14
Oct 2026
Wed
14 Oct 2026 Wed

മാധ്യമപ്രവർത്തകയുടെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ മാധ്യമപ്രവർത്തകയ്ക്കും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്കുമെതിരെ പരാതി നൽകി ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ വിവേക് ഭഗത്. ജാതിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ചാണ് അദ്ദേഹം പരാതി നൽകിയത്. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പരിഷ്കരണ നടപടിയായ എസ്ഐആറിനുമെതിരെ ഒക്ടോബർ മൂന്നിന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിനിടയിൽ എസിപി വിവേക് ഭഗത് ലൈംഗികാതിക്രമം നടത്തിയെന്നാണ് വനിതാ മാധ്യമപ്രവർത്തകയുടെ ആരോപണം.

പരാതിക്കാരിയായ മാധ്യമപ്രവർത്തകയും മറ്റുള്ളവരും പൊതുസ്ഥലത്ത് വെച്ച് തന്റെ ജാതിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് വിവേക് ഭഗത്തിന്റെ ആരോപണം. എസിപിയായി നിയമിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു പരാമർശങ്ങളെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

ഉച്ചകഴിഞ്ഞ് മൂന്നോടെ മാധ്യമപ്രവർത്തക തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചെന്നും സഹപ്രവർത്തകർക്കൊപ്പം പലതവണ ചോദ്യം ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ഭഗത് ആരോപിച്ചു. തുടർന്ന് അന്ന് വൈകുന്നേരം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടന്നതായും തന്നെ ലൈംഗിക വേട്ടക്കാരനെന്നും ബലാത്സംഗം നടത്താൻ സാധ്യതയുള്ളയാളെന്നും ചിത്രീകരിച്ചുവെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.

കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകനും വക്താക്കളുമായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക, രത്ന സിങ് എന്നിവരടക്കമുള്ളവരുടെ പേരുകളും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകയും ചില സിജെപി അംഗങ്ങളും എക്‌സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നും ഇത് മാനസിക വിഷമത്തിനും സൽപ്പേരിന് കളങ്കമുണ്ടാകുന്നതിനും കാരണമായെന്നും ഭഗത് ആരോപിച്ചു.

എസിപിക്കെതിരെ മാധ്യമപ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതി ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും അതിൽ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭഗത്തിന്റെ പരാതിയിൽ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിനും പൊതുപ്രവർത്തകന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾക്കും കീഴിലാണ് കേസെടുത്തിരിക്കുന്നത്.

### സ്ഥാനക്കയറ്റം താൽക്കാലികമായി തടഞ്ഞു

വനിതാ മാധ്യമപ്രവർത്തക ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഡാനിപ്സ് (DANIPS) കേഡറിലെ 12 ഉദ്യോഗസ്ഥർക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഡിസിപി) പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാനുള്ള നടപടിയിൽ വിവേക് ഭഗതും ഉൾപ്പെട്ടിരുന്നു. എന്നാൽ ആരോപണങ്ങൾ ഉയരുന്നതിന് മുമ്പുതന്നെ സ്ഥാനക്കയറ്റത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നുവെന്നാണ് ഡൽഹി സർക്കാർ വ്യക്തമാക്കിയത്.

വനിതാ മാധ്യമപ്രവർത്തകരെ ഉപദ്രവിച്ചെന്ന ആരോപണത്തിൽ പൂർണമായ അന്വേഷണം പൂർത്തിയാകുന്നതുവരെ നിലവിലെ താൽക്കാലിക ചുമതല ഏറ്റെടുക്കില്ലെന്ന് ഭഗത് സ്വമേധയാ അറിയിച്ചതായും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് സ്ഥാനക്കയറ്റം തടഞ്ഞുവെച്ചു.

ജൂണിൽ ജന്തർ മന്തറിലും കനോട്ട് പ്ലേസിലും നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയതോടെയാണ് വിവേക് ഭഗത് വാർത്തകളിൽ ഇടംപിടിച്ചത്. അന്ന് ആൾക്കൂട്ടം വളഞ്ഞ് ആക്രമിച്ചതായി ആരോപണമുയർന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മുതിർന്ന ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക