കൊച്ചി: പോലീസിന്റെ സംരക്ഷണയില്‍ സ്റ്റേഷന്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന കോടികള്‍ വിലമതിക്കുന്ന രാസലഹരി (MDMA) സ്വന്തം ആവശ്യത്തിനായി തട്ടിയെടുത്ത സബ് ഇന്‍സ്‌പെക്ടര്‍ (SI) അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐയും തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ അനസ് എസ്. തൗഫീഖിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
|
സിറ്റി പോലീസ് കമ്മീഷണര്‍ പുതിയാപ്പില്‍ പുരുഷോത്തമന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 87 ഗ്രാം രാസലഹരി മോഷ്ടിച്ച സ്ഥാനത്ത്, അന്വേഷണത്തില്‍ കുടുങ്ങുമെന്നായപ്പോള്‍ രണ്ടര ഇരട്ടിയോളം (202 ഗ്രാം) രാസലഹരി സീലില്ലാത്ത കവറിലാക്കി തിരിച്ചേല്‍പ്പിച്ചതാണ് പോലീസിനെപ്പോലും ഞെട്ടിച്ചത്.
ലോക്കര്‍ തുറക്കാന്‍ പുതിയ താക്കോല്‍ അന്വേഷിച്ചു; കുരുക്കായത് സി.സി.ടി.വി
എളമക്കര പോലീസ് എടുത്ത ലഹരി കേസില്‍ പിടിച്ചെടുത്തതും കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നശിപ്പിക്കാനായി സെന്‍ട്രല്‍ സ്റ്റേഷന്‍ ഗോഡൗണിലെ/ലോക്കറിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചതുമായ എം.ഡി.എം.എയാണ് അനസ് കടത്തിയത്.
സീല്‍ ചെയ്ത 87 ഗ്രാമിന്റെ കവര്‍ കാണാനില്ലെന്ന് സ്റ്റേഷന്‍ അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍, ഒക്ടോബര്‍ 18-ന് എസ്.ഐ അനസ് ലോക്കര്‍ മുറിയില്‍ സംശയകരമായി പ്രവേശിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് അധികൃതര്‍ രഹസ്യമായി ലോക്കര്‍ റൂമിന്റെ താക്കോല്‍ മാറ്റി. താക്കോല്‍ കാണാതെ വന്നതോടെ പുതിയ താക്കോല്‍ അന്വേഷിച്ച് അനസ് എത്തിയതാണ് സംശയം ശക്തമാക്കിയത്.
തുടര്‍ന്ന് എസ്.എച്ച്.ഒ വിശദീകരണം ചോദിച്ചതോടെയാണ് താന്‍ കവറോടെ എം.ഡി.എം.എ എടുത്തുവെന്ന് സമ്മതിച്ച്, മോഷ്ടിച്ചതിലും ഇരട്ടിയിലധികം തുക വരുന്ന 202 ഗ്രാം എം.ഡി.എം.എ തിരികെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇത് കൃത്യമായ സീലില്ലാത്ത മറ്റൊരു കവറിലായിരുന്നു.
ലഹരി എവിടെ നിന്ന്? വ്യാജ വാദങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ശ്രമം
എസ്.എച്ച്.ഒയ്ക്ക് നല്‍കിയ പ്രാഥമിക വിശദീകരണത്തില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്. കട്ടത് 87 ഗ്രാം ആണന്നിരിക്കെ തിരിച്ചേല്‍പ്പിച്ച 202 ഗ്രാം ലഹരി എവിടെ നിന്ന് കിട്ടി? യഥാര്‍ത്ഥത്തില്‍ എടുത്ത 87 ഗ്രാം ലഹരി അനസ് പുറത്ത് ആര്‍ക്കെങ്കിലും വില്‍പ്പന നടത്തിയതാണോ? അതോ മറ്റാരെയെങ്കിലും വ്യാജ ലഹരി കേസില്‍ കുടുക്കാന്‍ കൊണ്ടുപോയതാണോ എന്ന കാര്യത്തില്‍ പോലീസ് തീവ്രമായ അന്വേഷണം നടത്തിവരികയാണ്.
പോലീസ് പിടിയിലായ വന്‍കിട ലഹരി മാഫിയകളില്‍ നിന്ന് അനസ് മുന്‍പും പണം വാങ്ങി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
‘ഓപ്പറേഷന്‍ തൂഫാന്‍’ ബോധവല്‍ക്കരണ നായകന്‍
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കൊച്ചി പോലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു അറസ്റ്റിലായ അനസ്. സ്‌കൂളുകളിലും കോളേജുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കുന്നതിലും ലഹരിക്കെതിരെയുള്ള പോസ്റ്റര്‍ പ്രചാരണങ്ങളിലും ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു.
സ്റ്റേഷനുള്ളിലെ സഹപ്രവര്‍ത്തകരില്‍ ആരുടെയെങ്കിലും സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊച്ചി ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണറുടെ (ACP) നേതൃത്വത്തില്‍ പത്തു ദിവസത്തിനകം കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷണറുടെ നിര്‍ദ്ദേശം.
Tags: Ernakulam Central Station MDMA Theft, SI Anas S Taufeeq Arrested, Operation Toofan Anti Drug Campaign SI, Kochi Police Station Evidence Theft, Kerala Crime News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



