെട്ട് അതർ സിങ്ങും പ്രദേശവാസികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഒരു വർഷമായി അടഞ്ഞുകിടന്നിരുന്ന കേന്ദ്രം വീണ്ടും തുറക്കാനുള്ള നീക്കമാണ് സംഘർഷത്തിന് കാരണമായത്.

അതർ സിങ്ങിനെയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ഗഗൻ ശർമയെയും ജനക്കൂട്ടം വടിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതർ സിങ്ങിനെ ആദ്യം ജയ്പൂരിലെ സവായ് മാൻ സിങ് (എസ്എംഎസ്) ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.

പ്രദേശത്തെ പുൽമേട് കൈയേറി ഖനനം നടത്തുകയായിരുന്നുവെന്നാണ് അതർ സിങ്ങിനെതിരെ നാട്ടുകാർ ഉന്നയിക്കുന്ന ആരോപണം. കഴിഞ്ഞ 10–15 ദിവസമായി തങ്ങൾ സമാധാനപരമായി പ്രതിഷേധിച്ചുവരികയായിരുന്നുവെന്നും ഞായറാഴ്ച വൈകുന്നേരം നാൽപ്പതോളം പേരുമായി എത്തിയ അതർ സിങ് തങ്ങളെ ഒഴിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് നാട്ടുകാരുടെ വാദം.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ക്രമസമാധാനം ഉറപ്പാക്കാൻ വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ:ആർഎസ്എസ് നേതാവ് ഓം പ്രകാശ് മാത്തൂർ കേരള ഗവർണറാകും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക