ഷാർജ: ഒമ്പത് നൂറ്റാണ്ടുകളുടെ ഒമാന്റെ വിജ്ഞാന-സാംസ്കാരിക ചരിത്രം തുറന്നുകാട്ടി അപൂർവ കൈയെഴുത്തുപ്രതികൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയമാകുന്നു. 45-ാമത് പുസ്തകമേളയിലെ അതിഥി രാഷ്ട്രമായ ഒമാന്റെ പവിലിയനിലാണ് ചരിത്രപ്രാധാന്യമുള്ള കൈയെഴുത്തുപ്രതികളുടെ പ്രദർശനം. മതപഠനം, ഖുർആൻ പാരായണശാസ്ത്രം, വൈദ്യശാസ്ത്രം, മനുഷ്യശരീരത്തിന്റെ ഘടന, സമുദ്രയാത്ര, വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള അമൂല്യ രേഖകളാണ് സന്ദർശകർക്ക് പരിചയപ്പെടുത്തുന്നത്.
|
1137-ൽ എഴുതപ്പെട്ട ‘മജ്മൂഅ് ഫിൽ സിയർ വൽ ജവാബാത്ത്’ എന്ന കൈയെഴുത്തുപ്രതിയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഒമാനിൽ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള കൈയെഴുത്തുപ്രതികളിൽ ഒന്നാണിത്. ഏഴ് ഖുർആൻ പാരായണ രീതികൾ രേഖപ്പെടുത്തിയ 1736-ലെ ഖുർആൻ പ്രതി, മനുഷ്യശരീരത്തിന്റെ ഘടന വിവരിക്കുന്ന വൈദ്യശാസ്ത്ര ഗ്രന്ഥം എന്നിവയും പ്രദർശനത്തിലുണ്ട്. ഒമാനി വൈദ്യനായ റാഷിദ് ബിൻ ഉമൈറയുടെ വൈദ്യശാസ്ത്ര സംഭാവനകളെ യുനെസ്കോ 2013-ൽ ആദരിച്ചിരുന്നു.
1911-ൽ രചിച്ച ‘മഅ്ദനുൽ അസ്റാർ ഫീ ഇൽമിൽ ബിഹാർ’ എന്ന സമുദ്രശാസ്ത്ര ഗ്രന്ഥത്തിൽ കപ്പൽയാത്രാ മാർഗങ്ങളും ദിശനിർണയ രീതികളും ചിത്രങ്ങൾ സഹിതം വിശദീകരിക്കുന്നു. യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് പട്ടികയിലും ഈ ഗ്രന്ഥം ഇടം നേടിയിട്ടുണ്ട്. 1875-ൽ സാൻസിബാർ സുൽത്താൻ ബർഗഷ് ബ്രിട്ടനിലേക്ക് നടത്തിയ യാത്രയുടെ വിവരണവും പ്രദർശനത്തിലുണ്ട്. ഒമാന്റെ സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യവും ലോകവുമായുള്ള ചരിത്രബന്ധങ്ങളും അടയാളപ്പെടുത്തുന്നതാണ് ഈ അപൂർവ ശേഖരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




