കാസര്കോട്: ജില്ലയില് വലിയ രാഷ്ട്രീയ-സാമൂഹിക സംഘര്ഷങ്ങള്ക്കും ചര്ച്ചകള്ക്കും വഴിവെച്ച തളങ്കര നുസ്രത്ത് നഗര് സ്വദേശിയും എസ്.ഡി.പി.ഐ പ്രവര്ത്തകനുമായിരുന്ന സൈനുല് ആബിദീന് (24) വധക്കേസിലെ മുഴുവന് പ്രതികളെയും വെറുതെവിട്ടു. കാസര്കോട് ജില്ലാ അഡീഷണല് സെഷന്സ് കോടതി (മൂന്ന്) ജഡ്ജി അജിന്ത്യ രാജ് ഉണ്ണിയാണ് വിധി പ്രസ്താവിച്ചത്.
|
കേസില് ആരോപിക്കപ്പെട്ട കുറ്റങ്ങള് സംശയരഹിതമായി തെളിയിക്കാന് പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവന് പ്രതികളെയും കോടതി ഒഴിവാക്കിയത്.
കടയ്ക്കുള്ളില് വെച്ച് നടന്ന അതിക്രൂര കൊലപാതകം
2014 ഡിസംബര് 22-ന് രാത്രി ഒന്പതരയോടെയാണ് കേസിനാസ്പദമായ നടുക്കുന്ന സംഭവം നടക്കുന്നത്. കാസര്കോട് പഴയ ബസ് സ്റ്റാന്ഡിന് സമീപത്തെ എം.ജി. റോഡില് പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയില് ജോലി ചെയ്തുവരികയായിരുന്ന സൈനുല് ആബിദീനെ കടയ്ക്കുള്ളില് കയറി ആക്രമികള് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവുമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ കുറ്റപത്രം.
സൈനുല് ആബിദിന്റെ പിതാവ് കെ എ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങള് അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ സംഘം പിതാവിന്റെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കാസര്കോട്ടെ സ്വകാര്യ ആശുപത്രിയില് നിന്ന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം നില മോശമായതിനാല് മംഗലാപുരത്തേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റപത്രത്തില് പറയുന്നത്. നഗരമധ്യത്തില് ഉണ്ടായ ഈ ആക്രമണത്തില് ജില്ലയില് വലിയ പ്രതിഷേധം ഉയര്ന്നിരുന്നു.
21 പേര് പ്രതിപ്പട്ടികയില്; വിചാരണ പൂര്ത്തിയായത് വര്ഷങ്ങള്ക്ക് ശേഷം
സംഘപരിവാര പ്രവര്ത്തകരായ ഉദയന്, പ്രശാന്ത്, മഹേഷ്, അനി എന്ന അനില്കുമാര് ഉള്പ്പെടെ 21 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വിചാരണ നടപടികള് പുരോഗമിക്കുന്നതിനിടെ കേസിലെ എട്ടാം പ്രതിയായ ജ്യോതിഷിനെ മരണപ്പെട്ട നിലയില് കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മഹേഷ് കാപ്പ (KAPA) നിയമപ്രകാരം നിലവില് റിമാന്ഡില് കഴിയുകയാണ്.
കേസിന്റെ വിചാരണയ്ക്കിടയില് പ്രധാന സാക്ഷികള് മരിച്ചിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷിയും സൈനുല് ആബിദിന്റെ പിതാവുമായിരുന്ന മുഹമ്മദ് കുഞ്ഞി രണ്ട് വര്ഷം മുന്പ് കര്ണാടകയിലുണ്ടായ വാഹനാപകടത്തില് മരിച്ചു. ദൃക്സാക്ഷിയായ ഇദ്ദേഹത്തിൻ്റെ മരണം പ്രോസിക്യൂഷൻ കേസിനെ ബാധിച്ചു. മറ്റൊരു പ്രധാന സാക്ഷിയും സൈനുല് ആബിദിന്റെ സഹോദരനുമായ അബ്ദുല് റഷീദും അസുഖത്തെ തുടര്ന്ന് മരിച്ചു.
കാസര്കോട് എസ്.പി.യായിരുന്ന തോംസണ് ജോസിന്റെ നേരിട്ടുള്ള മേല്നോട്ടത്തില് അന്നത്തെ ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, സി.ഐ. പി.കെ. സുധാകരന്, എസ്.ഐ. എം. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണം പൂര്ത്തിയാക്കി സി.ഐ. പി.കെ. സുധാകരനാണ് കോടതിയില് കുറ്റപത്രം സമര്പ്പിച്ചിരുന്നത്. 10 വര്ഷത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് വിചാരണ നടപടികള് തുടങ്ങിയത്.
എന്നാല് സാക്ഷിമൊഴികളിലെ വൈരുധ്യവും ശക്തമായ ഭൗതിക-ശാസ്ത്രീയ തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് വര്ഷങ്ങള് നീണ്ട നിയമപോരാട്ടത്തിനൊടുവില് പ്രതികളെ മുഴുവന് കോടതി വെറുതെവിട്ടത്. വിധി പ്രോസിക്യൂഷന് അന്വേഷണസംഘത്തിന് വന് തിരിച്ചടിയായി മാറി.
മദ്റസ അധ്യാപകന് റിയാസ് മൗലവി അടക്കമുള്ള കൊലപാതക കേസുകളില് ആര്എസ്എസുകാരായ പ്രതികള് നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ടതിന് പിന്നാലെയാണ് സൈനുല് ആബിദ് വധക്കേസിലും സമാന തിരിച്ചടി ഉണ്ടായിരിക്കുന്നത്.
Tags: Zainul Abideen Murder Case Kasaragod, Kasaragod Court Murder Verdict, Zainul Abidin SDPI Murder Case, Kasaragod Crime News Malayalam, Local News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക


