20
Oct 2026
Tue
20 Oct 2026 Tue

തിരുവനന്തപുരം: കോവളത്ത് സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ. അനുരൂപ് അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡ്രീം എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു. സ്പായിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നിഷാന്തിനെ ബിനാമിയാക്കിയാണ് സ്ഥാപനം നടത്തിയിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

മൂന്ന് മാസം മുമ്പാണ് സ്പാ ആരംഭിച്ചതെന്നാണ് അനുരൂപ് മൊഴി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ നിഷാന്തുമായി അനുരൂപിന് ഏറെക്കാലമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സ്പായിൽനിന്നുള്ള വരുമാനം മുഴുവൻ അനുരൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിദിനം 25,000 രൂപ വരെ സ്ഥാപനത്തിൽനിന്ന് വരുമാനം ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, സ്പായുടെ വാടകക്കരാർ നിഷാന്തിന്റെ പേരിലാണ് തയ്യാറാക്കിയിരുന്നത്.

കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്ഥാപനത്തിന്റെ നടത്തിപ്പിൽ അനുരൂപിനുള്ള പങ്കും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക