ന്യൂഡൽഹി: കർണാടകയിലെ ശ്രിംഗേരി നിയമസഭാ മണ്ഡലത്തിൽ 2023-ൽ നടന്ന വോട്ടെണ്ണലിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടെത്താനാകാത്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഇത്തരം ‘മുടന്തൻ ന്യായങ്ങൾ’ അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടത്തിയ സ്ഥാപനം തന്നെ അതിന്റെ രേഖകൾ നഷ്ടപ്പെട്ടുവെന്ന് പറയുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.
|
ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചത്. ആദ്യഘട്ട വോട്ടെണ്ണലിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് കമ്മീഷന്റെ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്നായിരുന്നു കോടതിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള എല്ലാ രേഖകളും അടുത്ത വാദം കേൾക്കുമ്പോൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കമ്മീഷനെതിരായ പ്രതികൂല നിഗമനത്തിലെത്തേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
‘തിരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെയാണ് രേഖകൾ നഷ്ടപ്പെട്ടുവെന്ന് പറയാൻ കഴിയുക? തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് നിങ്ങളുടെ പ്രധാന ചുമതല. അതിന് ആവശ്യമായ രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്. രേഖകൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പറയുന്നതിൽ എന്ത് അർഥമാണുള്ളത്?’ എന്ന് ബെഞ്ച് ചോദിച്ചു.
‘ഇത്തരം മുടന്തൻ ന്യായങ്ങൾ ഞങ്ങൾ അംഗീകരിക്കില്ല’ എന്നും കോടതി വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് ടി.ഡി. രാജെഗൗഡ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. 2023-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രിംഗേരി മണ്ഡലത്തിൽ രാജെഗൗഡയാണ് ആദ്യം വിജയിച്ചത്. എന്നാൽ ഈ ഫലത്തെ ബിജെപി സ്ഥാനാർഥി ജീവരാജ് കർണാടക ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.
തുടർന്ന് തപാൽ വോട്ടുകൾ വീണ്ടും എണ്ണാനും നിരസിക്കപ്പെട്ട 279 തപാൽ വോട്ടുകൾ പുനഃപരിശോധിക്കാനും ഹൈക്കോടതി നിർദേശിച്ചു. പുനഃഎണ്ണലിന് പിന്നാലെ റിട്ടേണിങ് ഓഫീസർ പുതുക്കിയ ഫലം പ്രഖ്യാപിക്കുകയും ജീവരാജിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെയാണ് രാജെഗൗഡ സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജെഗൗഡ എംഎൽഎയായി തുടരാൻ അനുവദിച്ച് സുപ്രീംകോടതി മേയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ റിപ്പോർട്ടും 2023-ലെ ആദ്യ വോട്ടെണ്ണലിന്റെയും ഈ വർഷം നടന്ന പുനഃഎണ്ണലിന്റെയും വിഡിയോ ദൃശ്യങ്ങളും ലഭ്യമാക്കണമെന്നാണ് രാജെഗൗഡയുടെ ആവശ്യം.
കേസ് 2027 ഫെബ്രുവരി 15-ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
ALSO READ: ഭർത്താവിനെ കൊന്ന് മൃതദേഹം സിമന്റ് നിറച്ച ഡ്രമ്മിലൊളിപ്പിച്ച ഭാര്യയ്ക്കും കാമുകനും വധശിക്ഷ
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




