ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് ആശ്വാസമായി ടിക്കറ്റ് ബുക്കിംഗിലും നിരക്കുകളിലും സുതാര്യത ഉറപ്പുവരുത്താൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിന്റെ ആകെ തുകയ്ക്കൊപ്പം ടിക്കറ്റ് റദ്ദാക്കിയാൽ ഈടാക്കുന്ന ചാർജ്, റീഫണ്ട് തുക തിരികെ ലഭിക്കുന്നതിനുള്ള നിബന്ധനകൾ എന്നിവ വെബ്സൈറ്റുകളിലും ടിക്കറ്റിലും വ്യക്തമായി നൽകണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം.
|
1937-ലെ പഴയ എയർക്രാഫ്റ്റ് റൂൾസിന് പകരം പാർലമെന്റ് പാസാക്കിയ ‘ഭാരതീയ വായുയാൻ അധീനിയം, 2024’ എന്ന നിയമത്തിന് കീഴിൽ രൂപീകരിച്ച ‘ഭാരതീയ വായുയാൻ നിയമം, 2026’ ലാണ് ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
റൂൾ 192: ടിക്കറ്റ് നിരക്ക് വെളിപ്പെടുത്തൽ അനിവാര്യം
പുതിയ വിമാനയാന നിയമത്തിലെ വകുപ്പ് 192 (Rule 192) പ്രകാരമാണ് ബുക്കിങ് വെബ്സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും യാത്രക്കാർക്ക് നൽകുന്ന ടിക്കറ്റുകളിലും നിരക്കിന്റെ പൂർണ്ണമായ വിവരങ്ങൾ രേഖപ്പെടുത്താൻ വിമാനക്കമ്പനികൾക്ക് നിർബന്ധമുള്ളത്.
-
വ്യക്തമായ ബ്രേക്ക്-അപ്പ്: ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് (Base Fare), കേന്ദ്ര-സംസ്ഥാന നികുതികൾ, എയർപോർട്ട് ഫീസുകൾ, മറ്റ് ചാർജുകൾ എന്നിവ വേർതിരിച്ച് നൽകണം.
-
റദ്ദാക്കൽ ചാർജ് upfront: ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കിയാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്നും, ഏതൊക്കെ വ്യവസ്ഥകൾക്ക് വിധേയമായാണ് റീഫണ്ട് ലഭിക്കുകയെന്നും സിസ്റ്റത്തിൽ കാണിക്കണം.
ഇന്ത്യയിൽ സർവീസ് നടത്തുന്ന ആഭ്യന്തര വിമാനക്കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും ഈ നിയമം ഒരേപോലെ ബാധകമാണ്.
പഴയ നിയമത്തിൽ നിന്നുള്ള വ്യത്യാസം
1937-ലെ പഴയ എയർക്രാഫ്റ്റ് റൂൾസിലും ടിക്കറ്റ് നിരക്കിന്റെ തുക, നികുതികൾ, അഡീഷണൽ ഫീസുകൾ എന്നിവ വെളിപ്പെടുത്താൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ‘ക്ലാരിറ്റി’ അല്ലെങ്കിൽ ഹിഡൻ റദ്ദാക്കൽ നിരക്കുകൾ വെളിപ്പെടുത്തേണ്ട വ്യവസ്ഥ പഴയ നിയമത്തിൽ ശക്തമായിരുന്നില്ല.
പുതിയ ചട്ടത്തിൽ റദ്ദാക്കൽ നിരക്കുകളും റീഫണ്ട് പോളിസികളും ടിക്കറ്റ് നിരക്കിനൊപ്പം പ്രത്യേകം രേഖപ്പെടുത്തുന്നത് വഴി വിമാനക്കമ്പനികളുടെ വഞ്ചനാപരമായ ഹിഡൻ നിരക്കുകളിൽ നിന്ന് യാത്രക്കാർക്ക് സുരക്ഷ ഉറപ്പാകും.
ഡി.ജി.സി.എയുടെ മേൽനോട്ടവും സർക്കാർ ഇടപെടലും
വിമാനക്കമ്പനികൾ തങ്ങളുടെ പ്രവർത്തനച്ചെലവും വിപണിയിലെ ഡിമാൻഡും പരിഗണിച്ച് സ്വതന്ത്രമായി ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന നിലവിലെ ‘ഡീറെഗുലേറ്റഡ്’ രീതി തുടരും. എന്നാൽ ടിക്കറ്റ് നിരക്ക് ഫോർമാറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില് ഏവിയേഷന്റെ (DGCA) മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കണം.
-
ഷെഡ്യൂൾഡ് വിമാനക്കമ്പനികൾ തങ്ങളുടെ നിരക്ക് ഘടന ഡി.ജി.സി.എക്ക് സമർപ്പിക്കേണ്ടതുണ്ട്. ഡി.ജി.സി.എ ഈ നിരക്കുകൾ നിരീക്ഷിക്കും.
-
സ്വാഭാവിക ദുരന്തങ്ങൾ, അടിയന്തിര സാഹചര്യങ്ങൾ, യുദ്ധ സമാനമായ സന്ദർഭങ്ങൾ എന്നിവയുണ്ടായാൽ ടിക്കറ്റ് നിരക്കിൽ ഇടപെടാനും നിയന്ത്രണം ഏർപ്പെടുത്താനും പൊതുതാൽപ്പര്യം മുൻനിർത്തി കേന്ദ്രസർക്കാരിന് അധികാരമുണ്ടായിരിക്കും.
2027 ജനുവരി 1 മുതൽ ഈ സുതാര്യമായ രീതി പ്രാബല്യത്തിൽ വരുന്നതോടെ വിമാനയാത്രക്കാർക്ക് അവസാന നിമിഷത്തിലെ അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ സാധിക്കും.
Tags: Bharatiya Vayuyan Niyam 2026, Flight Ticket Cancellation Charges Rules, DGCA Airfare Transparency Rules, New Aircraft Rules India 2027, Business News Malayalam, National News Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



