ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാക്കളായ സൗരവ് ദാസിനെയും ആശുതോഷ് റാങ്കയെയും വിട്ടയക്കാൻ ഉത്തരവ്. ഡൽഹിയിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇരുവരെയും മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഇരുവരും സമർപ്പിച്ച ജാമ്യക്കാരുടെയും സമാധാന ബോണ്ടുകളുടെയും വ്യവസ്ഥകൾ അംഗീകരിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്.
|
പ്രതിഷേധത്തിനായി നിശ്ചയിച്ചിരുന്ന സ്ഥലമെന്ന പദവി എടുത്തുകളഞ്ഞതിനെതിരെ ഒക്ടോബർ 13നാണ് CJP വക്താക്കളായ സൗരവ് ദാസും ആശുതോഷ് റാങ്കയും ജന്തർ മന്തറിൽ പ്രതിഷേധിച്ചത്. അടച്ചിട്ടിരുന്ന ഗേറ്റുകൾ മറികടന്ന് അകത്തുകയറിയ ഇരുവരും ദേശീയപതാക ഉയർത്തുകയായിരുന്നു. ഒക്ടോബർ 10ന് കസ്റ്റഡിയിലെടുത്തപ്പോൾ ഒപ്പിട്ട സമാധാന ബോണ്ടിന്റെ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
ഒക്ടോബർ 14ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും ആദ്യം അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച കസ്റ്റഡി കാലാവധി രണ്ടു ദിവസം കൂടി നീട്ടി. ഇതിനെതിരെ CJP ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മോചനം വൈകിപ്പിക്കാൻ നടപടികൾ മനഃപൂർവം നീട്ടുകയാണെന്ന് പാർട്ടി ആരോപിച്ചിരുന്നു.
ബുധനാഴ്ച ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി സമാധാന ബോണ്ടിന്റെ ലംഘനമെന്ന വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചു. ബാരിക്കേഡുകൾ മറികടക്കുന്നത് കൂടുതൽ ആളുകളെ സമാനമായ നടപടികളിലേക്ക് നയിക്കാമെന്നും പ്രതിഷേധം അക്രമത്തിലേക്ക് മാറാനുള്ള സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ നടന്ന വാദത്തിനിടെ ഇരുവരെയും മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വിടണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം ഉത്തരവ് മാറ്റിവെച്ച മജിസ്ട്രേറ്റ് വൈകിട്ട് ആറുമണിക്കുശേഷം മോചന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
അഭിജീത് ദീപ്കെ സ്ഥാപിച്ച CJP നേരത്തെ ചോദ്യപേപ്പർ ചോർച്ചകൾക്കെതിരെയും പ്രതിഷേധിച്ചിരുന്നു. ഇപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പാർട്ടിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകളും കമ്മിഷന്റെ പ്രവർത്തനരീതിയും സംബന്ധിച്ച ആരോപണങ്ങളും പാർട്ടി ഉന്നയിക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





