റിയാദ്: യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങൾ തുടരുന്നതിനിടെ സൗദി അറേബ്യയുടെ പ്രധാന നിക്ഷേപ ഉച്ചകോടിയായ ‘ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്’ (FII) അടുത്ത വർഷത്തേക്ക് മാറ്റിവച്ചു. ‘ദാവോസ് ഇൻ ദ ഡെസേർട്ട്’ എന്നറിയപ്പെടുന്ന സമ്മേളനം ഒക്ടോബർ 26 മുതൽ 29 വരെ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
|
സമ്മേളനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് പരിപാടി മാറ്റിവെച്ച വിവരം വ്യക്തമാക്കിയത്. അടുത്ത വർഷത്തെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.
സമ്മേളനത്തിന്റെ പത്താം പതിപ്പായതിനാൽ പ്രതീക്ഷിക്കുന്ന നിലവാരത്തിലും വിപുലമായ രീതിയിലും പരിപാടി നടത്തണമെന്നാണ് തീരുമാനത്തിന് പിന്നിലെന്നാണ് FII ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മഹ ബിൻത് മിഷാരി അൽ സൗദ് അറിയിച്ചത്. പങ്കാളികൾക്കും അംഗങ്ങൾക്കും പ്രഭാഷകർക്കും പ്രതിനിധികൾക്കും മികച്ച അനുഭവം ഉറപ്പാക്കുന്നതിനാണ് നടപടിയെന്നും അവർ വ്യക്തമാക്കി.
ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യക്കെതിരെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെച്ചിരിക്കുന്നത്. ആഗോള നിക്ഷേപകരും വ്യവസായ പ്രമുഖരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന പ്രധാന അന്താരാഷ്ട്ര സാമ്പത്തിക വേദികളിലൊന്നാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



